ഖത്തര്‍ വിപണി കീഴടക്കി തുര്‍ക്കിയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍

ഖത്തര്‍ വിപണി കീഴടക്കി തുര്‍ക്കിയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍

ദോഹ: തുര്‍ക്കില്‍ നിന്നുള്ള പാലുല്‍പ്പന്നങ്ങളും കോഴിയും ഖത്തര്‍ വിപണി കീഴടക്കുന്നു. പാല്‍, തൈര്, കോഴി, മുട്ട, ജ്യൂസ് തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങളാണ് കഴിഞ്ഞ ദിവസം ഖത്തറില്‍ ചില്ലറ വ്യാപാര കേന്ദ്രങ്ങളിലെത്തിയത്. നേരത്തേ സഊദിയുടെ അല്‍മറായി ഉല്‍പ്പന്നങ്ങള്‍ നിറഞ്ഞു നിന്ന ഷെല്‍ഫുകളാണ് ഇപ്പോള്‍ തുര്‍ക്കി ഉല്‍പ്പന്നങ്ങള്‍ കൈയടിക്കിയിരിക്കുന്നത്.

രാജ്യത്തെ ജനങ്ങളുടെ ദൈനംദിന ആവശ്യങ്ങള്‍ക്ക് മതിയായ അളവില്‍ ഫ്രഷ് ക്ഷീരോല്‍പ്പന്നങ്ങള്‍ തുര്‍ക്കിയില്‍ നിന്ന് ഖത്തറിലേക്ക് ഇറക്കുമതി ചെയ്യുന്നുണ്ടെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. വിപണിയില്‍ നേരത്തെയുണ്ടായിരുന്ന പാല്‍ ഉല്‍പന്നങ്ങളേക്കാള്‍ വില കുറവാണ് തുര്‍ക്കി ഉല്‍പ്പന്നങ്ങള്‍ക്കെന്നതാണ് മറ്റൊരു പ്രത്യേകത.

വ്യാഴാഴ്ച വൈകുന്നേരം വിമാനമാര്‍ഗമെത്തിയ പാല്‍ ഉള്‍പ്പടെയുള്ള ഉല്‍പ്പന്നങ്ങള്‍ വെള്ളിയാഴ്ച പുലര്‍ച്ചെ തന്നെ റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകളിലെത്തി. പാല്‍ ലിറ്ററിന് അഞ്ച് റിയാലാണ് വില. പാലിന് ഇതുവരെയുണ്ടായിരുന്നതില്‍ ഏറ്റവും കുറഞ്ഞ വിലയാണിത്. വിലക്കുറവായതിനാല്‍ ഉപഭോക്താക്കളും ആഹ്ലാദത്തിലാണ്.

പാലിന്റെ ഗുണനിലവാരം മികച്ചതും വില ആകര്‍ഷകവുമാണെന്നും ഉപഭോക്താക്കള്‍ക്ക് ആവശ്യമായ വിധത്തില്‍ പാലും മറ്റ് ഉല്‍പ്പന്നങ്ങളും എത്തിച്ചിട്ടുണ്ടെന്ന് രാജ്യത്തെ വിവിധ മാള്‍ അധികൃതര്‍ ചൂണ്ടിക്കാട്ടി.

അയല്‍ രാജ്യങ്ങള്‍ ഖത്തറിനെതിരേ ഉപരോധം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് ഭക്ഷ്യോല്‍പ്പന്നങ്ങള്‍ക്ക് രാജ്യം ബദല്‍ വഴികള്‍ തേടിയത്. ഖത്തറിന്റെ ദീര്‍ഘ കാല സുഹൃത്തായ തുര്‍ക്കിയാണ് ഇപ്പോള്‍ ഇക്കാര്യത്തില്‍ ഖത്തറിനെ സഹായിക്കുന്നതില്‍ പ്രധാന രാജ്യം.

വരുംദിവസങ്ങളില്‍ തുര്‍ക്കിയില്‍ നിന്ന് ക്ഷീരോല്‍പ്പന്നങ്ങള്‍ വന്‍തോതില്‍ ഖത്തറിലെത്തും. നിലവില്‍ ഖത്തറിന്റെ ദേശീയ ക്ഷീരോല്‍പ്പന്നങ്ങളായ ബലദ്‌ന, ദാന്‍ഡി, ഗദീര്‍ എന്നിവ വിപണിയില്‍ ലഭ്യമാണ്. തുര്‍ക്കിയില്‍ നിന്നുള്ള ഫ്രഷ് ചിക്കന്‍, ജ്യൂസ് എന്നിവയും വിപണിയിലെത്തിയിട്ടുണ്ട്. തിങ്കളാഴ്ച മുതല്‍ കൂടുതല്‍ പാല്‍, കോഴി ഉല്‍പ്പന്നങ്ങള്‍ പ്രാദേശികവിപണിയിലെത്തും. ഒമാനില്‍ നിന്നു ഫ്രഷ് ചിക്കനും ഖത്തര്‍ വിപണിയിലെത്തിയിട്ടുണ്ട്.

മുട്ട ആവശ്യത്തിന് സ്‌റ്റോക്കുണ്ടെന്ന് സൂപ്പര്‍മാര്‍ക്കറ്റ് പ്രതിനിധികള്‍ പറഞ്ഞു. ഉല്‍പ്പന്നങ്ങള്‍ക്ക് യാതൊരു ദൗര്‍ലഭ്യവുമില്ല. ഒപച്ചക്കറികളുടെ ഇറക്കുമതിക്കും തടസമില്ല. കഴിഞ്ഞ ദിവസം ഏറ്റവും കൂടിയ ഇളവില്‍ തക്കാളി ഇറക്കുമതി ചെയ്തതായി മറ്റൊരു പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് പ്രതിനിധി ചൂണ്ടിക്കാട്ടി.

അതേസമയം, തുര്‍ക്കി ഉല്‍പ്പന്നങ്ങളുടെ പുറത്ത് എഴുതിയിട്ടുള്ള ഭാഷ മനസ്സിലാക്കാനാവാത്തത് ഉപഭോക്താക്കളെ കുഴക്കുന്നുണ്ട്. ഇത് പരിഹരിക്കാന്‍ ഉല്‍പ്പന്നങ്ങളുടെ പുറത്ത് സാധാരണയായി കാണുന്ന വാക്കുകളും അവയുടെ ഇംഗ്ലീഷ്, അറബി, തഗലോഗ് തര്‍ജമയും ഉള്‍പ്പെടുത്തി വാണിജ്യ മന്ത്രാലയം പോസ്റ്റര്‍ പുറത്തിറക്കി.

Post a Comment

0 Comments