ദിലീപിന് വീണ്ടും തിരിച്ചടി: ഡി സിനിമാസ് അടച്ച് പൂട്ടും

ദിലീപിന് വീണ്ടും തിരിച്ചടി: ഡി സിനിമാസ് അടച്ച് പൂട്ടും

ചാലക്കുടി: നടൻ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസ് അടച്ച് പൂട്ടാൻ തീരുമാനം. കെട്ടിട നിർമാണത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി ചാലക്കുടി നഗരസഭയാണ് അടച്ച് പൂട്ടാൻ തീരുമാനിച്ചത്. വിജിലൻസ് അന്വേഷണം തീരും വരെ അടച്ച് പൂട്ടാനാണ് നഗരസഭ തീരുമാനിച്ചിരിക്കുന്നത്. കൂടാതെ ഡി സിനിമാസിന്റെ കെെവശാവകാശവും ലെെസൻസും നിയമവിരുദ്ധമായിട്ടാണ് നേടിയത് എന്ന് കാണിച്ച് ഇവ റദ്ദാക്കാനും തീരുമാനിച്ചു. വിജിലൻസ് അന്വേഷണം അവസാനിച്ചാലും ലെെസൻസ് നൽകേണ്ടതില്ലെന്നും യോഗത്തിൽ തീരുമാനമായിട്ടുണ്ട്.

തീയേറ്ററിന് നിർമാണ അനുമതി നൽകിയതിൽ ക്രമക്കേടുണ്ടെന്ന ആരോപണം നേരത്തെ തന്നെ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് അടച്ച് പൂട്ടാൻ തീരുമാനിച്ചത്. ഡി സിനിമാസിന് നിർമാണ അനുമതി നൽകിയ കാര്യം ചർച്ച ചെയ്യാനായി ചേർന്ന പ്രത്യേക കൗൺസിൽ യോഗത്തിലാണ് നഗരസഭ ഇക്കാര്യം തീരുമാനിച്ചത്. ഭരണപക്ഷവും പ്രതിപക്ഷവും എെക്യകണ്ഠേനയാണ് തീരുമാനമെടുത്തത്.

തീയേറ്ററിന് നിർമാണ അനുമതി തേടി നഗരസഭയ്‌ക്ക് സമർപ്പിച്ച മൂന്നോളം പ്രധാനരേഖകൾ വ്യാജമാണെന്ന് നേരത്തെ ആരോപണമുയർന്നിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിൽ ജയിലിലായതിന് പിന്നാലെ ദിലീപിന്റെ ഭൂമി ഇടപാടുകളെ ചുറ്റിപ്പറ്റി പല തരം ആരോപണങ്ങൾ ഉയരുകയും പലയിടത്തും റീസർവേ നടക്കുകയും ചെയ്‌തെങ്കിലും ആദ്യമായാണ് ഇത്ര കടുത്ത നടപടിയുണ്ടാവുന്നത്.

Post a Comment

0 Comments