കാസര്‍ഗോഡ്: വ്രത ശുദ്ധിയുടെ പത്ത് ദിന രാത്രങ്ങള്‍ക്ക് ശേഷം പാപമോചനത്തിന്റെ പകലിരവുകളിലേക്ക് പ്രവേശിച്ചു. കഴിഞ്ഞ കാലങ്ങളില്‍ ചെയ്തുപോയ പാപങ്ങള്‍ പൊറുത്തുതരാന്‍ നാഥനോട് കേണപേക്ഷിക്കുന്ന പത്താണിത്. തെറ്റുകള്‍ സൃഷ്ടാവിന് മുമ്പില്‍ ഏറ്റുപറഞ്ഞ് മാപ്പ് ചോദിക്കുന്ന മണിക്കൂറുകളാണ് ഇനിയുള്ള പത്ത് ദിനം. ‘ലോകരക്ഷിതാവായ അല്ലാഹുവേ, എന്റെ ദോഷങ്ങളെല്ലാം എനിക്ക് പൊറുത്തുതരണേ’ എന്ന പ്രത്യേക പ്രാര്‍ഥന എല്ലാ നിസ്‌കാരങ്ങള്‍ക്ക് ശേഷവും അല്ലാത്തപ്പോഴും അധികരിപ്പിക്കുന്നതിനായിരിക്കും വിശ്വാസികളുടെ ഇനിയുള്ള ശ്രദ്ധ.
റമസാനിലെ ആദ്യത്തെ പത്ത് രാവുകള്‍ അല്ലാഹുവിന്റെ കാരുണ്യം കൊണ്ട് പ്രത്യേകമാക്കപ്പെട്ടതായിരുന്നു. കാരുണ്യവാനായ നാഥനോട് കരുണ തേടിയുള്ള പ്രാര്‍ഥനകളിലായിരുന്നു വിശ്വാസികള്‍ ഇതുവരെ. അല്ലാഹുവിന്റെ മഹത്തായ കാരുണ്യം എണ്ണിത്തിട്ടപ്പെടുത്താനാവില്ലെന്നതിന് ഖുര്‍ആന്‍ സാക്ഷ്യമാണ്. റമസാന്‍ പതിനേഴിന് ലോകമെങ്ങും നടത്തപ്പെടുന്ന ബദ്ര്‍ ദിനമാണ് രണ്ടാമത്തെ പത്തിലെ പ്രത്യേകത. പ്രവാചകന്റെ ഇസ്‌ലാമിക പ്രബോധന കാലയളവില്‍ നടന്ന പ്രധാന യുദ്ധങ്ങളിലൊന്നാണ് ബദ്ര്‍ യുദ്ധം. അക്രമത്തിനും അധാര്‍മികതക്കുമെതിരെ നടന്ന ഈ യുദ്ധം നടന്നത് റമസാന്‍ പതിനേഴിനായിരുന്നു.
പതിനാല് സ്വഹാബികള്‍ ശഹീദായ ബദ്ര്‍ യുദ്ധത്തിന്റെ ഓര്‍മ പുതുക്കല്‍ കൂടിയാണ് ബദ്ര്‍ ദിനം. യുദ്ധത്തില്‍ പങ്കെടുത്ത് വിജയം കൈവരിച്ച പ്രവാചകന്റെ 313 അനുചരന്മാരുടെ പേരുകള്‍ ഉരുവിട്ട് പള്ളികളിലും ഇസ്‌ലാമിക സ്ഥാപനങ്ങളിലും വീടുകളിലും പ്രത്യേക പ്രാര്‍ഥനയും മൗലിദ് പാരായണവും നടക്കും. ബദ്ര്‍ അനുസ്മരണ പ്രഭാഷണങ്ങളും അന്നദാനവും സജീവമാകും.
0 Comments