എന്നാല്‍ ഈ ആക്രമണം വ്യാജമാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. ചില മനുഷ്യാവകാശ സംഘടനകള്‍ സര്‍ക്കാര്‍ സഹായത്തോടെ ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണിതെന്ന് പാകിസ്താന്‍ തെഹ്രീക്കെ ഇന്‍സാഫ് (പിടിഐ) പാര്‍ട്ടി നേതാവ് പറയുന്നു.
പാര്‍ട്ടിയുടെ വനിതാ നേതാവും സ്വാതിലെ പ്രമുഖ കുടുംബാംഗവുമായ എംഎന്‍എ മുസാറത്ത് അഹ്മദ് സേബ് ആണ് മലാല ആക്രമിക്കപ്പെട്ട സംഭവം കെട്ടിച്ചമച്ചതാണെന്ന് പറഞ്ഞത്. ഇവരുടൈ വാദം പാകിസ്താനില്‍ ഏറെ വിവാദമായിട്ടുണ്ട്. അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രമുഖരാണ് രംഗത്തെത്തിയിരിക്കുന്നത്.
സ്വാതിലെ ഖുശാല്‍ പബ്ലിക് സ്‌കൂളില്‍ വിദ്യാര്‍ഥിനി ആയിരുന്നു അന്ന് മലാല യൂസഫ് സായി. പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചുവരവെയാണ് കുട്ടി ആക്രമിക്കപ്പെട്ടത്. മലാലയെയും സംഘത്തെയും തടഞ്ഞ അക്രമികള്‍ തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു.
തലയ്ക്ക് വെടിയേറ്റ മലാല അതീവ ഗുരുതരാവസ്ഥയിലായിരുന്നു ഒരുപാട് നാള്‍. ഇതോടെ സംഭവം ലോകശ്രദ്ധയാകര്‍ഷിച്ചു. പെഷാവറിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റിയ കുട്ടിയെ പിന്നീട് വിദഗ്ധ ചികില്‍സയ്ക്ക് ലണ്ടനിലേക്ക് കൊണ്ടുപോയി. അസുഖം ഭേദമായ ശേഷം ഐക്യരാഷ്ട്ര സഭയില്‍ സംസാരിച്ച മലാലയ്ക്ക് നോബേല്‍ പുരസ്‌കാരം ലംഭിച്ചിരുന്നു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം തെഹ്രീക്കെ താലിബാന്‍ പാകിസ്താന്‍ (ടിടിപി) എന്ന തീവ്രവാദി സംഘടന ഏറ്റെടുത്തിരുന്നു. പാശ്ചാത്യമനസുള്ള പെണ്‍കുട്ടിയാണ് മലാലയെന്നും അതുകൊണ്ടാണ് ആക്രമിച്ചതെന്നുമായിരുന്നു അവരുടെ വാദം.
അന്നത്തെ ടിടിപി നേതാവ് ഇസ്ഹാനുള്ള ഇഹ്‌സാന്‍ ആക്രമണം സംബന്ധിച്ച് സ്ഥിരീകരിച്ചിരുന്നു. വിദ്യാഭ്യാസ അവകാശം സംബന്ധിച്ച് മലാല നടത്തുന്ന പ്രചാരണമാണ് തങ്ങളെ പ്രകോപിപ്പിച്ചതെന്നായിരുന്നു ഇയാളുടെ അവകാശവാദം.
മലാല ആരോഗ്യവതിയായി വീണ്ടും ജീവിതത്തിലേക്ക് വന്നാല്‍ ഇനിയും ആക്രമിക്കുമെന്നും ടിടിപി നേതാവ് പറഞ്ഞിരുന്നു. ഇതോടെ ലോകം ടിടിപിയുടെ നടപടി അപലപിക്കുകയും മലാലയ്ക്ക് വേണ്ടി പ്രത്യേക പ്രാര്‍ഥനകള്‍ സംഘടിപ്പിക്കുയും ചെയ്തു. തീവ്രവാദികളുടെ പ്രവര്‍ത്തനം ആഗോള സമൂഹം ഒന്നടങ്കം എതിര്‍ക്കാനും ഈ സംഭവം കാരണമായി.
എന്നാല്‍ ഈ സംഭവങ്ങളും അവകാശവാദങ്ങളുമെല്ലാം നേരത്തെ ആസൂത്രണം ചെയ്തതാണെന്ന് സേബ് പറയുന്നു. പാകിസ്താന്‍ പാര്‍ലമെന്റംഗമാണ് സേബ്. ട്വിറ്ററിലാണ് അവര്‍ വിവാദമായ പരാമര്‍ശങ്ങള്‍ നടത്തിയത്.
മലാലയെ ആക്രമിച്ചതിന് സമാനമായ സംഭവങ്ങള്‍ വിശദീകരിച്ച് ഒരു സംഘം തന്നെ സമീപിച്ചിരുന്നു. ഇത്തരം ആക്രമണം നടത്തി പ്രചരിപ്പിക്കാനായിരുന്നു ഇവരുടെ ഉദ്ദേശം. എന്നാല്‍ താന്‍ ഇക്കാര്യം നിരസിക്കുകയും ഇത്തരം നീച പ്രവര്‍ത്തനങ്ങള്‍ക്ക് തന്നെ കിട്ടില്ലെന്നും പറഞ്ഞൊഴിയുകയായിരുന്നു-സേബ് പറയുന്നു.
സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത നാടകമാണിത്. വെടിയേറ്റ മലാലയെ ചികില്‍സിച്ച വൈദ്യസംഘത്തിനും ഇതുസംബന്ധിച്ച് അറിവുണ്ടായിരുന്നു. തനിക്കും മറ്റു ചിലര്‍ക്കും ഇക്കാര്യം അറിയാം. സഹപ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ചതു കൊണ്ടാണ് ഇപ്പോള്‍ ഇക്കാര്യം പറയുന്നതെന്നും സേബ് വിശദീകരിച്ചു.
താന്‍ ഇനിയും മൗനം പാലിച്ചാല്‍ മലാല യൂസഫ്‌സായി എക്കാലത്തും പ്രകീര്‍ത്തിക്കപ്പെടുമെന്നും അടുത്തിടെ ആദിവാസി മേഖലയില്‍ പരീക്ഷയില്‍ മികച്ച വിജയം നേടിയ സര്‍മിന വസീറിന് പ്രചോദനമായത് മലാലയാണെന്ന് ചരിത്രം പറയുമെന്നും സേബ് പറഞ്ഞു. ഇതില്ലാതിരിക്കാനാണ് താന്‍ രഹസ്യം വെളിപ്പെടുത്തിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇമ്രാന്‍ഖാന്‍ നേതൃത്വം നല്‍കുന്ന പാര്‍ട്ടിയുടെ എംപിയാണ് സേബ്. ഒരു ഉറുദു ദിനപത്രത്തിന് നല്‍കി അഭിമുഖത്തിലാണ് അവര്‍ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചത്. 2012ല്‍ ആക്രണം നടക്കുന്നതിന് ഏറെ മുമ്പ് തന്നെ ഇത് ആസൂത്രണം ചെയ്തിരുന്നു.
മലാലക്ക് തലയ്ക്കാണ് വെടിയേറ്റതെങ്കിലും സ്വാതിലെ ആശുപത്രിയില്‍ നടത്തിയ സിടി സ്‌കാനില്‍ തലയ്ക്കകത്ത് ബുള്ളറ്റ് കണ്ടെത്തിയിരുന്നില്ല. എന്നാല്‍ പെഷാവറിലെ സൈനിക ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ബുള്ളറ്റ് തലയില്‍ കുടുങ്ങിക്കിടക്കുന്നത് കണ്ടെത്തിയെന്നാണെന്നും അവര്‍ പിന്നീട് ട്വീറ്റ് ചെയ്തു.
മലാലയുടെ ചികിത്സയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും സര്‍ക്കാര്‍ സൗജന്യമായി ഭൂമി നല്‍കിയതായി സേബ് കുറ്റപ്പെടുത്തി. സിടി സ്‌കാന്‍ ചെയ്തവര്‍ക്കും മലാലയെ നോക്കിയ ഡോക്ടര്‍മാര്‍ക്കുമെല്ലാം സര്‍ക്കാര്‍ ഭൂമി നല്‍കുകയായിരുന്നു. ബിബിസിക്കായി എഴുതിയിരുന്നു എന്ന് പറയുന്ന സമയത്ത് മലാലക്ക് എഴുതാനും വായിക്കാനും അറിയില്ലായിരുന്നുവെന്നും ഭാവിയില്‍ നിറവേറ്റേണ്ട കടമ സംബന്ധിച്ച് മലാലയെ പഠിപ്പിക്കാനായി അവളോടൊപ്പം ഒരു അമേരിക്കക്കാരന്‍ മൂന്നു മാസം താമസിച്ചിരുന്നതായും പിടിഐയുടെ എംപി കുറ്റപ്പെടുത്തി.
0 Comments