കൊച്ചി: പോലീസ് മേധാവി സ്ഥാനം ഒഴിഞ്ഞതിന് ശേഷം ടിപി സെൻകുമാർ സംഘപരിവാർ പാളയത്തിലേക്കെന്ന് സൂചന. ബിജെപി മുഖപത്രം സംഘടിപ്പിക്കുന്ന പരിപാടിയില്‍ അദ്ദേഹം പങ്കെടുക്കുന്നു. ജന്മഭൂമി ഞായറാഴ്ച തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന പ്രതിഭാ സംഗമത്തിലാണ് സെന്‍കുമാര്‍ പങ്കെടുക്കുന്നത്. സെൻകുമാറിനെ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പരോക്ഷമായി ബിജെപിയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു.
ഇരുമുന്നണികളുടെയും ഭരണം നേരിട്ടു കണ്ടിട്ടുള്ള ആളാണ് സെന്‍കുമാര്‍. അഴിമതിയും സ്വജനപക്ഷപാതവും സകല വൃത്തികേടുകളും നേരിട്ടു കണ്ടിട്ടുള്ള അദ്ദേഹത്തിന് ഈ നെറികേടുകള്‍ക്കെതിരെ പോരാടാനുള്ള വലിയൊരു അവസരമാണ് തുറന്നിരിക്കുന്നതെന്നാണ് സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടത്. സെന്‍കുമാര്‍ കിരണ്‍ ബേദിയുടെയും സത്യപാല്‍ സിങ്ങിന്റെയും പാത പിന്‍തുടരുന്നത് കേരള ജനത കാത്തിരിക്കുകയാണെന്നും സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു.
എന്നാൽ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിനെകുറിച്ച് പ്രതികരിച്ചിരുന്നില്ലെങ്കിലും രാഷ്ട്രീയത്തിലേക്ക് പോകില്ലെന്ന് പറയുന്നില്ലെന്ന് സമകാലിക മലയാളത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിരുന്നു. രാഷ്ട്രീയം വിലക്കപ്പെട്ട മേഖലയൊന്നുമല്ല. എന്നാല്‍ എവിടെ, എങ്ങനെ, എപ്പോള്‍ തുടങ്ങിയ കാര്യങ്ങളൊന്നും തീരുമാനിച്ചിട്ടില്ലെന്നായിരുന്നു സെൻകുമാർ പറഞ്ഞത്. ഐഎസിനെയും ആര്‍എസ്എസിനെയും താരതമ്യപ്പെടുത്താനാവില്ലെന്നും ദേശവിരുദ്ധമായ മതതീവ്രവാദമാണ് അപകടകരമെന്നും സെൻകുമാർ പറഞ്ഞിരുന്നു.
ഈ പരാമർശം സോഷ്യൽമീഡിയയിൽ വിവാദമാകാൻ ഇടയാക്കിയരുന്നു. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവരെ അഭിനന്ദിക്കാനാണ് ജന്മഭൂമി പ്രതിഭാ സംഗമം സംഘടിപ്പിക്കുന്നത്. ഞായറാഴ്ച ടഗോര്‍ തിയറ്ററില്‍ നടക്കുന്ന സംഗമത്തില്‍ സുരേഷ് ഗോപി എംപിയാണ് മുഖ്യാതിഥി. സെന്‍കുമാറിനു പുറമേ മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി ഡി ബാബുപോള്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.
0 Comments