കാഞ്ഞങ്ങാട് : റീ സർവേയിൽ കുറവ് വന്ന സ്ഥലം ഉൾപ്പെടുത്തി നൽകുന്നതിനു കൈക്കൂലി വാങ്ങുന്നതിനിടെ ഏജന്റ് വിജിലൻസ് പിടിയിൽ. ഉദുമ സ്വദേശി ഹാഷിമാണ് പിടിയിലായത്.
പെരിയ സ്വദേശിയുടെ സ്ഥലം റീ സർവേയിൽ 50 സെന്റോളം നഷ്ടമായിരുന്നു. ഇത് ശരിയാക്കാൻ അപേക്ഷ തയ്യാറാക്കാൻ പോയ സമയത്താണ് താലൂക്ക് ഓഫീസിന് സമീപം അപേക്ഷ പൂരിപ്പിച്ചു നൽകി വരുന്ന ഏജന്റ് അപേക്ഷ തയ്യാറാക്കുന്നതിനിടയിൽ 30000രൂപ നൽകിയാൽ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് പേപ്പറുകൾ ശരിയാക്കി നൽകാമെന്ന് അറിയിക്കുകയായിരുന്നു.
പരാതി മാത്രം നൽകിയിട്ടു കാര്യമില്ല എന്നും തുക നൽകിയാൽ മാത്രമെ കാര്യം നടക്കൂ എന്നും ഇതിനു മുൻപ് ഇത്തരത്തിൽ കേസുകൾ ശരിയാക്കി കൊടുത്തിരുന്നതായും ഏജൻ്റ് അറിയിച്ചിരുന്നു. ആദ്യം 5000 രൂപ ഗൂഗിൾ പേ വഴി സ്വീകരിക്കുകയും ചെയ്തു. ഇതേ തുടർന്നാണ് പരാതിക്കാരൻ കാസർകോട് വിജിലൻസിനെ സമീപിച്ചത്.ബാക്കി തുക കൈമാറുന്നതിനിടെയാണ് കാസർകോട് വിജിലൻസ് യൂണിറ്റ് ഡി വൈ എസ് പി ഉണ്ണികൃഷ്ണനും സംഘവും ഹോസ്ദുർഗ് താലൂക്ക് ഓഫീസ് കൊമ്പൗണ്ടിനകത്തു നിന്നും ഏജൻ്റിനെ പിടികൂടിയത്.
കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥർ ഏജന്റ്മാർ വഴി കൈക്കൂലി തുക സ്വീകരിക്കുന്നതായി വിജിലൻസിനു വിവരം ലഭിച്ചിരുന്നു. പല സർക്കാർ ഓഫീസുകളിലും സർക്കാർ സേവനങ്ങൾ നടത്തികൊടുക്കുന്നതിനായി ഏജന്റുമാർ വൻ തുകകൾ വാങ്ങി സർക്കാർ സംവിധാനം ആട്ടിമറിക്കുന്നതായും അവരുമായി പല ഉദ്യോഗസ്ഥരും ബന്ധം പുലർത്തുന്നതായും വിവരം ലഭിച്ചിട്ടുണ്ടെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ