ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ്; എംസി കമറുദ്ദീനെയും ടികെ പൂക്കോയ തങ്ങളെയും ഇഡി അറസ്റ്റുചെയ്തു

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ്; എംസി കമറുദ്ദീനെയും ടികെ പൂക്കോയ തങ്ങളെയും ഇഡി അറസ്റ്റുചെയ്തു

 



കാഞ്ഞങ്ങാട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം മുന്‍ എംഎല്‍എയും മുസ്ലിംലീഗ് നേതാവുമായിരുന്ന എംസി കമറുദ്ദീനെയും മുസ്ലീംലീഗ് മുന്‍ പ്രവര്‍ത്തക സമിതിയംഗം ടികെ പൂക്കോയ തങ്ങളെയും ഇഡി അറസ്റ്റുചെയ്തു. ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി ഇടപാടുകാരുടെ പരാതിയെ ഇഡിയും അന്വേഷണം നടത്തിവരികയാണ്. ഇരുവരെയും രണ്ടുദിവസം മുമ്പ് കോഴിക്കോട്ടേയ്ക്ക് ചോദ്യം ചെയ്യാനായി ഇഡി വിളിച്ചുവരുത്തിയിരുന്നു. പിന്നാലെയാണ് അറസ്റ്റുചെയ്ത് റിമാന്റുചെയ്തത്. 130 കോടിയുടെ നിക്ഷേപം മൂന്ന് ജ്വല്ലറിയുടെ പേരില്‍ തട്ടിയെന്നാണ് കേസ്. ജ്വല്ലറി പ്രവര്‍ത്തിച്ചിരുന്ന നാല് ജില്ലകളായി 168 കേസുകളായിരുന്നു തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തത്. 800 ഓളം പരാതികളാണ് ഉണ്ടായിരുന്നത്. കേസില്‍ എംസി കമറുദ്ദീന്‍ 2020 നവംബറില്‍ അറസ്റ്റിലായിരുന്നു. രണ്ട് പരാതിയാണ് കമറുദ്ദീന് എതിരെയുണ്ടായത്. ഫാഷന്‍ ഗോള്‍ഡിന് പുറമെ ഖമര്‍ ഗോള്‍ഡ്, നുജൂം ഗോള്‍ഡ്, ഫാഷന്‍ ഗോള്‍ഡ് ഓര്‍ണമെന്റ്‌സ് എന്നീ കമ്പനികളുടെ കേസുകള്‍ വേറെയുണ്ട്. 800 ഓളം പേര്‍ നിക്ഷേപകരായി ഉണ്ടായിരുന്ന ഫാഷന്‍ ഗോള്‍ഡിന് ചെറുവത്തൂര്‍, പയ്യന്നൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലെ മൂന്ന് ബ്രാഞ്ചുകളും ജനുവരിയില്‍ അടച്ച് പൂട്ടിയിരുന്നു. എന്നാല്‍, നിക്ഷേപകര്‍ക്ക് പണം തിരിച്ച് നല്‍കിയില്ല. പണം തിരിച്ച് ലഭിക്കാത്ത സാഹചര്യം വന്നതോടെ നിക്ഷേപകര്‍ പരാതി നല്‍കുകയായിരുന്നു. പരാതിക്കാരിലെ ചിലരെയും ഇഡി ചോദ്യം ചെയ്തുവരികയാണ്. ഇവരില്‍ വന്‍തോതില്‍ നടത്തിയ നിക്ഷേപം സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇടപാടു നടത്തിയ ചില പ്രമുഖരും കേസില്‍ പ്രതിയാകുമെന്ന സൂചനയാണ് അന്വേഷണ സംഘത്തില്‍ നിന്ന് ലഭിക്കുന്നത്.

Post a Comment

0 Comments