ഇടതു സഹയാത്രികൻ റെജി ലൂക്കോസ് ബി.ജെ.പിയിൽ ചേർന്നതിന് തൊട്ടുപിന്നാലെ മുൻ ഇടത് എം.എൽ.എ. എസ്. രാജേന്ദ്രൻ ബി.ജെ.പിയിൽ ചേരുന്നതായി പ്രഖ്യാപനം. മൂന്നാറിൽ നടക്കുന്ന ചടങ്ങിൽ അദ്ദേഹം പാർട്ടിയിൽ ചേരും എന്ന് മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു. ബി.ജെ.പി. സംസ്ഥാനാധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തിയെന്നും രാജേന്ദ്രൻ. കഴിഞ്ഞ കുറച്ചു കാലമായി പാർട്ടിയുമായി ഇടഞ്ഞു നിൽക്കുന്ന രാജേന്ദ്രൻ, 2021ലെ അസംബ്ലി തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. സ്ഥാനാർഥി എ. രാജയെ തോൽപ്പിക്കാൻ ശ്രമം നടത്തിയെന്ന പേരിൽ സസ്‌പെൻഷൻ നടപടി നേരിട്ടിരുന്നു.
ദേവികുളം നിയോജകമണ്ഡലത്തിൽ നിന്ന് 2006, 2011, 2016 വർഷങ്ങളിൽ മൂന്ന് തവണ വിജയിച്ച മുൻ എംഎൽഎയെ ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തിരുന്നു. മൂന്നാറിലെ തമിഴ് വോട്ടർമാർക്കിടയിലെ ശക്തമായ സാന്നിധ്യമാണ് രാജേന്ദ്രൻ.
ബിജെപിയിലേക്ക് രാജേന്ദ്രൻ കൂറുമാറിയേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ, രണ്ടു വർഷം മുൻപ് ജില്ലാ നേതൃത്വം അംഗത്വ പുതുക്കൽ ഫോം അദ്ദേഹത്തിന് എത്തിച്ചു നൽകിയതായി പാർട്ടി വൃത്തങ്ങളിൽ നിന്നുള്ള റിപോർട്ടുണ്ട്. എന്നാൽ, അദ്ദേഹം അംഗത്വം പുതുക്കാൻ വിസമ്മതിച്ചു. അതിനു മുൻപായി,സിപിഎം ഇടുക്കി ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.വി. ശശി തന്റെ പാർട്ടിയിലേക്കുള്ള പുനഃപ്രവേശനത്തിന് തടസ്സമായി നിന്നതായി രാജേന്ദ്രൻ ആരോപിച്ചിരുന്നു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ