സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുകോയ തങ്ങള്‍ നയിക്കുന്ന സമസ്ത ശതാബ്ദി സന്ദേശ യാത്ര ബഹിഷ്‌കരിച്ച് പാണക്കാട് കുടുംബം. സമസ്ത യാത്രയുടെ പതാക കൈമാറ്റം നിശ്ചയിച്ചത് പാണക്കാട് നിന്നായിരുന്നു. എന്നാല്‍ ക്ഷണിച്ച ശേഷം സാദിഖലി തങ്ങളെ ഒഴിവാക്കിയതാണ് യാത്ര ബഹിഷ്‌കരിച്ചതിന് പിന്നിലെ കാരണം. ജിഫ്രി മുത്തുകോയ തങ്ങള്‍ നേരിട്ടാണ് സാദിഖലി തങ്ങളെ ക്ഷണിച്ചത്.
മുന്‍ നിശ്ചയിച്ച പരിപാടികള്‍ മാറ്റി സാദിഖലി തങ്ങള്‍ കാത്തിരുന്നു. എന്നാല്‍ പതാക കൈമാറ്റം സമസ്ത ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാരില്‍ നിന്നാക്കി മാറ്റുകയായിരുന്നു. പരിപാടി മാറ്റിയ വിവരം പാണക്കാട് തങ്ങളെ അറിയിച്ചതിന് പിന്നാലെയാണ് പാണക്കാട് കുടുംബം യാത്ര ബഹിഷ്‌കരിച്ചത്. പരിപാടിയുടെ ഉദ്ഘാടകനാകേണ്ടിയിരുന്ന മുസ്‌ലിം ലീഗ് ദേശീയാധ്യക്ഷന്‍ ഖാദര്‍ മൊയ്തീനും എത്തിയില്ല.
പാണക്കാട്ടെ തങ്ങള്‍മാര്‍ക്കെതിരെ പ്രത്യക്ഷമായും പരോക്ഷമായും വിമര്‍ശനമുന്നയിച്ച ഉമര്‍ ഫൈസി മുക്കത്തെ ജാഥയുടെ ഡയറക്ടറായി നിയമിച്ചതിലും ലീഗ് അനുകൂല വിഭാഗം എതിര്‍പ്പ് ഉന്നയിക്കുന്നുണ്ട്. സമസ്തയുടെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് യാത്ര സംഘടിപ്പിക്കുന്നത്. സമസ്തയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു യാത്ര സംഘടിപ്പിക്കുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ കാസര്‍കോട് നടക്കുന്ന നൂറാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായാണ് യാത്ര. ഈ മാസം 29ന് മംഗലാപുരത്ത് യാത്ര സമാപിക്കും.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ