വ്യാഴാഴ്‌ച, ഓഗസ്റ്റ് 13, 2026


തിരുവനന്തപുരം: അപകടകരമായി മെർക്കുറിസാന്നിധ്യം കണ്ടെത്തിയതിനാൽ ഒട്ടേറെ രാജ്യങ്ങളിൽ നടപടി നേരിടുന്ന പാകിസ്താൻ നിർമിത ബ്യൂട്ടി ക്രീമുകളായ ഫൈസ, ഗോറി എന്നിവ ‌കേരളത്തിൽ വിൽക്കുന്നത് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കുന്നു. സംസ്ഥാന ഡ്രഗ് കൺട്രോൾ വിഭാഗത്തിന്റെ പരിശോധനയിൽ ഈ ക്രീമുകൾ കുടുങ്ങിയതോടെയാണ് കേന്ദ്ര ഏജൻസികളുടെ ഇടപെടൽ. ദേശവിരുദ്ധപ്രവർത്തനത്തിന്റെ ഭാഗമാണോ എന്നതും അന്വേഷിക്കും.

ഫൈസയും ഗോറിയും ഗൾഫ് രാജ്യങ്ങളിലെത്തിച്ച ശേഷം അനധികൃത മാർഗങ്ങളിലൂടെ കേരളത്തിലേക്ക് എത്തിക്കുന്നതായാണു വിവരം. അനുവദനീയമായതിന്റെ 20,000 മടങ്ങ് മെർക്കുറിയാണ് ഇതിലുള്ളതെന്ന് പരിശോധനയിൽ കണ്ടെത്തി. മെർക്കുറി ശരീരത്തിനുള്ളിലെത്തുമ്പോൾ കരൾ, വൃക്ക തുടങ്ങിയവയ്ക്ക് തകരാറുണ്ടാവുമെന്ന് ഐ.എം.എ. ദേശീയ കൺവീനർ ഡോ. സുൾഫി നൂഹ് പറഞ്ഞു.  മുഖംവെളുപ്പിക്കാനും തിളക്കംകൂട്ടാനും ഉപകരിക്കുമെന്ന് അവകാശപ്പെടുന്ന ക്രീം 50 ഗ്രാമിന് 400 മുതൽ 500 വരെ രൂപയ്ക്കാണു വിൽക്കുന്നത്. കേരളത്തിൽ എത്തിക്കുന്നതിനെപ്പറ്റിയും വിതരണശൃംഖലയെപ്പറ്റിയും അന്വേഷിക്കും.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ