'അങ്ങെന്റെ രക്ഷകർത്താവായിരുന്നു': പ്രണബിന് മോദി അയച്ച സ്നേഹ നിർഭര സന്ദേശം വൈറലാകുന്നു

'അങ്ങെന്റെ രക്ഷകർത്താവായിരുന്നു': പ്രണബിന് മോദി അയച്ച സ്നേഹ നിർഭര സന്ദേശം വൈറലാകുന്നു

ന്യൂഡൽഹി: സ്ഥാനമൊഴിഞ്ഞ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അയച്ച സന്ദേശം സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നു. രാഷ്ട്രപതി പദവിയിലെ അവസാന ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്ന് ലഭിച്ച സന്ദേശമാണ് ‘എന്റെ ഹൃദയത്തെ സ്പർശിച്ച കത്ത്’ എന്ന കുറിപ്പോടെ പ്രണബ് മുഖർജി ട്വിറ്ററിൽ പങ്കുവച്ചത്. സന്ദേശത്തിൽ പ്രണബിനോടുള്ള പിതൃതുല്യമായ സ്നേഹം നരേന്ദ്ര മോദി ആവർത്തിച്ച് പറയുന്നുണ്ട്.

'മൂന്ന് വർഷം മുൻപ് ഡൽഹിയിൽ എത്തുമ്പോൾ ഞാൻ തീർത്തും അപരിചിതനായിരുന്നു. എന്നെ കാത്തിരുന്നതോ വലിയ വെല്ലുവിളും. നിർണായകമായ ഈ ഘട്ടത്തിൽ അങ്ങെനിക്ക് ഒരു രക്ഷകർത്താവും മാർഗദർശിയുമായിരുന്നു' എന്ന് പ്രധാനമന്ത്രി പദത്തിലേറിയ ആദ്യ നാളുകളിൽ പ്രണബ് നൽകിയ പിന്തുണയെ കുറിച്ച് കത്തിൽ നരേന്ദ്ര മോദി സ്മരിക്കുന്നു.

'അങ്ങ് അറിവിന്റെ ഒരു കലവറയാണെന്ന കാര്യം ഏവർക്കും അറിവുള്ളതാണ്. അങ്ങയുടെ ബുദ്ധിസാമർത്ഥ്യം എന്റെ സർക്കാരിനും എനിക്കും എന്നും വഴികാട്ടിയായിരുന്നു. താങ്കളെന്നും എന്നോട് സ്‌നേഹവും കരുതലും കാണിച്ചിട്ടുണ്ട്. ദൈർഘ്യമേറിയ പ്രചാരണ പരിപാടികൾക്കും, വിദേശ പര്യടനങ്ങൾക്കും ശേഷം തിരിച്ചെത്തുമ്പോൾ എന്റെ സുഖവിവരം തിരക്കിയുള്ള താങ്കളുടെ ഫോൺ വിളികൾ 'നിങ്ങൾ ആരോഗ്യം ശ്രദ്ധിക്കുന്നുണ്ടല്ലോ അല്ലേ...' എന്ന വാക്കുകൾ എന്റെ ഹൃദയത്തിന് പുത്തനുണർവ് പകർന്നിരുന്നു എന്നും കത്തിൽ മോദി ഓർത്തെടുക്കുന്നുണ്ട്.

'രാഷ്ട്രപതി ഭവനിൽ അങ്ങ് നടപ്പാക്കിയ പദ്ധതികളും പരിഷ്‌കാരങ്ങളും അഭിനന്ദാനർഹമാണ്... എല്ലാവരേയും ഒന്നിച്ചു കൊണ്ടു പോകണമെന്ന അങ്ങയുടെ ജനാധിപത്യപരമായ കാഴ്ച്ചപ്പാടിൽ നിന്നു കൊണ്ട് ഞങ്ങൾ ശക്തമായി മുന്നോട്ട് പോകും.... സ്വാർത്ഥ താൽപര്യമില്ലാതെ സമൂഹത്തിനുവേണ്ടി എങ്ങനെ പ്രവർത്തിക്കാമെന്ന് താങ്കൾ കാണിച്ചുകൊടുത്തു. രാഷ്ട്രീയത്തിലേക്ക് വരുന്ന അനേകം തലമുറകൾക്ക് അങ്ങ് മാതൃകയായിരിക്കും. ഇന്ത്യ അങ്ങയെ കുറിച്ചോർത്ത് അഭിമാനിക്കുന്നു..' താങ്കൾക്കൊപ്പം ഒരു പ്രധാനമന്ത്രിയായി പ്രവർത്തിക്കാൻ സാധിച്ചത് ഒരു ബഹുമതിയായി കാണുന്നുവെന്ന് പറഞ്ഞാണ് നരേന്ദ്ര മോദി കത്ത് അവസാനിപ്പിക്കുന്നത്.


Post a Comment

0 Comments