കോഴിക്കോട്: മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും ഇ കെ സമസ്തയുടെ വിദ്യാഭ്യാസ ബോര്‍ഡ് അംഗവുമായ എം സി മായിന്‍ ഹാജിക്കെതിരെ നടപടി ആവശ്യപ്പെട്ട് സുന്നി യുവജന സംഘം സമസ്തയുടെ പണ്ഡിത സഭക്ക് കത്ത് നല്‍കി. പെരിന്തല്‍മണ്ണയില്‍ നടന്ന എസ് വൈ എസ് ക്യാംപില്‍ ഹമീദ് ഫൈസി അമ്പലക്കടവിനെതിരെ പ്രതിഷേധമുണ്ടായെന്ന വ്യാജ വാര്‍ത്ത മാധ്യമങ്ങള്‍ക്ക് നല്‍കിയെന്നാണ് മായിന്‍ഹാജിക്കെതിരായ ആരോപണം. നിലവില്‍ സമസ്തയിലെ മുസ്ലിം ലീഗിന്റെ ഏറ്റവും ശക്തനായ വക്താവാണ് മായിന്‍ ഹാജി.
എസ് വൈ എസ് പ്രവര്‍ത്തക ക്യാംപില്‍ ഹമീദ് ഫൈസി അമ്പലക്കടവ് സംസ്ഥാന സര്‍ക്കാരിനെ പിന്തുണച്ച് സംസാരിച്ചെന്നും അതിനെതിരെ പ്രതിഷേധമുണ്ടായെന്നും ഒരു പത്രത്തില്‍ വാര്‍ത്ത വന്നിരുന്നു. ഇത് സംഘടനയില്‍ വിവാദമായി. വാര്‍ത്തക്ക് പിറകില്‍ മായിന്‍ഹാജിയാണെന്ന് സൂചിപ്പിക്കുന്ന ഡിജിറ്റല്‍ തെളിവുകള്‍ ഹമീദ് ഫൈസി സംഘടനയില്‍ ഹാജരാക്കി. എന്നാല്‍ ആരോപണം മായിന്‍ഹാജി നിഷേധിച്ചു. ഈ സാഹചര്യത്തിലാണ് എസ് വൈ എസ് സംസ്ഥാന സെക്രട്ടറിയേറ്റ് വിഷയം ചര്‍ച്ച ചെയ്തത്.
വ്യാജ വാര്‍ത്ത നല്‍കിയ മായിന്‍ഹാജിക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സമസ്തയുടെ പരമോന്നത സഭയായ മുശാവറക്ക് സംഘടന കത്ത് നല്‍കി. നാളെ ചേരുന്ന മുശാവറാ യോഗം കത്ത് ചര്‍ച്ച ചെയ്യുമെന്നാണ് വിവരം. ഹമീദ് ഫൈസി അമ്പലക്കടവ് അടക്കമുള്ള സമസ്തയിലെ ഒരു വിഭാഗം നേതാക്കള്‍ ഇടതുപക്ഷവുമായി ബന്ധം പുലര്‍ത്തുന്നു എന്ന ആക്ഷേപം മുസ്ലിം ലീഗിനുണ്ട്. സമസ്തയിലെ പുതുതലമുറ നേതാക്കളും മുസ്ലിം ലീഗും തമ്മിലുള്ള പോരിന്റെ ഭാഗം കൂടിയാണ് വാര്‍ത്ത ചോര്‍ത്തല്‍ വിവാദം.
0 Comments