തിങ്കളാഴ്‌ച, ജനുവരി 12, 2026


കുമ്പള: കാസര്‍കോട്- മംഗ്‌ളൂരു ദേശീയപാതയിലെ കുമ്പള ടോള്‍പ്ലാസയിലെ ടോള്‍ പിരിവ് തടഞ്ഞ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. ടോള്‍ പിരിവ് ആരംഭിച്ചു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് എം എല്‍ എ ഉള്‍പ്പെടെ 60 പേരെ അറസ്റ്റു ചെയ്തു. എ കെ എം അഷ്‌റഫ് എം എല്‍ എ, ജില്ലാ പഞ്ചായത്തംഗം അസീസ് കളത്തൂര്‍ തുടങ്ങിയവരെയാണ് പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റു ചെയ്യുകയായിരുന്നു. അറസ്റ്റിനെ തുടര്‍ന്ന് അവശേഷിച്ചവര്‍ സ്വയം പിരിഞ്ഞ് പോയി. ടോള്‍ പിരിവ് സംബന്ധിച്ച് ദേശീയപാത അധികൃതരും ആക്ഷന്‍ ഭാരവാഹികളും രാവിലെ ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സമരക്കാര്‍ റോഡ് തടഞ്ഞത്. സമരം ശക്തമാക്കാന്‍ ആക്ഷന്‍ കമ്മിറ്റി തയ്യാറായതോടെ പൊലീസ് സമരക്കാരെ അറസ്റ്റു ചെയ്തു നീക്കാനും ശ്രമിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ മുതല്‍ കുമ്പളയില്‍ ടോള്‍ പിരിക്കാനായിരുന്നു നേരത്തെ തീരുമാനം. ഇതിനു ജീവനക്കാരെയും നിയോഗിച്ചിരുന്നു. ടോള്‍ പിരിക്കാനുള്ള തീരുമാനമറിഞ്ഞ് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളും എം എല്‍ എയും അടക്കം നൂറുകണക്കിനു പേര്‍ സ്ഥലത്തെത്തി. ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിരുന്നു. റോഡില്‍ ബാരിക്കേഡ് സ്ഥാപിച്ച് വാഹനങ്ങള്‍ കടത്തി വിടാനായിരുന്നു പൊലീസിന്റെ തീരുമാനം. എന്നാല്‍ വാഹനം കടത്തി വിടാനുള്ള ശ്രമം സമരക്കാര്‍ റോഡില്‍ കിടന്ന് തടഞ്ഞതോടെ സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയും ഗതാഗതം സ്തംഭിക്കുകയുമായിരുന്നു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ