മോദി ഇന്ത്യയുടെ പ്രധാനമന്ത്രി, ബി.ജെ.പിയുടേതല്ല: രൂക്ഷവിമർശനവുമായി ഹൈക്കോടതി

മോദി ഇന്ത്യയുടെ പ്രധാനമന്ത്രി, ബി.ജെ.പിയുടേതല്ല: രൂക്ഷവിമർശനവുമായി ഹൈക്കോടതി

ന്യൂഡൽഹി: പീഡനക്കേസ് പ്രതി ഗുർമീത് റാം റഹീമിന്റെ അനുയായികൾ അഴിച്ച് വിട്ട അക്രമം അടിച്ചമർത്തുന്നതിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കും കേന്ദ്രസർക്കാരിനും ഒഴിഞ്ഞ് മാറാനാവില്ലെന്ന് പഞ്ചാബ് ഹരിയാന ഹൈക്കോടതിയുടെ വിമർശനം. അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയാണെന്നും ബി.ജെ.പിയുടേതല്ലെന്നും കോടതി നിരീക്ഷിച്ചു.

കഴിഞ്ഞ ദിവസം നടന്ന അതിക്രമങ്ങൾ സംസ്ഥാനത്തിന്റെ പരിഗണനയിലുള്ള വിഷയമാണെന്ന, കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ, അഡീഷണൽ സോളിസിറ്റർ ജനറൽ സത്യപാൽ ജെയിനിന്റെ വാദത്തോട് പ്രതികരിക്കുകയായിരുന്നു കോടതി. അഭിഭാഷകന്റെ വാദം കേട്ട് ക്ഷുഭിതനായ കോടതി ഹരിയാന ഇന്ത്യയുടെ ഭാഗമല്ലേ എന്ന് ചോദിച്ചു. പഞ്ചാബിനോടും ഹരിയാനയോടും കേന്ദ്രസർക്കാർ ചിറ്റമ്മ നയം തുടരുന്നതെന്തിനാണെന്നും കോടതി ചോദിച്ചു.

സംസ്ഥാനത്ത് നടന്ന അതിക്രമങ്ങളു‌ടെ പേരിൽ ഹരിയാന മുഖ്യമന്ത്രിയെയും കോടതി നേരത്തെ ശാസിച്ചിരുന്നു. അക്രമങ്ങൾ തടയുന്നതിൽ സർക്കാർ പരാജയമാണെന്ന് പറഞ്ഞ കോടതി രാഷ്ട്രീയ ലാഭത്തിനായി മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ അക്രമത്തിന് കൂട്ടുനിന്നെന്നും കുറ്റപ്പെടുത്തി. സംഭവത്തിൽ പഞ്ച്കുളയിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനെ ബലിയാടാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ഇതിനൊക്കെ നിർദ്ദേശം നൽകിയ ആൾക്കാരെ എന്ത് ചെയ്യണമെന്നും കോടതി ചോദിച്ചു.

അതേസമയം, മണിക്കൂറുകൾ നീണ്ട അക്രമം നിയന്ത്രണ വിധേയമാക്കിയിട്ടുണ്ടെന്ന് സുരക്ഷാ ഏജൻസികൾ അറിയിച്ചു. അതിനിടെ, സിംഗിന്റെ സിർസയിലെ ആശ്രമമായ കുരുക്ഷേത്രയിൽ സൈന്യം പ്രവേശിച്ചു. ഏക്കർ കണക്കിന് വിസ്‌തീർണത്തിലുള്ള വമ്പൻ ആശ്രമത്തിൽ സ്ത്രീകളും കുട്ടികളുമടക്കം പതിനായിരത്തോളം അനുയായികൾ തമ്പടിച്ചിട്ടുണ്ട്. ആശ്രമത്തിൽ സൈന്യം ഫ്ളാഗ് മാർച്ച് നടത്തുകയും ആശ്രമത്തിലെ രണ്ട് ഓഫീസുകൾ പൂട്ടിക്കുകയും ചെയ്തു.

Post a Comment

0 Comments