പാക്കിസ്ഥാന്‍ ഗാസയില്‍ 20,000 സൈനികരെ വിന്യസിക്കും;പിന്നിൽ ഇസ്രായേലും അമേരിക്കയും

പാക്കിസ്ഥാന്‍ ഗാസയില്‍ 20,000 സൈനികരെ വിന്യസിക്കും;പിന്നിൽ ഇസ്രായേലും അമേരിക്കയും




ഗസയിലേക്ക് 20,000 സൈനികരെ ഇറക്കാന്‍ ഇസ്രായേലുമായി പാകിസ്താന്‍ ധാരണയിലെത്തിയതായി റിപ്പോര്‍ട്ട്. പാക് സൈനിക നേതൃത്വവും മൊസാദും തമ്മില്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടന്നു. സിഐഎ ആണ് ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുത്തതെന്നും സിഎന്‍എന്‍ റിപോര്‍ട്ടില്‍ പറയുന്നു. പാക് സൈനിക മേധാവി അസിം മുനീര്‍, മൊസാദിന്റെ ഉന്നതര്‍, സിഐഎ ഉന്നതര്‍ എന്നിവര്‍ ഈജിപ്തിലാണ് രഹസ്യയോഗം ചേര്‍ന്നത്.



എന്നാല്‍, ഈ സൈനികരുടെ യഥാര്‍ത്ഥ ലക്ഷ്യമെന്താണെന്നത് ദുരൂഹമാണ്. ഹമാസിന്റെ ഭാഗത്ത് നിന്നു കരാര്‍ ലംഘനമുണ്ടായാല്‍ ഗസയില്‍ സൈന്യമിറങ്ങുമെന്നും ഹമാസിനെ പൂര്‍ണമായും ഇല്ലാതാക്കുമെന്നും നേരത്തെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, അമേരിക്കന്‍ സൈന്യത്തെയാവില്ല ഇതിന് വേണ്ടി ഉപയോഗിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.



ഈ സാഹചര്യത്തിലാണ് പുതിയ റിപോര്‍ട്ടുകള്‍ വിലയിരുത്തപ്പെടുന്നത്. അങ്ങനെയെങ്കില്‍ പാകിസ്താന്റെ വിദേശനയത്തിലെ സുപ്രധാന മാറ്റമാകും ഇത്. ഇസ്രയേലിനെ ഇതുവരേക്കും ഔദ്യോഗികമായി അംഗീകരിക്കാത്ത പാകിസ്താന്‍ ഇസ്രായേലിനോട് എങ്ങനെ യോജിച്ച് പ്രവര്‍ത്തിക്കുമെന്നാണ് മുസ്ലിം രാജ്യങ്ങള്‍ ഉറ്റുനോക്കുന്നത്.


ഗസയുടെ പുനരുദ്ധാരണത്തിനും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമാണ് പാക് സൈന്യത്തെ ഉപയോഗിക്കുകയെന്നാണ് അവകാശവാദം. എന്നാല്‍, ഹമാസിനെ ഉന്‍മൂലനം ചെയ്ത് പ്രദേശത്ത് യുഎസിന്റെയും ഇസ്രയേലിന്റെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയാണ് യഥാര്‍ഥ ലക്ഷ്യമെന്ന് വിലയിരുത്തുന്നവരുമുണ്ട്.


ഇസ്രായേലിനും ഗസയ്ക്കുമിടയില്‍ ബഫര്‍ സോണിലാകും പാക് പട്ടാളത്തെ വിന്യസിക്കുകയെന്നാണ് സൂചന. പാക് സൈനികര്‍ക്കൊപ്പം ഇന്തൊനേഷ്യയില്‍ നിന്നും അസര്‍ബൈജാനില്‍ നിന്നുമുള്ള സൈനികരും ഉണ്ടാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു.



പാകിസ്താന്റെ ഈ നടപടിക്ക് പ്രതിഫലമായി ലോകബാങ്ക് വായ്പ, വായ് തിരിച്ചടവില്‍ സാവകാശം, മറ്റ് സാമ്പത്തിക സഹായങ്ങള്‍ എന്നിവയാണ് വാഷിങ്ടണും ടെല്‍അവീവും വാഗ്ദാനം ചെയ്യുന്നത്. പാക് പാസ്‌പോര്‍ട്ടില്‍ മുന്‍പ് ‘ഇസ്രയേലില്‍ സാധുവല്ല’ എന്ന് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ പുതിയതായി അച്ചടിക്കുന്ന പാസ്‌പോര്‍ട്ടുകളില്‍ ഈ വരി ഒഴിവാക്കിയിട്ടുണ്ട്.

Post a Comment

0 Comments