കുവൈത്ത് സിറ്റി: നിയമലംഘകരെ പിടികൂടൽ, സുരക്ഷ ഉറപ്പാക്കൽ എന്നിവയുടെ ഭാഗമായി രാജ്യത്ത് ശക്തമായ സുരക്ഷ പരിശോധനകൾ തുടരുന്നു.കഴിഞ്ഞ ദിവസം ജലീബ് അൽ ശുയൂഖ് മേഖലയിൽ വ്യാപക പരിശോധനകൾ നടന്നു. ആക്ടിങ് പ്രധാനമന്ത്രി ശൈഖ് ഫഹദ് യൂസുഫ് സഊദ് അസ്സബാഹിന്റെ നേരിട്ടുള്ള നിർദേശ പ്രകാരം ക്രിമിനൽ സെക്യൂരിറ്റി വിഭാഗവും ഫർവാനിയ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്മെന്റും മറ്റു സർക്കാർ വകുപ്പുകളുമായി സഹകരിച്ചാണ് പരിശോധനകൾ നടത്തിയത്.
പരിശോധനകളിൽ 301 പേരെ അറസ്റ്റുചെയ്തു. 249 പേരെ നാടുകടത്തുകയും നിയമപരമായി പിടികിട്ടാനുള്ള 52 പേരെ പിടികൂടുകയും ചെയ്തു. പരിസ്ഥിതി അതോറിറ്റി 78 നിയമലംഘനങ്ങളും കുവൈത്ത് മുനിസിപ്പാലിറ്റി 495 നിയമലംഘനങ്ങളും ജനറൽ ഫയർഫോഴ്സ് 238 നിയമലംഘനങ്ങളും രേഖപ്പെടുത്തി.
നിയലംഘനം കണ്ടെത്തിയ 121 വൈദ്യുതി കേബിൾ കണക്ഷനുകൾ വിച്ഛേദിച്ചു. 130 വീടുകളിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തു. പബ്ലിക് അതോറിറ്റി ഫോർ മാൻപവർ 152 റെസിഡൻസ് പെർമിറ്റ് നിയമലംഘനങ്ങളും രേഖപ്പെടുത്തി. ജലീബ് അൽ ഷുയൂഖിലെ 30 സ്ഥലങ്ങളിൽ വെള്ളം കവിഞ്ഞൊഴുകുന്നത് പൊതുമരാമത്ത് മന്ത്രാലയം പരിഹരിച്ചതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
0 Comments