മെഡിക്കൽ കോളേജുകളിലും മാഫിയകളോ ? ഡോക്ടർ തുറന്നുവിട്ട ‘ഭൂതം’ സർക്കാറിനെ വേട്ടയാടുന്നു

മെഡിക്കൽ കോളേജുകളിലും മാഫിയകളോ ? ഡോക്ടർ തുറന്നുവിട്ട ‘ഭൂതം’ സർക്കാറിനെ വേട്ടയാടുന്നു



ഡോ.ഹാരിസ് വളരെ സത്യസന്ധനായ ഒരു ഡോക്ടറാണ് എന്നാണ് ആരോഗ്യ മന്ത്രിയായ വീണാ ജോർജ് തന്നെ പറയുന്നത്. അങ്ങനെയാണെങ്കിൽ, ഹാരിസ് ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളിൽ നടപടിയും വൈകാൻ പാടില്ല. ഇക്കാര്യത്തിൽ വകുപ്പ് മന്ത്രി എന്ന നിലയിൽ മന്ത്രി വീണാ ജോർജിനും ഒഴിഞ്ഞുമാറാൻ കഴിയുകയില്ല.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയ ഉപകരണങ്ങളില്ലാതെ ഗുരുതര പ്രതിസന്ധി നേരിടുന്നുവെന്ന ഡോക്ടര്‍ ഹാരിസിൻ്റെ ഫെയ്‌സ്ബുക്ക് പോസ്റ്റും തുടർന്ന് അദ്ദേഹം നടത്തിയ വെളിപ്പെടുത്തലുകളും ഞെട്ടിക്കുന്നതാണ്. പാവപ്പെട്ട രോഗികള്‍ക്ക് മുന്നില്‍ നിസ്സഹായനായി നില്‍ക്കേണ്ടി വരുന്ന ഒരു ഡോക്ടറുടെ വികാരമാണ് ഹാരിസ് പ്രകടിപ്പിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ താന്‍ ജോലി രാജിവെയ്ക്കുന്ന കാര്യം ആലോചിക്കുന്നതായും യൂറോളജി വിഭാഗം മേധാവി കൂടിയായ ഹാരിസ് തുറന്നു പറഞ്ഞിരുന്നു. തനിക്ക് ചുറ്റും പരിമിതികൾ ഉണ്ടെന്നു പറഞ്ഞു കൊണ്ട് പിന്നീട് ഈ എഫ്.ബി പോസ്റ്റ് അദ്ദേഹം പിൻവലിച്ചെങ്കിലും വിവാദം കത്തിപ്പടരുകയാണുണ്ടായത്.
ഡോ ഹാരിസിൻ്റെ വെളിപ്പെടുത്തൽ രാഷ്ട്രീയ – കക്ഷി ഭേദമന്യേ കേരളീയ സമൂഹം മുഖവിലക്കെടുത്തു കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ, തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മാത്രമല്ല സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും വിപുലമായ പരിശോധനയും ഇനി അനിവാര്യമാണ്. അതിന് മുഖ്യമന്ത്രി തന്നെ നേരിട്ട് നിർദ്ദേശം നൽകുകയാണ് വേണ്ടത്.
ആരോഗ്യവകുപ്പിൽ നടക്കുന്ന കാര്യങ്ങൾ കൃത്യമായി വകുപ്പ് മന്ത്രി വീണാ ജോർജ് അറിയുന്നില്ലെങ്കിൽ ആ വകുപ്പിന് തന്നെ എന്തോ തകരാറുണ്ട് എന്നുതന്നെ കരുതേണ്ടി വരും. ഇതൊരു സിസ്റ്റമാണ്, ആ സിസ്റ്റം താഴെ തട്ടുമുതൽ ഫലപ്രദമായി പ്രവർത്തിക്കുന്നില്ലെങ്കിൽ മന്ത്രിയും മന്ത്രിയുടെ ഓഫീസും ഫലപ്രദമായി പ്രവർത്തിക്കുന്നില്ല എന്നാണ് മനസ്സിലാക്കേണ്ടത്. അതും ഇതിനകം വ്യക്തമായി കഴിഞ്ഞിട്ടുണ്ട്.
ഡോ ഹാരിസ് പറയുന്നത്, അദ്ദേഹം ഇത്തരം വെളിപ്പെടുത്തൽ ഇപ്പോൾ നടത്താൻ കാരണം തന്നെ മേലധികാരികളുടെ മുന്നിൽ പലവട്ടം പറഞ്ഞിട്ടും ഒരു നടപടിയും ഉണ്ടാകാതിരുന്നത് കൊണ്ടാണ് എന്നാണ്. അങ്ങനെയെങ്കിൽ, മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പിൽ ഉണ്ടാക്കിയ സിസ്റ്റം തന്നെ പാളിപ്പോയി എന്നാണർത്ഥം. അതുകൊണ്ടാണ് നടപടി വീണാ ജോർജിന് എതിരെയും വേണമെന്ന് പറയേണ്ടി വരുന്നത്.
വനംവകുപ്പ് കഴിഞ്ഞാൽ, സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ആരോപണം ഉയർന്ന മറ്റൊരുവകുപ്പാണ് ആരോഗ്യ വകുപ്പ്. സാധാരണക്കാരായ പാവപ്പെട്ട ജനങ്ങൾ ആശ്രയിക്കുന്ന സർക്കാർ ആശുപത്രികളിൽ നിന്നും ഉണ്ടാകുന്ന ഏതൊരു വിവാദവും ഇടതുപക്ഷ സർക്കാരിനെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളെയും വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിവിടുക. രാഷ്ട്രീയ എതിരാളികൾക്ക് സർക്കാരിനെ അടിക്കാൻ മറ്റൊരു വടിയാണിത്.
മെഡിക്കൽ കോളേജിലെ പ്രശ്നങ്ങളും ബുദ്ധിമുട്ടും എല്ലാം, ഡോക്ടർ ഹാരിസ് നേരിട്ട് തന്നെ പലവട്ടം മേലധികാരികളെയൊക്കെ അറിയിച്ചിട്ടും, ഒരു നടപടിയും ബന്ധപ്പെട്ടവർ സ്വീകരിച്ചിട്ടില്ല. റിപ്പോര്‍ട്ട് ചെയ്യേണ്ടവര്‍, അത് ചെയ്യാതിരുന്നതിൽ വീഴ്ചവരുത്തിയിട്ടുണ്ടോ എന്നുപോലും ഡോക്ടർ ഇപ്പോൾ സംശയിക്കുന്നുണ്ട്. ആരും നേരിട്ടെത്തി ഡിപ്പാര്‍ട്ട്‌മെന്റില്‍ അന്വേഷണം നടത്തുകയോ ഇക്കാര്യം തിരക്കി വിളിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറയുന്നുണ്ട്.
“രോഗികളോട് എപ്പോഴും കടപ്പാടുണ്ട്. അതുകൊണ്ട് തന്നെ ഭയപ്പെട്ടിട്ട് കാര്യവുമില്ല. ഇക്കാര്യങ്ങളൊന്നും ആരോഗ്യമന്ത്രി അറിയുന്നുണ്ടാവില്ലെന്നും, ആശുപത്രിയുടെ മേലധികാരികള്‍ മുകളിലേക്ക് അറിയിക്കുന്നതിലെ വീഴ്ചയാണ് പ്രശ്‌നമെന്നും ഡോ ഹാരിസ് വ്യക്തമാക്കിയിട്ടുണ്ട്.
മെഡിക്കല്‍ കോളേജിലെ എല്ലാ വകുപ്പുകളിലും പ്രശ്‌നങ്ങളുണ്ടെന്നും വാങ്ങുന്ന ഉപകരണങ്ങള്‍ തന്നെ ചിലത് ഉപയോഗിക്കാനാവാത്തതാണ് എന്നും ഹാരിസ് പറയുമ്പോൾ, ഉപകരണങ്ങൾ വാങ്ങുന്നതിൽ മാത്രമല്ല, വാങ്ങാതിരിക്കുന്നതിൽ പോലും, അഴിമതി നടന്നിട്ടുണ്ടോ എന്ന സംശയമാണ് ഉയരുന്നത്. അതുകൊണ്ട് വകപ്പു തല അന്വേഷണത്തിന് പുറമെ, വിജിലൻസ് അന്വേഷണവും നിലവിൽ അനിവാര്യമാണ്. ഇതോടൊപ്പം തന്നെ, ആശുപത്രിയുടെ മേലധികാരികള്‍ സ്വീകരിച്ച നടപടികളും ഓഡിറ്റ് ചെയ്യപ്പെടേണ്ടതുണ്ട്.
ആശുപത്രിയിലേക്ക് പല ഉപകരണങ്ങളും രോഗികള്‍ തന്നെ വാങ്ങിച്ചു തരുന്നുണ്ട് എന്ന് ഒരു ഡോക്ടർക്ക് പറയേണ്ടി വന്നത് തന്നെ ഗതികേടാണ്. ആര്‍ഐആര്‍എസ് എന്ന ഉപകരണം സര്‍ക്കാരിനോട് പലതവണ വാങ്ങിത്തരാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും, നടപടിയുണ്ടായില്ലെന്നും ഡോക്ടർ ഹാരിസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രോഗികള്‍ തന്നെ ഇത് വാങ്ങിച്ചുതരുന്നതുകൊണ്ട് മാത്രമാണ് സര്‍ജറി മുടങ്ങാതെ പോവുന്നതെന്നും, അതു തന്നെ, അപേക്ഷിച്ചും ഇരന്നുമാണ് വാങ്ങുന്നത് എന്നും അദ്ദേഹം വെളിപ്പെടുത്തുമ്പോൾ, തല കുനിക്കേണ്ടി വരുന്നത് ഇടതുപക്ഷ സർക്കാറാണ്.
പാവങ്ങൾ അധികാരത്തിൽ എത്തിച്ച ഇടതുപക്ഷ സർക്കാർ ഭരിക്കുമ്പോൾ, ഒരിക്കലും നടക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് ഇതെല്ലാം. ഒരു നിവൃത്തിയും ഇല്ലാത്തവരാണ് സർക്കാർ ആശുപത്രികളെ സമീപിക്കുന്നത്. അവരുടെ കീശയിലും കൈയിട്ടു വാരുന്ന അവസ്ഥയുണ്ടാകുന്നു എന്നു പറഞ്ഞാൽ, കേരളത്തെ എങ്ങോട്ടാണ് നിങ്ങൾ കൊണ്ടു പോകുന്നത് എന്നു തന്നെ, സർക്കാറിനോട് ചോദിക്കേണ്ടതായി വരും.
ഇതെല്ലാം കണ്ടു മടുത്തതുകൊണ്ടാണ്, കാര്യങ്ങൾ തുറന്ന് പറഞ്ഞ് അങ്ങനെയൊരു പോസ്റ്റിടേണ്ടി വരുന്നത് എന്നു പറഞ്ഞ ഡോക്ടർക്ക് നേരെ , ഇനി അച്ചടക്കത്തിൻ്റെ വാൾകൂടി ഓങ്ങിയാൽ, അത് വലിയ തിരിച്ചടിയാണ് സർക്കാറിന് ഉണ്ടാക്കുക എന്ന തിരിച്ചറിവും, വകുപ്പ് മന്ത്രി വീണാ ജോർജിന് ഉണ്ടാകണം.
കൊച്ചിയിലെ ഒരു കമ്പനിയില്‍ നിന്നാണ് ആര്‍ഐആര്‍എസ് വാങ്ങുന്നതെന്നും, അവര്‍ അയച്ചുതരുന്നത് പ്രകാരം രോഗികള്‍ അവരുടെ ഗൂഗിള്‍പേയിലേക്ക് പണമടക്കുകയോ, അല്ലെങ്കില്‍ അവരുടെ ഏജന്റ് വന്ന് പണം വാങ്ങുകയോ ആണ് ചെയ്യുന്നത് എന്നത് വ്യക്തമായ സ്ഥിതിക്ക്, ഈ സ്ഥാപനവുമായി ബന്ധപ്പെട്ട ഇടപാടുകൾ സംബന്ധിച്ചും അന്വേഷണം ഉണ്ടാവേണ്ടതുണ്ട്. കാരണം, മെഡിക്കൽ കോളേജിന് സ്വന്തമായി ഇത്തരം ഉപകരണങ്ങൾ വാങ്ങാതെ, സ്വകാര്യ കമ്പനിയെ സഹായിക്കാൻ, സാമ്പത്തിക താൽപ്പര്യം മുൻനിർത്തിയുള്ള ഇടപാടുകൾ ഉണ്ടായിട്ടുണ്ടോ എന്നതിനും തീർച്ചയായും വ്യക്തത വരേണ്ടതുണ്ട്.
ഉപകരണങ്ങള്‍ക്ക് പലയാളുകള്‍ പണം നല്‍കുന്നതും ഏജന്റുമാര്‍ വന്ന് പണം വാങ്ങുന്നതും, തങ്ങള്‍ ഡോക്ടര്‍മാരെ സംബന്ധിച്ച് വലിയ പ്രതിസന്ധിയാണെന്നും, ഒരു വിജിലന്‍സ് അന്വേഷണം വന്നാല്‍ ഇതൊക്കെ തങ്ങള്‍ക്ക് വലിയ പ്രതിസന്ധി വരുത്തുമെന്നും ഡോക്ടർ ചൂണ്ടിക്കാട്ടിയതും പ്രധാനപ്പെട്ട കാര്യമാണ്. കാരണം, അത്തരം സാഹചര്യങ്ങളിൽ, ഡോക്ടർ ഹാരിസ് ഭയപ്പെടുന്നത് പോലെ, തീർച്ചയായും ഡോക്ടർമാർ കൈക്കൂലി വാങ്ങിയതായി തന്നെയാണ് പ്രചരിപ്പിക്കപ്പെടുക. ഡോക്ടർമാരെ ബലിയാടാക്കി അണിയറയിൽ സാമ്പത്തിക നേട്ടം കൊയ്യുന്നവരെയാണ് യഥാർത്ഥത്തിൽ ആദ്യം പിടികൂടേണ്ടത്. അതിന് ഇപ്പോഴത്തെ വെളിപ്പെടുത്തൽ തന്നെ ധാരളമാണ്.
അടിയന്തര സ്വഭാവമുള്ള ഉപകരണങ്ങള്‍ അടിയന്തരമായിത്തന്നെയാണ് സർക്കാർ ആശുപത്രികളിൽ വാങ്ങി നൽകേണ്ടത്. അതല്ലാതെ, രോഗികളെയും ഡോക്ടർമാരെയും കഷ്ടപ്പെടുത്തുകയല്ല വേണ്ടത്. അങ്ങനെ ചെയ്താൽ, ഒപ്പമുള്ള ജനങ്ങൾ തന്നെ, ഇടതുപക്ഷത്തോട് അകലുമെന്നത് , വീണാ ജോർജ് മനസ്സിലാക്കിയാലും ഇല്ലെങ്കിലും, സി.പി.എം നേതൃത്വം മനസ്സിലാക്കുന്നത് നല്ലതാണ്.

Post a Comment

0 Comments