15കാരിയെ ശാരീരികമായി ഉപദ്രവിച്ചു; കാഞ്ഞങ്ങാട്ട് അധ്യാപകന്‍ പോക്‌സോ പ്രകാരം അറസ്റ്റില്‍

15കാരിയെ ശാരീരികമായി ഉപദ്രവിച്ചു; കാഞ്ഞങ്ങാട്ട് അധ്യാപകന്‍ പോക്‌സോ പ്രകാരം അറസ്റ്റില്‍



കാഞ്ഞങ്ങാട്: സ്റ്റാഫ് റൂമില്‍ മറ്റാരും ഇല്ലാത്ത സമയത്ത് 15കാരിയെ വിളിച്ചുവരുത്തി ശാരീരികമായി ഉപദ്രവിച്ചുവെന്ന പരാതിയില്‍ അധ്യാപകനെ പോക്‌സോ പ്രകാരം അറസ്റ്റു ചെയ്തു. കണ്ണൂര്‍, മട്ടന്നൂര്‍ സ്വദേശിയും ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു സ്‌കൂളിലെ അധ്യാപകനുമായ 51കാരന്‍ ആണ് അറസ്റ്റിലായത്. ഇയാളുടെ മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. പരാതിയെ ബലപ്പെടുത്തുന്ന പല കാര്യങ്ങളും മൊബൈല്‍ ഫോണില്‍ നിന്നും പൊലീസ് കണ്ടെത്തിയതായാണ് സൂചന. 2024 നവംബര്‍ മാസത്തില്‍ നടന്ന സംഭവം കൗണ്‍സിലിംഗിലാണ് പുറത്തായത്. വീഡിയോകള്‍ കാണിച്ച ശേഷമായിരുന്നു പെണ്‍കുട്ടിയെ ഉപദ്രവിച്ചതെന്നും സൂചനയുണ്ട്.

ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മറ്റൊരു സ്‌കൂളിലെ 13കാരിയുടെ പരാതി പ്രകാരവും പൊലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തു. പെണ്‍കുട്ടി താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിനു സമീപത്തെ ഒരാളുടെ പേരിലാണ് കേസെടുത്തത്. പ്രതി പെണ്‍കുട്ടിയുടെ പിതാവിന്റെ സുഹൃത്താണെന്നും പറയുന്നു. മറ്റൊരു സംഭവത്തില്‍ 41കാരനെതിരെ രാജപുരം പൊലീസ് കേസെടുത്തു. 15കാരനായ കുട്ടിക്കു നേരെ നഗ്നത പ്രദര്‍ശിപ്പിച്ചുവെന്ന പരാതിയിലാണ് കേസെടുത്ത് അറസ്റ്റു ചെയ്തത്.

Post a Comment

0 Comments