കെ.ടി. റബീയുള്ളയുടെ വീട്ടില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമം ; ന്യൂനപക്ഷ മോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റ് അടക്കമുള്ളവര്‍ക്കെതിരേ കേസ്

കെ.ടി. റബീയുള്ളയുടെ വീട്ടില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമം ; ന്യൂനപക്ഷ മോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റ് അടക്കമുള്ളവര്‍ക്കെതിരേ കേസ്

മലപ്പുറം: പ്രവാസി വ്യവസായിയും ശിഫ അല്‍ജസീറ മെഡിക്കല്‍ ഗ്രൂപ്പ് ചെയര്‍മാനുമായ കെ.ടി. റബീയുള്ളയുടെ വസതിയില്‍ ബി.ജെ.പി. നേതാക്കള്‍ അടക്കമുള്ളവര്‍ അതിക്രമിച്ചു കടന്നതായി പരാതി. റബീയുള്ളയുടെ ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ന്യൂനപക്ഷ മോര്‍ച്ച ദേശീയ െവെസ് പ്രസിഡന്റ് ഹസന്‍ ഗുരിക്കള്‍ അടക്കമുള്ളവര്‍ക്കെതിരേ കേസ്.

ഇന്നലെ രാവിലെ ആറോടെ മൂന്നു വാഹനങ്ങളിലായാണ് ഹസന്‍ ഗുരിക്കളുടെ നേതൃത്വത്തിലുള്ള സംഘം ഈസ്റ്റ് കോഡൂരിലെ റബീയുള്ളയുടെ വീടിനുമുന്നിലെത്തിയത്. അടുത്ത ബന്ധുക്കള്‍ക്കു മാത്രമേ പ്രവേശനമുള്ളൂവെന്നു പറഞ്ഞ് സുരക്ഷാ ജീവനക്കാരന്‍ ഇവരെ തടഞ്ഞു. എന്നാല്‍ രണ്ടുപേര്‍ മതില്‍ ചാടി അകത്തു കടന്നു.

വിവരം അറിഞ്ഞു സ്ഥലത്തെത്തിയ പോലീസ് മൂന്നു പേരെ കസ്റ്റഡിയിലെടുത്തു. മറ്റുള്ളവര്‍ രണ്ടു വാഹനങ്ങളില്‍ രക്ഷപ്പെടുകയും ചെയ്തു. ഇതിനിടെ സംഘമെത്തിയ ഒരുകാറിന്റെ ചില്ല് നാട്ടുകാര്‍ എറിഞ്ഞുതകര്‍ത്തു. വീട്ടില്‍ ചികിത്സയിലുള്ള റബീയുള്ളയെ അപായപ്പെടുത്താന്‍ ശ്രമമുണ്ടോയെന്നു സംശയിക്കുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

റബീയുള്ളയെക്കുറിച്ചു മാസങ്ങളായി യാതൊരു വിവരവുമില്ലെന്നു ദിവസങ്ങള്‍ക്കുമുമ്പ് സാമൂഹിക മാധ്യമങ്ങളില്‍ അടക്കം പ്രചാരണം ശക്തമായിരുന്നു. വിഷയം ചര്‍ച്ചയായതോടെ കഴിഞ്ഞ ദിവസം റബീയുള്ള ഫെയ്‌സ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട് മാസങ്ങളായി ചികിത്സയിലാണെന്നു വ്യക്തമാക്കി. ഇപ്പോള്‍ കോഡൂരിലെ വസതിയിലാണെന്ന ശബ്ദശകലവും പോസ്റ്റ് ചെയ്തിരുന്നു.

Post a Comment

0 Comments