തെഹ്റാന്‍: യുദ്ധം ആരംഭിച്ച് അഞ്ച് ദിവസത്തിനിടെ 500 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടെന്ന് ഇറാന്‍. ഇറാന്‍ സുപ്രീം നാഷനല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ കോമാളിത്തരങ്ങളിൽ യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് വീണുപോയെന്നും ഇറാനുമായുള്ള അന്യായമായ ഒരു യുദ്ധത്തിലേക്ക് അദ്ദേഹം അമേരിക്കൻ ജനതയെ വലിച്ചിഴയ്ക്കുകയാണെന്നും എക്സിൽ പങ്കുവെച്ച പോസ്റ്റിൽ ലാരിജാനി വ്യക്തമാക്കുന്നു. "കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ മാത്രം 500ലധികം അമേരിക്കൻ സൈനികർ കൊല്ലപ്പെട്ട സാഹചര്യത്തിൽ അമേരിക്കയ്ക്കാണോ അതോ ഇസ്രായേലിനാണോ ഇപ്പോഴും മുൻഗണന നൽകേണ്ടതെന്ന് അദ്ദേഹം ഇനി കണക്കുകൂട്ടേണ്ടിയിരിക്കുന്നു'- ലാരിജാനി പറഞ്ഞു. കഥ ഇനിയും തുടരും, ആയത്തുല്ല അലി ഖാംനഈയുടെ രക്തസാക്ഷിത്വത്തിന് നിങ്ങൾ കനത്ത വില നൽകേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ആറ് യുഎസ് സൈനികർ മാത്രമാണ് കൊല്ലപ്പെട്ടതെന്നും ഇതിൽ നാല് പേർ കുവൈത്തിലാണെന്നുമാണ് പെന്റഗൺ അറിയിക്കുന്നത്.
നീണ്ട യുദ്ധത്തിന് ഇറാൻ തയ്യാറെടുത്തിരിക്കുകയാണെന്ന് തിങ്കളാഴ്ച നടത്തിയ പ്രസ്താവനയിൽ ലാരിജാനി പറഞ്ഞിരുന്നു. കഴിഞ്ഞ ശനിയാഴ്ച അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണത്തോടെയാണ് സംഘര്‍ഷം ആരംഭിക്കുന്നത്. ഈ ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് അലി ഖാംനഈയും ഉന്നത സൈനിക ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു. ഇറാനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ആയിരം കടന്നുവെന്നാണ് സര്‍ക്കാര്‍ അറിയിക്കുന്നത്. ഇതിൽ തെക്കൻ ഇറാനിയൻ നഗരമായ മിനാബിലെ 165 സ്കൂൾ കുട്ടികളും ഉൾപ്പെടുന്നു. ഈ സംഭവം വ്യാപകമായ രോഷത്തിന് കാരണമായിട്ടുണ്ട്.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ