കാസര്‍കോട്:രാജിവെക്കില്ലെന്ന് മഞ്ചേശ്വരം എം എൽ എ പി.ബി അബ്ദുര്‍ റസാഖ്.താൻ രാജി വെക്കുമെന്ന തരത്തിൽ പ്രചാരണം നടത്തുന്നത് ബി ജെ പി ആണെന്നും കാസർകോട് പ്രസ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ പി ബി അബ്ദുൽ റസാഖ് ആരോപിച്ചു. അഞ്ചു വര്‍ഷം താന്‍ മഞ്ചേശ്വരം എം എല്‍ എയായി തുടരുമെന്നും കെ.സുരേന്ദ്രന്‍ നല്‍കിയ തിരഞ്ഞെടുപ്പ് കേസിനെ കുറിച്ച് ആശങ്ക പി.ബി അബ്ദുര്‍ റസാഖ് പറഞ്ഞു. 291 പേര്‍ കള്ളവോട്ട് നടത്തിയെന്നാണ് കെ.സുരേന്ദ്രന്‍ ആദ്യം കോടതിയില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുള്ളത്. ഈ ലീസ്റ്റില്‍ 30 പേര്‍ വോട്ട് ചെയ്യാത്തവരാണെന്ന് പിന്നീട് വ്യക്തമായി. ബാക്കിയുള്ളവരില്‍ 88 പേര്‍ ഇരട്ട വോട്ട് ചെയ്തുവെന്നാണ് പറയുന്നത്. ഇത് കണ്ടെത്താന്‍ ശ്രമിക്കാതെ വിദേശത്തുള്ളവരുടെ കണക്ക് തേടിയാണ് സുരേന്ദ്രന്‍ പോകുന്നത്.
197 പേരാണ് ഗള്‍ഫിലുള്ള വോട്ടര്‍മാരെന്ന് പറയുന്നു. ഇതില്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷണത്തിൽ 20 പേര്‍ കള്ളവോട്ട് ചെയ്തുവെന്നാണ് തെളിഞ്ഞിരിക്കുന്നത്. മരിച്ച ആറു പേര്‍ വോട്ട് ചെയ്തതായി സുരേന്ദ്രന്റെ പരാതിയിലുണ്ട്. ഇതില്‍ നാലു പേര്‍ ജീവിച്ചിരിപ്പുണ്ട്. മരിച്ച മറ്റു രണ്ടു പേരില്‍ ഒരാള്‍ മാത്രമേ വോട്ട് ചെയ്തിരുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.കേസിൽ 42 പേര്‍ക്കാണ് കോടതിയില്‍ നിന്നും ഇപ്പോള്‍ സമന്‍സ് ലഭിച്ചിട്ടുള്ളത്. ഇതില്‍ മൂന്നു പേര്‍ മാത്രമാണ് കോടതിയില്‍ ഹാജരായി മൊഴി നല്‍കിയിട്ടുള്ളത്. സമന്‍സ് കിട്ടിയവരില്‍ കൂടുതല്‍ പേര്‍ക്കും നോമ്പ് കാലമായതിനാലും മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തുന്നവരായതിനാലും അവരുടെ ജോലി കളഞ്ഞ് കോടതിയില്‍ പോയി മൊഴി നല്‍കാന്‍ പോകാത്ത സാഹചര്യമാണുള്ളതെന്നും അബ്ദുര്‍ റസാഖും ഖമറുദ്ദീനും വിശദീകരിച്ചു. 300 രൂപ മാത്രമാണ് കോടതിയില്‍ നിന്നും ഇവര്‍ക്ക് യാത്രാ ബത്ത ലഭിക്കുക. അതുകൊണ്ട് അന്നന്ന് ഉപജീവനം നടത്തുന്നവര്‍ക്ക് എറണാകുളത്ത് പോയി വരാന്‍ സാധിക്കില്ല. പരാതി നല്‍കിയവര്‍ തന്നെയാണ് സാക്ഷികളെയും ഹാജരാക്കേണ്ടത്.
ഞായറാഴ്ച മുതല്‍ ഒരു ചാനല്‍ തിരഞ്ഞെടുപ്പ് കേസുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തുകയും ഇപ്പോള്‍ താന്‍ രാജിവെച്ച് ഉപതിരഞ്ഞെടുപ്പിനെ നേരിടാന്‍ മുസ്ലിം ലീഗ് നേതൃത്വം തന്ത്രം മെനയുകയുമാണെന്നുമുള്ള പ്രചരണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.ചാനലില്‍ വന്ന വാര്‍ത്ത തീർത്തും അടിസ്ഥാനരഹിതമാണെന്നും പി ബി അബ്ദുൽ റസാഖ് പറഞ്ഞു.മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീനും എം എൽ എയോടൊപ്പം ഉണ്ടായിരുന്നു.
0 Comments