കാഞ്ഞങ്ങാട് : അത്യുത്തര കേരളത്തിലെ പുരാതന ക്ഷേത്രങ്ങളിൽ ഒന്നായ ശ്രീ മടിയൻ കൂലോം പാട്ടു ഉത്സവ സന്നിധിയിൽ സാഹോദര്യ സന്ദേശവുമായി ജമാഅത്ത് ഭാരവാഹികൾ എത്തിയത് മത സാഹോദര്യത്തിന്റെയും മനുഷ്യ സ്നേഹത്തിന്റെയും ഉദാത്ത മഹിമ വിളിച്ചോതി. ചൊവ്വാഴ്ച വൈകിട്ട് വിവിധ ക്ഷേത്രങ്ങളിൽ നിന്നുള്ള തെയ്യ വരവിന് ശേഷമുള്ള ഇടവേളയിലാണ് അതിഞ്ഞാൽ ജുമാ മസ്ജിദ് ജമാഅത്ത് ഭാരവാഹികളും മാണിക്കോത്ത് ജുമാമസ്ജിദ് ജമാഅത്ത് ഭാരവാഹികളും ക്ഷേത്രത്തിൽ സൗഹൃദ സന്ദർശനം നടത്തിയത്. മഹാനായ ഉമർ സമർഖന്ദും ക്ഷേത്രപാലകനും തമ്മിലുള്ള 700 വർഷത്തിനപ്പുറമുള്ള സൗഹൃദ ബന്ധത്തിന്റെ സ്മരണ പുതുക്കിക്കൊണ്ട് അതിഞ്ഞാൽ ജമാഅത്ത് ഭാരവാഹികളും വിശ്വാസികളുമാണ് ആദ്യം ക്ഷേത്ര സന്നിധിയിൽ എത്തിയത്. തുടർന്ന് മാണിക്കോത്ത് ജുമാ മസ്ജിദ് ഭാരവാഹികളും തങ്ങളുടെ സൗഹൃദ സന്ദർശനത്തിൽ പങ്കാളികളായി. ക്ഷേത്ര സന്നിധിയിൽ എത്തിച്ചേർന്ന ഇരു ജമാഅത്ത് ഭാരവാഹികളെയും വിശ്വാസികളെയും ക്ഷേത്ര ഭാരവാഹികളും നവീകരണ കമ്മിറ്റി അംഗങ്ങളും മറ്റ് ഭക്തജനങ്ങളും ചേർന്ന് സ്വീകരിച്ചു. തുടർന്ന് ക്ഷേത്രത്തിൽ നടക്കുന്ന നവീകരണ പ്രവർത്തികളെ കുറിച്ചും പാട്ടുത്സവ ആഘോഷ കാര്യങ്ങളെക്കുറിച്ചും ഇരു സംഘങ്ങളും ചോദിച്ച് മനസ്സിലാക്കി. തുടർന്ന് സൽക്കാരാനന്തരംനടന്ന സൗഹൃദ സംഭാഷണത്തിൽ അതിഞ്ഞാൽ ജുമാ മസ്ജിദ് പ്രസിഡണ്ട് തെരുവത്ത് മൂസ ഹാജി, സെക്രട്ടറി അഷ്റഫ് ഹന്ന, ട്രഷറർ പാലക്കി മുഹമ്മദ് കുഞ്ഞി ഹാജി, ജനപ്രതിനിധികളായ പി. അബ്ദുൽ കരീം,ഖാലിദ് അറബിക്കാടത്ത്, ടി. മുഹമ്മദ് അസ്ലം, സി. എച്ച്.സുലൈമാൻ, കെ. കുഞ്ഞിമൊയ്തീൻ, കെ. കെ. ഇബ്രാഹിം, പി. എം. നാസർ, പി.എം. ഫൈസൽ മാണിക്കോത്ത് ജുമാ മസ്ജിദ് പ്രസിഡണ്ട് മുബാറക്ക് ഹസൈനാർ ഹാജി, സെക്രട്ടറി സൺലൈറ്റ് അബ്ദുൽ റഹ്മാൻ ഹാജി, മുല്ലക്കോയ തങ്ങൾ മാണിക്കോത്ത്, വി. വി.അബ്ദുൽ റഹ്മാൻ, എം.സി. അബ്ദുൽ ഖാദർ, ബി. അഷ്റഫ്, മടിയൻ കൂലോം നവീകരണ കമ്മിറ്റി ചെയർമാൻ കെ. വേണുഗോപാലൻ നമ്പ്യാർ, ട്രസ്റ്റി ബോർഡ് ചെയർമാൻ വി.എം. ജയദേവൻ, മടിയൻ കൂലോം എക്സിക്യൂട്ടീവ് ഓഫീസർ പി. വിജയൻ, ട്രസ്റ്റി ബോർഡ് മെമ്പർമാരായ വി. നാരായണൻ, ബേബി രാജ് വെള്ളിക്കോത്ത്, വികസന സമിതി പ്രസിഡണ്ട് ഭാസ്കരൻ കുതിരു മ്മൽ, സെക്രട്ടറി തോക്കാനം ഗോപാലൻ, വികസന സമിതി അംഗങ്ങളായ എം. നാരായണൻ, സി. വി. തമ്പാൻ, എം. നാരായണൻ, വി നാരായണൻ, എ. വി. തമ്പാൻ, എ. ദാമോദരൻ, പി. ബാബു, എ. കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. വരും നാളുകളിൽ പുതു തലമുറയ്ക്ക് സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശം പകർന്നു നൽകുന്നതിന് അവബോധം സൃഷ്ടിക്കാനുള്ള കൂട്ടായ പരിശ്രമത്തിന് നേതൃത്വം നൽകാൻ ഒന്നിച്ചുള്ള പ്രവർത്തനത്തിന് സജ്ജമാകാൻ സൗഹൃദ സംഭാഷണ യോഗത്തിൽ തീരുമാനമെടുത്തു. ഉറൂസുകളും ഉത്സവങ്ങളും ജന നന്മയ്ക്കായി പരസ്പര സാഹോദര്യത്തിന്റെയും നന്മയുടെയും പാരമ്പര്യത്തിന്റെയും പാത പിന്തുടരണമെന്നും അഭിപ്രായമുയർന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ