ജെനിന്‍: അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ സൈന്യത്തിന് നേരെ തുടരുന്ന ജൂതരുടെ പ്രതിഷേധം അക്രമാസക്തമായി. (Settlers torch West Bank security site) ജൂത തീവ്രവാദികള്‍ വെസ്റ്റ് ബാങ്കിലെ ബിന്യമിന്‍ റീജിയണല്‍ ബ്രിഗേഡ് സൈനിക കേന്ദ്രത്തിന് തീയിട്ടു.
‘ബറ്റാലിയന്‍ കമാന്‍ഡര്‍ വഞ്ചകനാണ്’ എന്നതുള്‍പ്പെടെയുള്ള പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാര്‍ സൈനിക കേന്ദ്രത്തിലേക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമിക്കുകയും കല്ലേറ് നടത്തുകയും ചെയ്തു. സൈനികര്‍ക്ക് നേരെ കളര്‍ സ്േ്രപ ഉപയോഗിച്ച അക്രമികള്‍ സൈനിക വാഹനങ്ങളുടെ ടയറുകള്‍ കുത്തിക്കീറുകയും ചെയ്തു.
ലഹളക്കാരെ പിരിച്ചുവിടാന്‍ സൈന്യം സ്റ്റണ്‍ ഗ്രനേഡുകള്‍ ഉപയോഗിച്ചു. കോടികള്‍ ചെലവഴിച്ച് നിര്‍മിച്ച സൈനിക കേന്ദ്രമാണ് അക്രമികള്‍ തീയിട്ട് നശിപ്പിച്ചത്. വെസ്റ്റ് ബാങ്കില്‍ പോരാളികളെ നേരിടുന്നതിന് സജ്ജീകരിച്ചതായിരുന്നു ഈ കേന്ദ്രം.
ബിന്യമിന്‍ റീജിയണല്‍ ബ്രിഗേഡ് കമാന്‍ഡര്‍ക്ക് നേരെ കഴിഞ്ഞ ദിവസം കുടിയേറ്റ ജൂതരുടെ ആക്രമണമുണ്ടായിരുന്നു.
നേരത്തെ, ഇസ്രായേല്‍ സൈന്യത്തിന്റെ വാഹനങ്ങള്‍ പ്രതിഷേധക്കാര്‍ തീവെച്ച് നശിപ്പിച്ചിരുന്നു. ഫലസ്തീനിയന്‍ ഗ്രാമമായ കഫര്‍ മാലികിലേക്ക് പൗരന്‍മാര്‍ പോകുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്ന് ഐ.ഡി.എഫ് പറയുന്നു.
ആള്‍ക്കൂട്ടത്തെ സമീപിച്ചപ്പോള്‍ സൈനികരെ ആക്രമിക്കുകയും സുരക്ഷാസേനയുടെ വാഹനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാനായി മൂന്ന് തവണ ആകാശത്തിലേക്ക് വെടിവെച്ചുവെന്ന് സൈന്യം അറിയിച്ചു. ഇതിനിടെ ഒരു ചെറുപ്പക്കാരന് വെടിയേറ്റുവെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. ഇതിനുത്തരവാദിയായ 7114ആം ബാറ്റാലിയന്‍ കമാന്‍ഡറെ പ്രോസിക്യൂട്ട് ചെയ്യണമെന്നാവശ്യപ്പെട്ടാണ് പുതിയ പ്രതിഷേധം.
വെസ്റ്റ്ബാങ്കില്‍ ഫലസ്തീന്‍ ഭൂമി കൈയേറി താമസിക്കുന്നവര്‍ ഫലസ്തീനികള്‍ക്കെതിരേ സ്ഥിരമായി അക്രമം നടത്താറുണ്ട്. എന്നാല്‍, ഇവര്‍ക്കെതിരേ യാതൊരു നടപടികളുമുണ്ടാവാറില്ല. അക്രമം അതിര് വിടുന്നത് അന്താരാഷ്ട്ര വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. തീവ്ര ജൂതവിഭാഗങ്ങള്‍ നടത്തുന്ന ഇത്തരം അക്രമങ്ങള്‍ നിയന്ത്രിക്കാന്‍ ശ്രമിച്ചതോടെയാണ് അവര്‍ സൈന്യത്തിനെതിരേയും തിരിഞ്ഞത്.
ഇസ്രായേല്‍സേനയെ ആക്രമിച്ച സംഭവത്തില്‍ വിശദമായ അന്വേഷണമുണ്ടാവുമെന്നും കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരുമെന്നും പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു പറഞ്ഞിരുന്നു. എന്നാല്‍, അക്രമങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
0 Comments