ശനിയാഴ്‌ച, ഡിസംബർ 20, 2025


വാളയാര്‍ അട്ടപ്പള്ളത്ത് ബംഗ്ലാദേശിയെന്നാരോപിച്ച് ഇതര സംസ്ഥാന തൊഴിലാളിയെ തല്ലിക്കൊന്ന പ്രതികള്‍ ബിജെപിക്കും ആര്‍എസ്എസിനും വേണ്ടി സ്ഥിരമായി ഗുണ്ടാപ്പണിയെടുക്കുന്നവര്‍. കേസില്‍ അട്ടപ്പള്ളം സ്വദേശികളായ അനു, പ്രസാദ്, മുരളി, അനന്ദന്‍, ബിപിന്‍ എന്നിവര്‍ റിമാന്‍ഡിലാണ്. ഇവര്‍ മറ്റ് നിരവധി കിമിനല്‍ കേസുകളില്‍ പ്രതികളാണ്.



ഇതില്‍ മുരളി, അനു എന്നിവര്‍ 15 വര്‍ഷം മുമ്പ് ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ വിനോദ്, സിഐടിയു ചുമട്ടുതൊഴിലാളിയായ സ്റ്റീഫന്‍ എന്നിവരെ വെട്ടിയ കേസിലെ പ്രതികളാണ്. സ്റ്റീഫനെ വെട്ടിയ കേസിന്റെ നടപടികള്‍ നിലവില്‍ ഹൈക്കോടതിയില്‍ നടന്നുവരികയാണ്.

ഇന്നലെ പ്രതികളെ കോടതിയില്‍ ഹാജരാക്കാന്‍ എത്തിയപ്പോള്‍ പാലക്കാട് എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈര്‍ വധക്കേസിലെ പ്രതി ആര്‍. ജിനീഷും എത്തിയിരുന്നു. ജിനീഷിന് കേസിലുള്ള പങ്ക് പോലീസ് അന്വേഷിച്ചുവരികയാണ്. അതേസമയം, കേസില്‍ കൂടുതല്‍ പേരുടെ അറസ്റ്റ് ഇന്ന് ഉണ്ടാകും. പൊലീസിന്റെ കസ്റ്റഡിയില്‍ ഉള്ള മറ്റുള്ളവരുടെ അറസ്റ്റായിരിക്കും ഇന്നുണ്ടാവുക.


ഛത്തീസ്ഗഢ് സ്വദേശിയായ രാംനാരായണ്‍ ഭയ്യ എന്ന 31കാരനെയാണ് മണിക്കൂറുകളോളം തടഞ്ഞുവച്ച് പ്രതികള്‍ മര്‍ദിച്ച് കൊലപ്പെടുത്തിയത്. കള്ളന്‍ എന്ന് ആരോപിച്ചാണ് പ്രതികള്‍ രാംനാരായണിനെ തടഞ്ഞുവച്ചത്. തുടര്‍ന്ന് ബംഗ്ലാദേശിയാണോ എന്ന് ചോദിച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

ആക്രമണത്തെ തുടര്‍ന്ന രക്തം വാര്‍ന്ന് ഒന്നര മണിക്കൂറോളം രാംനാരായണ്‍ ഭയ്യ റോഡില്‍ കിടന്നു. അവശനിലയിലായ യുവാവിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

കഞ്ചിക്കോട് കിംഫ്രയില്‍ ജോലി തേടിയാണ് രാംനാരായണ്‍ ഭയ്യ ഒരാഴ്ച മുമ്പ് പാലക്കാട് എത്തുന്നത്. പരിചയമില്ലാത്ത സ്ഥലം ആയതിനാല്‍ വഴിതെറ്റി വാളയാറിലെ അട്ടപ്പള്ളത്തെത്തി.


ചെറിയ മാനസിക പ്രശ്നങ്ങള്‍ രാംനാരായണിന് ഉണ്ടായിരുന്നു. അട്ടപ്പള്ളത്തെ തൊഴിലുറപ്പ് വനിതകള്‍ ആണ് രാംനാരായണിനെ ആദ്യം പ്രദേശത്ത് കാണുന്നത്. തുടര്‍ന്ന് സമീപത്തെ യുവാക്കളെ വിവരം അറിയിച്ചു. പിന്നീട് പ്രദേശവസികളായ ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് വിചാരണ ചെയ്ത് മര്‍ദിക്കുകയായിരുന്നു.


അതേസമയം, പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ രാംനാരായണിന്റെ മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ വന്നതിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.




ആര്‍എസ്എസ് ക്രിമിനലുകള്‍ നടപ്പാക്കിയ പച്ചയായ വര്‍ഗീയ കൊലപാതകം

പാലക്കാട്ടെ ആള്‍ക്കൂട്ട കൊലപാതകം ഉത്തര്‍പ്രദേശിനെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ ആര്‍എസ്എസ് ക്രിമിനലുകള്‍ നടപ്പിലാക്കിയ പച്ചയായ വര്‍ഗീയ കൊലപാതകമാണെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. സംഘപരിവാര്‍ പടച്ചുവിടുന്ന അപരവിദ്വേഷ രാഷ്ട്രീയത്തിന്റെ ഇരയായി റാം നാരായണ്‍ മാറിപ്പോയി എന്നത് മാത്രമാണ് ഇവിടെ സംഭവിച്ചതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.


പാലക്കാട് വാളയാര്‍ അട്ടപ്പള്ളത്ത് ഛത്തീസ്ഗഡ് സ്വദേശിയായ റാം നാരായണ്‍ എന്ന യുവാവിനെ തല്ലിക്കൊന്ന വാര്‍ത്ത കേവലം ഒരു ‘ആള്‍ക്കൂട്ട ആക്രമണമല്ല’. ഇത് ഉത്തര്‍പ്രദേശിനെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ ആര്‍എസ്എസ് ക്രിമിനലുകള്‍ നടപ്പിലാക്കിയ പച്ചയായ വര്‍ഗീയ കൊലപാതകമാണ്.


‘നീ ബംഗ്ലാദേശുകാരനാണോ?’ എന്ന് ചോദിച്ചായിരുന്നു ആ മര്‍ദനം. കേവലം സംശയത്തിന്റെ പേരിലല്ല, മറിച്ച് വിദ്വേഷം തലയ്ക്കുപിടിച്ച ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ഈ ക്രൂരതയ്ക്ക് പിന്നില്‍. സംഘപരിവാര്‍ പടച്ചുവിടുന്ന അപരവിദ്വേഷ രാഷ്ട്രീയത്തിന്റെ ഇരയായി റാം നാരായണ്‍ മാറിപ്പോയി എന്നത് മാത്രമാണ് ഇവിടെ സംഭവിച്ചത്.


ഈ കൊലയാളികളെ സംരക്ഷിക്കാനും നിയമത്തില്‍ നിന്ന് രക്ഷിക്കാനും ബിജെപി-ആര്‍എസ്എസ് സംസ്ഥാന-ജില്ലാ നേതാക്കള്‍ സജീവമായി രംഗത്തുണ്ട്. ഭരണകൂടം ഈ ഒത്തുകളി അനുവദിക്കരുതെന്നും സന്ദീപ് വാര്യര്‍ ആവശ്യപ്പെട്ടു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ