ഭാര്യ പിണങ്ങിപ്പോയി; ഭര്‍ത്താവ് കല്യാണബ്രോക്കറെ കുത്തിക്കൊന്നു

ഭാര്യ പിണങ്ങിപ്പോയി; ഭര്‍ത്താവ് കല്യാണബ്രോക്കറെ കുത്തിക്കൊന്നു



ഭാര്യ പിണങ്ങിപ്പോയതിന് ഭര്‍ത്താവ് കല്യാണ ബ്രോക്കറെ കുത്തിക്കൊന്നു. മംഗളൂരുവില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. മുസ്തഫ (30) എന്നയാളാണ് ഇവരുടെ വിവാഹത്തിന് ബ്രോക്കറായിരുന്ന സുലൈമാനെ (50) കുത്തിക്കൊലപ്പെടുത്തിയത്.

സുലൈമാന്റെ മക്കളായ റിയാബ്, സിയാബ് എന്നിവർക്കും മുസ്തഫയുടെ ആക്രമണത്തില്‍ പരിക്കേറ്റു. പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. മരിച്ച സുലൈമാന്‍ കല്യാണ ബ്രോക്കറായി പ്രവര്‍ത്തിച്ചു വരികയായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ഏകദേശം എട്ട് മാസം മുമ്പായിരുന്നു മുസ്തഫയുടെ വിവാഹം. എന്നാല്‍, ദാമ്പത്യജീവിതത്തില്‍ പൊരുത്തക്കേട് ഉണ്ടായതിനെ തുടര്‍ന്ന് രണ്ട് മാസം മുമ്പ് മുസ്തഫയുടെ ഭാര്യ സ്വന്തം വീട്ടിലേക്ക് മടങ്ങി. തുടര്‍ന്ന് മുസ്തഫയും സുലൈമാനും തമ്മിലുള്ള ബന്ധം മോശമായി.

വ്യാഴാഴ്ച രാത്രി മുസ്തഫ സുലൈമാനെ ഫോണില്‍ ബന്ധപ്പെടുകയും അധിക്ഷേപിച്ച് സംസാരിക്കുകയും ചെയ്തു. തുടര്‍ന്ന് സുലൈമാന്‍ തന്റെ മക്കളായ റിയാബിനും സിയാബിനുമൊപ്പം മുസ്തഫയുടെ വീട്ടില്‍ പോയി വിഷയത്തില്‍ ചര്‍ച്ച നടത്തി.

റിയാബും സിയാബും മുസ്തഫയുടെ വീടിന് പുറത്ത് കാത്തുനിന്നു. സുലൈമാന്‍ മുസ്തഫയുടെ വീട്ടിലേക്ക് കയറി. ഇരുവരും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് സുലൈമാന്‍ വീട്ടില്‍ നിന്ന് ഇറങ്ങി. ഈ സമയം മുസ്തഫ പുറകില്‍ നിന്ന് ഓടി വന്ന് സുലൈമാന്റെ കഴുത്തിന്റെ വലതുവശത്ത് കത്തിവെച്ച് കുത്തി. സംഭവസ്ഥലത്തുതന്നെ സുലൈമാന്‍ കുഴഞ്ഞുവീണു. ഇവരെ പിടിച്ചുമാറ്റാന്‍ നോക്കവെ റിയാബിനെയും സിയാബിനെയും മുസ്തഫ കത്തിവെച്ച് കുത്തി.

മൂന്നുപേരെയും നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് സുലൈമാന്‍ മരിച്ചു. റിയാബും സിയാബും ആശുപത്രിയില്‍ ചികിത്സയിലാണ്.

Post a Comment

0 Comments