തിങ്കളാഴ്‌ച, ഓഗസ്റ്റ് 03, 2026



പുല്ലൂര്‍-പെരിയ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ ഡെങ്കിപ്പനി പടരുന്നു. രണ്ടാം വാര്‍ഡായ ആയംപാറ സ്വദേശികളായ രണ്ടു സ്ത്രീകളെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെ ഈ സീസണില്‍ പുല്ലൂര്‍-പെരിയ പഞ്ചായത്തിലെ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം 18ആയി. ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് പെരിയ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ആരോഗ്യ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി.ഇന്ന് (തിങ്കള്‍) ആരോഗ്യ വകുപ്പ് യോഗം വിളിച്ചിട്ടുണ്ട്. ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ജനങ്ങള്‍ ജാഗ്രത കാണിച്ചാല്‍ മതിയെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. പനിയാണ് ഡെങ്കിപ്പനിയുടെ ആദ്യലക്ഷണം. പനി ബാധിച്ചാല്‍ ഉടന്‍ തന്നെ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടണമെന്ന് സീനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. കലശലായ ശരീരവേദന, സന്ധിവേദന, ഭക്ഷണത്തോടുള്ള വിരക്തി എന്നിവയാണ് മറ്റു ലക്ഷണങ്ങള്‍. ഇത്തരം ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നവര്‍ സ്വയം ചികിത്സക്ക് മുതിരാതെ ആശുപത്രിയിലെത്തണമെന്നും അധികൃതര്‍ അറിയിച്ചു. പകല്‍ നേരങ്ങളില്‍ കടിക്കുന്ന ഈഡിസ് കൊതുകുകളാണ് രോഗം പരത്തുന്നത്. കെട്ടിക്കിടക്കുന്ന മലിനജലത്തിലാണ് ഇവ മുട്ടയിട്ട് പെരുകുന്നത്. റബ്ബര്‍ തോട്ടങ്ങളില്‍ ഉപയോഗിക്കുന്ന ചിരട്ടകളില്‍ വെള്ളം കെട്ടിനില്‍ക്കുന്നില്ലെന്ന് ഉറപ്പാക്കണം. കവുങ്ങിന്‍ തോട്ടങ്ങളിലെ പാളകള്‍ നീക്കം ചെയ്യണം. മലിന ജലം കെട്ടിനില്‍ക്കുന്ന സാഹചര്യം പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ