മരുമകളെ രക്ഷിക്കാൻ മകനെ അമ്മ ശ്വാസം മുട്ടിച്ച് കൊന്നു

മരുമകളെ രക്ഷിക്കാൻ മകനെ അമ്മ ശ്വാസം മുട്ടിച്ച് കൊന്നു

മുംബയ്: മകന്റെ മർദനത്തിൽ നിന്നും മരുമകളെ രക്ഷിക്കാൻ അമ്മ മകനെ ശ്വാസം മുട്ടിച്ച് കൊന്നു. കഴിഞ്ഞ ദിവസം മുംബയിൽ മൻഖുർദിലാണ് സംഭവം. നാൽപ്പത്തിയഞ്ചുകാരിയായ അൻവാരി ഇദ്രിസിയാണ് തന്റെ ഇളയ മകനായ നദീമിനെ കൊലപ്പെടുത്തിയത്. ലഹരിക്ക് അടിമയായ നദീം ഭാര്യയെ ദിവസവും ഉപദ്രവിക്കുകയായിരുന്നു.

രണ്ട് വർഷം മുമ്പാണ് ഹെെദരാബാദിൽ നിന്നും നദീം വിവാഹം കഴിച്ചത്. ഏറെ വെെകാതെ നദീം ലഹരിക്കടിമയാണെന്ന് മനസിലാക്കിയ ഭാര്യ അഞ്ച് മാസത്തിന് ശേഷം വിവാഹബന്ധം ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ നദീമിന്റെ ഭാഗത്ത് നിന്നും പ്രശ്‌നങ്ങളുണ്ടാവില്ലെന്ന് ഉറപ്പ് നൽകി അമ്മായിഅമ്മ മരുമകളെ വീട്ടിലേക്ക് തിരിച്ചു വിളിച്ചു.

കഴിഞ്ഞ ദിവസം മദ്യപിച്ച് വീട്ടിലെത്തിയ നദീം ബഹളം വയ്ക്കുമെന്ന് മനസിലാക്കിയ ഇദ്രിസി തന്റെ മൂത്ത മക്കളോടും മരുമക്കളോടും അടുത്ത വീട്ടിലേക്ക് പോവാൻ നിർദേശിക്കുകയായിരുന്നു, ഇത് മനസിലാക്കിയ നദീം സ്വന്തം അമ്മയെ മർദിക്കാൻ തുടങ്ങി. സഹികെട്ട ഇദ്രിസി മകനെ ഒരു വശത്തേക്ക് തള്ളുകയും ഷാൾ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊല്ലുകയുമായിരുന്നു.

പുലർച്ചെ മക്കളും മരുമകളും തിരിച്ച് വരുമ്പോൾ അമ്മ മകന്റെ മൃതദേഹത്തിന്റെ അരികിലിരുന്ന് കരയുകയായിരുന്നു. സംഭവത്തിൽ ഇദ്രിസിയെ പൊലീസ് അറസ്റ്റ് കോടതിയിൽ ഹാജരാക്കി. കൂടുതൽ അന്വഷണത്തിനായി ഇദ്രിസിയെ ആഗസ്റ്റ് 31 വരെ പൊലീസ് കസ്റ്റയിൽ വിട്ടു.

Post a Comment

0 Comments