വ്യാഴാഴ്‌ച, മേയ് 18, 2017
ഹേഗ്: ചാരവൃത്തി ആരോപിച്ച് പാകിസ്ഥാൻ വധശിക്ഷയ്ക്ക് വിധിച്ച ഇന്ത്യൻ മുൻ നാവിക ഉദ്യോഗസ്ഥൻ കുഭൂൽഷൻ ജാദവിന്റെ ശിക്ഷ നടപ്പാക്കുന്നത് ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതി സ്‌റ്റേ ചെയ്തു. കേസിൽ അന്തിമ വിധി വരുന്നത് വരെ ജാദവിന്റെ ശിക്ഷ നടപ്പാക്കുന്നില്ലെന്ന് പാകിസ്ഥാൻ ഉറപ്പു വരുത്തണമെന്നും റോണി എബ്രഹാം അദ്ധ്യക്ഷനായ പതിനൊന്നംഗ ബെഞ്ച് ഉത്തരവിട്ടു. നയതന്ത്ര ബന്ധം കണക്കിലെടുക്കുന്പോൾ ഇന്ത്യയ്ക്ക് വലിയൊരു വിജയമാണ് ഉണ്ടായിരിക്കുന്നത്. മേയ് എട്ടിന് ഇന്ത്യ നൽകിയ ഹർജിയിൽ ശിക്ഷ നടപ്പാക്കുന്നത് കോടതി താൽക്കാലികമായി തടഞ്ഞിരുന്നു.

പതിനൊന്ന് ജ‌ഡ്‌ജിമാരും ഏകകണ്ഠമായാണ് വിധിയിൽ അഭിപ്രായം രേഖപ്പെടുത്തിയത്. കേസിൽ ഇടപെടാൻ അന്താരാഷ്ട്ര കോടതിക്ക് അവകാശമില്ലെന്ന പാകിസ്ഥാന്റെ വാദം കോടതി തള്ളി. 1977ൽ ഒപ്പിട്ട വിയന്ന കരാർ പ്രകാരം ജാദവിന് കോൺസുലാർ സഹായം ലഭിക്കാനുള്ള അവകാശമുണ്ട്. അത് പാകിസ്ഥാൻ അനുവദിക്കേണ്ടതായിരുന്നു. കുൽഭൂഷൺ ജാദവ് ഇന്ത്യക്കാരനാണെന്ന് ഇന്ത്യയും പാകിസ്ഥാനും അംഗീകരിച്ചിട്ടുള്ളതാണ്. അതിനാൽ തന്നെ നിയമ,​ നയതന്ത്ര സഹായങ്ങൾക്ക് ജാദവ് അർഹനാണ്. കുൽഭൂഷണിനെ കാണാൻ ഇന്ത്യൻ നയതന്ത്ര പ്രതിനിധിക്ക് അവകാശം ഉണ്ടായിരുന്നിട്ടും അതിനുള്ള അവസരം നൽകാതിരുന്നത് വിയന്ന ഉടമ്പടിയുടെ ലംഘനമാണ്. ഇക്കാര്യത്തിൽ പാകിസ്ഥാൻ മുൻവിധിയോടെ പെരുമാറിയെന്നും കോടതി വ്യക്തമാക്കി.

ജാദവിന്റെ അറസ്‌റ്റ് സംബന്ധിച്ച് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്. ജാദവിനെ ബലൂചിസ്ഥാനിൽ നിന്നാണ് അറസ്‌റ്റ് ചെയ്തതെന്ന് പാകിസ്ഥാൻ വാദിക്കുന്പോൾ ഇറാനിൽ നിന്നാണ് അറസ്‌റ്റെന്നാണ് ഇന്ത്യയുടെ വാദം. ഇത് തർക്ക വിഷയമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ