ബുധനാഴ്‌ച, സെപ്റ്റംബർ 24, 2025


കേരളത്തിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന എയിംസ് (ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്) എവിടെ വരണമെന്നതിനെ ചൊല്ലി ബി.ജെ.പിയില്‍ ഭിന്നത. ആലപ്പുഴ ജില്ലയില്‍ എയിംസ് കൊണ്ടുവരാന്‍ ശ്രമിക്കുകയാണെന്ന് പറഞ്ഞ സുരേഷ് ഗോപി എം.പിയെ തള്ളി കാസര്‍ഗോഡ് ബി.ജെ.പി നേതൃത്വം.

കാസര്‍ഗോഡാണ് എയിംസ് വരേണ്ടതെന്ന് ബി.ജെ.പി മേഖലാ പ്രസിഡന്റ് കെ ശ്രീകാന്ത് പറഞ്ഞു. എയിംസിന് യോഗ്യമായ ഇടം ആലപ്പുഴയല്ല. അങ്ങനെ ഒരു ചര്‍ച്ചയുടെ ആവശ്യമില്ലെന്നും ശ്രീകാന്ത് പറഞ്ഞു.


എയിംസ് കാസര്‍ഗോഡ് കൊണ്ടുവരണമെന്ന ആവശ്യമുന്നയിക്കുന്ന ബി.ജെ.പി നേതാക്കളില്‍ പ്രധാനിയാണ് കെ. ശ്രീകാന്ത്. മുമ്പും ഈ ആവശ്യമുന്നയിച്ച് ശ്രീകാന്ത് രംഗത്തെത്തിയിരുന്നു.


എയിംസ് സ്ഥാപിക്കാനുള്ള സാധ്യത പട്ടികയില്‍ കാസര്‍ഗോഡ് ജില്ലയെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് മുമ്പ് മുഖ്യമന്ത്രി പിണറായി വിജയനും ജില്ലാകളക്ടര്‍ക്കും നിവേദനം നല്‍കിയ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിലും ശ്രീകാന്തുണ്ടായിരുന്നു.

എയിംസ് കാസര്‍ഗോഡ് ജില്ലയില്‍ സ്ഥാപിക്കണമെന്ന ജനങ്ങളുടെ ആവശ്യം ന്യായമാണെന്നും എയിംസ് കാസര്‍ഗോഡില്‍ സ്ഥാപിക്കണമെന്ന് ആദ്യം ആവശ്യപ്പെട്ട രാഷ്ട്രീയ പാര്‍ട്ടിയാണ് ബി.ജെ.പിയെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ അഭിപ്രായപ്പെട്ടിരുന്നു. കാസര്‍ഗോഡ് ജില്ലാ നേതൃത്വവും എയിംസ് ജില്ലയില്‍ തന്നെ വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ്.

പാര്‍ട്ടിയുടെ സംസ്ഥാനത്ത് നിന്നുള്ള ഏക എം.പിയായ സുരേഷ് ഗോപിയുടെ ആലപ്പുഴയില്‍ എയിംസ് കൊണ്ടുവരുമെന്ന വെല്ലുവിളിക്കിടെയാണ് ബി.ജെ.പി നേതൃത്വത്തിലെ ഒരു വിഭാഗം ഇതിനെ തള്ളി രംഗത്തെത്തിയിരിക്കുന്നത്.


കഴിഞ്ഞദിവസവും സുരേഷ് ഗോപി ആലപ്പുഴയില്‍ എയിംസ് സ്ഥാപിക്കണമെന്ന ആവശ്യം ആവര്‍ത്തിച്ചിരുന്നു. വികസനത്തില്‍ ഏറെ പിന്നോക്കം നില്‍ക്കുന്ന ആലപ്പുഴ ജില്ലയെ മുന്നോട്ട് കൊണ്ടുവരാനാണ് ഈ നീക്കമെന്നും ആലപ്പുഴയ്ക്കാണ് ഏറ്റവും യോഗ്യതയെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.


രാഷ്ട്രീയ ലക്ഷ്യത്തോടെ ആരെങ്കിലും ഇതിനെ എതിര്‍ത്താല്‍ തൃശൂര്‍ എയിംസ് കൊണ്ടുവരും. ഇതിനായി പ്രധാനമന്ത്രിയോടും ആരോഗ്യമന്ത്രിയോടും സംസാരിക്കുമെന്നും തനിക്ക് അതിനുള്ള യോഗ്യതയും അവകാശവുമുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

രാജ്യത്ത് 22 എയിംസുകള്‍ അനുവദിച്ചിട്ടുണ്ടെങ്കിലും കേരളത്തിന് കേന്ദ്രം ഇതുവരെ എയിംസിന് അനുമതി നല്‍കിയിട്ടില്ല. കേരളത്തിന്റെ ആവശ്യം കേന്ദ്രത്തിന്റെ പരിഗണനയിലാണ്. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ സ്ഥലവും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ബജറ്റില്‍ കേരളത്തെ അവഗണിക്കുകയായിരുന്നു കേന്ദ്രസര്‍ക്കാര്‍.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ