കാസര്‍കോട് ജില്ലാ പഞ്ചായത്ത് ബേക്കല്‍ ഡിവിഷനിലേയും പുത്തിഗെ ഡിവിഷനിലേയും റീ കൗണ്ടിംഗ് പൂര്‍ത്തിയായി. ബേക്കലില്‍ എല്‍ ഡി എഫിലെ ടി വി രാധിക 267 വോട്ടിനു വിജയിച്ചു. യു ഡി എഫിലെ ഷാഹിദ റഷീദിനെയാണ് രാധിക പരാജയപ്പെടുത്തിയത്. പുത്തിഗെയില്‍ യു ഡി എഫിലെ ജെ എസ് സോമശേഖര വിജയിച്ചു. വാശിയേറിയ പോരാട്ടമാണ് ബേക്കല്‍ ഡിവിഷനില്‍ നടന്നത്. ശനിയാഴ്ച നടന്ന വോട്ടെണ്ണലില്‍ രാധികയാണ് വിജയിച്ചിരുന്നത്. എന്നാല്‍ എണ്ണിയതില്‍ പിശകുണ്ടെന്നു കാണിച്ച് ഷാഹിദ നല്‍കിയ പരാതി അംഗീകരിച്ചുകൊണ്ടാണ് ജില്ലാ പഞ്ചായത്ത് വരണാധികാരിയായ ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ റീ കൗണ്ടിംഗിന് ഉത്തരവായത്. സോമശേഖരയുടെ വിജയത്തെ ചോദ്യം ചെയ്ത് ബി ജെ പി സ്ഥാനാര്‍ത്ഥി മണികണ്ഠന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പുത്തിഗെ ഡിവിഷനില്‍ റീ കൗണ്ടിംഗ് അനുവദിച്ചത്. എന്‍മകജെ പഞ്ചായത്തിലെ ഏഴുവാര്‍ഡുകളിലെ വോട്ട് വീണ്ടും എണ്ണണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരുന്നത്. 438 വോട്ടിനാണ് സോമശേഖരന്‍ വിജയിച്ചത്. റീ കൗണ്ടിംഗിലും രാധികയുടെ വിജയം സ്ഥിരീകരിച്ചതോടെ കാസര്‍കോട് ജില്ലാ പഞ്ചായത്ത് ഇടതു മുന്നണി ഭരിക്കും. ആകെയുള്ള 18 സീറ്റുകളില്‍ ഒന്‍പതു ഡിവിഷനുകളില്‍ വിജയിച്ചാണ് ഇടതു മുന്നണി തുടര്‍ ഭരണം ഉറപ്പാക്കിയത്. യു ഡി എഫിനു എട്ടും ബി ജെ പിക്കു ഒരു ഡിവിഷനുമാണ് ലഭിച്ചത്. കുറ്റിക്കോല്‍ ഡിവിഷനില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ സാബു എബ്രഹാം ആയിരിക്കും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടാവുക.

0 Comments