പള്ളിക്കര, പൂച്ചക്കാട്ടെ പ്രവാസി വ്യവസായി അബ്ദുല്‍ ഗഫൂര്‍ ഹാജി വധക്കേസില്‍ അഞ്ചു പ്രതികള്‍ക്കെതിരെ ഡിസിആര്‍ബി ഡിവൈ.എസ്.പി കെ.ജെ ജോണ്‍സണിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് ഹൊസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്)യിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 1758 പേജുകളാണ് കുറ്റപത്രത്തിനുള്ളത്. ഇതിനൊപ്പം 266 സാക്ഷി മൊഴികളും 1.46 ലക്ഷം ഡിജിറ്റല്‍ തെളിവുകളും ഹാജരാക്കി. അഞ്ച് വാഹനങ്ങള്‍, 137 പവന്‍ സ്വര്‍ണ്ണം എന്നിവയും അന്വേഷണ സംഘം ഹാജരാക്കി. ഒന്നു മുതല്‍ അഞ്ചു വരെ പ്രതികളായ മാങ്ങാട്, കൂളിക്കുന്നിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഉവൈസ് എന്ന ഉബൈസ് ഭാര്യ ജിന്നുമ്മ എന്ന ഷമീന, പൂച്ചക്കാട്ടെ അസരീഫ, മധൂര്‍ കൊല്യയിലെ ആയിഷ, പൂച്ചക്കാട് ബിസ്മില്ല റോഡിലെ പി.എസ് സൈഫുദ്ദീന്‍ എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. അറസ്റ്റിലായ ഇവരില്‍ ആയിഷക്കു മാത്രമാണ് ജാമ്യം ലഭിച്ചത്. മറ്റു രണ്ടു പ്രതികളായ ഉവൈസ്, ഷമ്മാസ് എന്നിവര്‍ ഗള്‍ഫിലാണ്. ഇവര്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. കുറ്റപത്രം സമര്‍പ്പിക്കുന്ന സമയത്ത് ഡിവൈ.എസ്.പി കെ.ജെ ജോണ്‍സനൊപ്പം എസ്.ഐ ദിവാകരന്‍, എ.എസ്.ഐ സുഭാഷ് തുടങ്ങിയവരും ഉണ്ടായിരുന്നു.
2023 ഏപ്രില്‍ 14ന് രാത്രിയിലാണ് അബ്ദുല്‍ ഗഫൂര്‍ ഹാജി കൊല്ലപ്പെട്ടത്. ഖബറടക്കം നടത്തിയ മൃതദേഹം മകന്റെ പരാതിയെ തുടര്‍ന്ന് പുറത്തെടുത്ത് പോസ്റ്റുമോര്‍ച്ചം നടത്തിയപ്പോഴാണ് കൊലപാതകമാണെന്നു വ്യക്തമായത്.
0 Comments