ഭുവനേശ്വറില്‍ കേന്ദ്ര കൃഷിമന്ത്രി രാധാമോഹന്‍ സിംഗിന്റെ വാഹനത്തിനുനേരെ മുട്ടയേറ്

ഭുവനേശ്വറില്‍ കേന്ദ്ര കൃഷിമന്ത്രി രാധാമോഹന്‍ സിംഗിന്റെ വാഹനത്തിനുനേരെ മുട്ടയേറ്

പാറ്റ്‌ന: മധ്യപ്രദേശിലും മഹാരാഷ്ട്രയിലും കര്‍ഷക സമരം ശക്തമായിക്കൊണ്ടിരിക്കെ, പ്രക്ഷോഭത്തെക്കുറിച്ച് ഇനിയും പ്രതികരിച്ചിട്ടില്ലാത്ത കേന്ദ്ര കൃഷിമന്ത്രി രാധാമോഹന്‍ സിംഗിന്റെ വാഹനത്തിനുനേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുട്ടയെറിഞ്ഞു. കരിങ്കൊടി കാട്ടിയാണ് ഇവരെത്തിയത്. പ്രക്ഷോഭത്തെക്കുറിച്ച് രാധാമോഹന്‍ സിംഗ് നിസ്സംഗനിലപാടാണ് കൈക്കൊണ്ടത് എന്നും അതിനെതിരെയാണ് തങ്ങളുടെ പ്രതിഷേധമെന്നും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നു.

‘സബ്കാ സാത്ത്, സബ്കാ വികാസ്’ പരിപാടിയില്‍ പങ്കെടുക്കാന്‍ ജാന്‍തിയിലേക്ക് പോകുകയായിരുന്നു മന്ത്രി. ദിവസങ്ങള്‍ക്ക് മുമ്പ് മന്ത്രി ബീഹാറിലെ മോതിഹാരിയില്‍ ബാബാ രാംദേവ് സംഘടിപ്പിച്ച യോഗ ക്യാംപില്‍ പങ്കെടുത്തിരുന്നു. രാജ്യത്തെ കര്‍ഷകരെ ആത്മഹത്യയിലേക്കും നിരാശയിലേക്കും തള്ളിയിട്ടും വെടിവെച്ച് കൊന്നും ഭരണകൂടം അരാജകമായി മുന്നോട്ടുപോകുമ്പോള്‍, കൃഷി മന്ത്രി യോഗ ചെയ്ത് നടക്കുന്നു എന്ന് വ്യാപകമായ പ്രതിഷേധമുയര്‍ന്നു. മന്ദ്‌സൂര്‍ വെടിവെപ്പില്‍ പ്രതികരിക്കാനാവശ്യപ്പെട്ടപ്പോള്‍ യോഗ പ്രാക്ടീസ് ചെയ്യൂ എന്നാണ് മന്ത്രി പ്രതികരിച്ചത്.

മന്ത്രിയുടെ വാഹനവ്യൂഹത്തെ ആക്രമിച്ചതിന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു എന്ന് റിപ്പോര്‍ട്ടുകളുണ്ട്. മന്ദ്‌സൂര്‍ വെടിവെപ്പില്‍ പരിക്കേറ്റ ഒരു കര്‍ഷകന്‍ കൂടി കൊല്ലപ്പെട്ടതോടെ പ്രക്ഷോഭം ഒന്നുകൂടി ശക്തിപ്പെട്ടിരിക്കുകയാണ്.

Post a Comment

0 Comments