എല്ലാവര്‍ക്കും നന്ദി പറഞ്ഞ് അബ്ദുനാസര്‍ മഅ്ദനി

എല്ലാവര്‍ക്കും നന്ദി പറഞ്ഞ് അബ്ദുനാസര്‍ മഅ്ദനി

നെടുമ്പാശേരി: മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ രോഗിയായ മാതാവിനെ സന്ദര്‍ശിക്കാനുമായി സുപ്രിം കോടതിയുടെ ജാമ്യത്തില്‍ പി.ഡി.പി ചെയര്‍മാന്‍ അബ്ദുനാസര്‍ മഅ്ദനി കേരളത്തിലെത്തി. ഇന്നു വൈകീട്ട് 3.30ഓടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ പി.ഡി.പി പ്രവര്‍ത്തകര്‍ ചേര്‍ന്ന് സ്വീകരിച്ചു.

കേരളത്തിലെ ജാതി-മത വ്യത്യാസമില്ലാതെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ മഅ്ദനി മാധ്യമങ്ങളോട് പറഞ്ഞു. വിചാരണത്തടവുകാരായി ജയിലില്‍ കിടക്കുന്ന മറ്റു തടവുകാര്‍ക്കും ആശ്വാസം ലഭിക്കുന്നതാണ് സുപ്രിംകോടതിയുടെ വിധി. നീതിയുടെയും മനുഷ്യത്വത്തിന്റെയും പക്ഷത്താണ് കേരളത്തിലെ സര്‍ക്കാരും എല്ലാ രാഷ്ട്രീയ നേതാക്കളും മാധ്യമങ്ങളും നിലകൊണ്ടത്. തനിക്ക് പിന്തുണ നല്‍കിയ എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടക സര്‍ക്കാര്‍ സുരക്ഷാ ചെലവിനായി കണക്കാക്കിയ ഭാരിച്ച യാത്ര ചെലവ് വഹിക്കാമെന്നേറ്റ് നേരത്തെ പി.ഡി.പി പ്രവാസി സംഘടന തന്നെ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ താന്‍ അത് നിഷേധിക്കുകയായിരുന്നു. യാത്രാ ചെലവ് കോടതി ഇടപെട്ട് കുറപ്പിച്ചത് മറ്റുള്ളവര്‍ക്കും ആശ്വാസകരമാണ്. തനിക്കു വേണ്ടി സൗജന്യമായി കോടതിയില്‍ വാദിക്കുന്ന പ്രശാന്ത് ഭൂഷണും മറ്റു അഡ്വക്കറ്റുമാരും വളരെ ആത്മാര്‍ത്ഥമായി തന്നെ തന്റെ കാര്യത്തില്‍ ഇടപെട്ടു. ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് മഅ്ദനിയുടെ കേരളത്തിലേക്കുള്ള യാത്ര സഫലമായത്.

ഉച്ചയ്ക്ക് രണ്ടു മണിയോടായണ് കെംപഗൗഡ വിമാനത്താവളത്തില്‍ നിന്ന് മഅ്ദനി കേരളത്തിലേക്ക് യാത്ര തിരിച്ചത്. ഹര്‍ഷാരവത്തോടെയാണ് പി.ഡി.പി പ്രവര്‍ത്തകര്‍ അദ്ദേഹത്തെ സ്വീകരിച്ചത്. തുടര്‍ന്ന് അദ്ദേഹം റോഡ് മാര്‍ഗം കരുനാഗപ്പള്ളി അന്‍വര്‍ശ്ശാരിയിലേക്ക് യാത്ര തിരിച്ചു. സുരക്ഷയ്ക്കായി കര്‍ണാടക പൊലിസ് സംഘം അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. 14 ദിവസത്തേക്കാണ് അദ്ദേഹത്തിന് ജാമ്യം ലഭിച്ചത്.

Post a Comment

0 Comments