ന്യൂഡൽഹി: ഭിന്നശേഷിയുള്ള കായികപ്രതിഭയ്ക്ക് ട്രെയിനിൽ നിലത്ത് ഉറങ്ങേണ്ടി വന്ന സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ കേന്ദ്ര റെയിൽവേ മന്ത്രി സുരേഷ് പ്രഭു ഉത്തരവിട്ടു. കാലുകൾക്ക് സ്വാധീന ശക്തിയില്ലാത്ത പാരാ ടേബിൽ ടെന്നീസ് താരം സുവർണ രാജി(34)നാണ് നാഗ്പൂർ - നിസാമുദ്ദീൻ ഗരീബ് രഥ് എക്‌സ്‌പ്രസിൽ നിലത്ത് ഉറങ്ങേണ്ടി വന്നത്. യാത്രയ്ക്കായി അപ്പർബർത്തായിരുന്നു സുവർണയ്ക്ക് ലഭിച്ചത്. ഇതിൽ യാത്ര ചെയ്യാൻ സാധിക്കാത്ത സുവർണ, മറ്റ് യാത്രക്കാരോട് തന്റെ അവസ്ഥ വിവരിച്ചെങ്കിലും ആരും സീറ്റ് മാറി നൽകാൻ തയ്യാറായില്ല. തുടർന്നാണ് സുവർണ വെറും നിലത്ത് കിടന്നുറങ്ങിയത്. ഈ സംഭവത്തെക്കുറിച്ച് ഒരു സ്വകാര്യ ചാനൽ വാർത്ത പുറത്ത് വിട്ടിരുന്നു. സംഭവം വിവാദമായതോടെയാണ് റെയിൽവേ മന്ത്രി ഇടപെട്ടത്.
സുവർണ രാജിന് ദുരിത യാത്ര ചെയ്യേണ്ടി വന്നത് അന്വേഷിക്കാൻ ഉത്തരവിട്ട മന്ത്രി, അംഗവെകല്യമുളളവർക്ക് മികച്ച യാത്ര സംവിധാനങ്ങൾ ഒരുക്കുമെന്നും അറിയിച്ചു. ഇന്ത്യയെ പ്രതിനിധികരിച്ച് തായ്ലൻഡ് പാരാ ടേബിൾ ടെന്നീസ് ഓപ്പണിൽ (2013 ) പങ്കെടുത്ത് രണ്ട് മെഡലുകൾ സുവർണ രാജ് കരസ്ഥമാക്കിയിരുന്നു.
0 Comments