ഹജ്ജ്: മാനവികതയുടെ വെള്ളക്കടൽ തീർക്കുന്ന അത്യപൂർവ്വ സംഗമം (ലേഖനം: ബഷീർ മുഹമ്മദ് പുണ്ടൂർ)

ഹജ്ജ്: മാനവികതയുടെ വെള്ളക്കടൽ തീർക്കുന്ന അത്യപൂർവ്വ സംഗമം (ലേഖനം: ബഷീർ മുഹമ്മദ് പുണ്ടൂർ)

മാനവികതയുടെ തഹ്ലീലോതി ധന്യതയുടെ  ദുൽഹിജ്ജ മാസം വീണ്ടും അരങ്ങിലെത്തുമ്പോൾ ആത്മീയാനുഭൂതിയുടെ ഹർഷോന്മാദം തീർക്കുന്ന പരിശുദ്ധമായ ഹജ്ജ് കർമ്മത്തെ മനസ്സിൽ താലോലിച്ചു കൊണ്ടിരിക്കും. ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിലൊന്ന്, ലോക ജനസമൂഹം തോളോട് തോൾ ചേർന്ന് വെള്ളക്കടൽ തീർക്കുന്ന അത്യപൂർവ്വ സംഗമം.

വിശ്വാസിക്ക് രണ്ട് ആഘോഷമെ ദീനിൽ സുന്നത്തായുള്ളൂ, വ്രതവിശുദ്ധിയുടെ തൊട്ടിലിലാടി ഒന്നിച്ചാഘോഷിക്കുന്ന ചെറുപെരുന്നാൾ, അന്തരീക്ഷത്തിൽ തക്ബീറിന്റെ മന്ത്രധ്വനികൾ തീർത്ത് കൊണ്ടാടുന്ന ബലിപെരുന്നാൾ, പേര് സൂചിപ്പിക്കുംപോലെ ഉള് ഹിയ്യത്തിന്റെ  പ്രതിഫല രഥത്തിലേറി ബലിയുടെ കർമ്മ വസന്തം തീർക്കുന്ന ബലിപെരുന്നാൾ.

റമളാൻ കഴിഞ്ഞാൽ പിന്നെ ആത്മീയാനുഭൂതി പകരാൻ കെൽപ്പുള്ള മാസങ്ങളിൽ ഒന്നാണല്ലോ ദുൽഹിജ്ജ, ലോകജനത മൊത്തം കഅ ബാലയം വലയം വെക്കുന്ന ഒരറ്റ കാഴ്ച മാത്രം മതി, ദുൽഹിജ്ജ സർവ്വരുടെയും മനസ്സിനകത്ത് സ്ഥാനം പിടിക്കാൻ, മുസ്ലിം ലോകരുടെ ഏറ്റവും വലിയ ആഗ്രഹമായ നെഞ്ചിൽ ലാളിച്ച് കൊണ്ടു നടക്കുന്ന അഭിലാശമാണ് കഅബ  സന്ദർശനം. എനിക്ക് ഒരു ഉസ്താദുണ്ടായിരുന്നു,  കഅ്ബയെ മനസ്സിൽ ധ്യാനിച്ച് മക്കയും മദീനയും ചിത്രങ്ങളിൽ നിന്ന് വെട്ടിയെടുത്ത് സൂക്ഷിച്ചുവച്ച് മാതൃക കാട്ടിയ ആ അഭിവന്ദ്യ ഗുരു കഴിഞ്ഞ വർഷം ഉംറാ കർമ്മം നിർവഹിച്ച് കൺകുളിർമ്മയേകി,

ഹജ്ജിന്റെ ഓരോ ഘടകങ്ങളും അത്ഭുതം തന്നെയാണ്  വിടർത്തുന്നത് ഇഹ്റാം മുതൽ ത്വവാഫുൽ വിദാഅ് വരെ,  നീണ്ടുനിൽക്കുന്ന ഈ ആരാധന എടുത്തുകാട്ടുന്ന മഹത്വങ്ങൾ ചെറുതൊന്നുമല്ല. അറഫ സംഗമം വിളിച്ചോതുന്ന  ലോകത്തിലെ നമ്പർ വൺ സൗഹൃദ സന്ദേശത്തിന് പകരം നിൽക്കാൻ ലോകത്തിലെ മറ്റൊരു സംഘടനയ്ക്കും  സാധ്യമല്ല. ഭൂമിയുടെ അഷ്ട ദിക്കുകളിൽ നിന്ന് വർണ്ണ, വർഗ്ഗ, കുടുംബ, വ്യത്യാസങ്ങൾ ഇല്ലാതെ സമത്വത്തിന്റെ വശ്യസൗന്ദര്യം തെളിയിക്കുമ്പോൾ ഹജെജന്ന മഹാ കർമ്മം ഒരു തുറന്ന് വെച്ച  സന്ദേശ പുസ്തകത്തിന്റെ റോളിലെത്തുന്നു. പണക്കാരനും പാവപ്പെട്ടവനും ഒരു തുണ്ട് തൂവെളള തുണിക്കുള്ളിൽ സൗഹൃദവലയം തീർക്കുമ്പോൾ, ആ രംഗം കണ്ട് ഇസ് ലാമിന്റെ സത്പന്ഥാവിലേക്ക് കടന്നുവന്നവരൊക്കെ ചരിത്രത്തിന്റെ ഭാഗം തന്നെയാണ്.

ശാസ്ത്രം തന്നെ മുട്ടുമടക്കിയ അത്ഭുത വെള്ളം സംസ്മിന്റ ചരിത്ര പശ്ചാത്തലം  വിവരണാതീമാവുമ്പോൾ, സാറാ ബീവിയുടെ പരക്കംപാച്ചിലിനിടയിൽ ഉറവപൊട്ടിയ ആ വെള്ളമിന്നും വറ്റാതെ ഒഴുകിക്കൊണ്ടിരിക്കുന്നു. എത്ര കുടിച്ചാലും മതി വരാത്ത ദാഹജലം, ഹാജിമാർ മടങ്ങുമ്പോൾ ലിറ്റർ കണക്കിന് സംസം വെള്ളം ബോട്ടിലിലാക്കി കയറ്റുമതി ചെയ്യാൻ തുടങ്ങിയിട്ട് കാലം കുറെയായി. വെയിലെത്ര ശക്തമായാലും വരൾച്ചയുടെ പിടിയിലകപ്പെടാതെ കൂടുതൽ അത്ഭുതം തോന്നിപ്പിക്കുക്കയാണ് സംസം കിണർ

ഹജ്ജ് യാത്രയും, യാത്ര കുറിപ്പുകളും, അനുഭവങ്ങളും മനസ്സിൽ കൊളുത്തിവച്ച ആത്മീയ തൃപ്തിയാണ് ജീവിതത്തിൽ ഉളവാകുന്ന വലിയ സന്തോഷങ്ങളിലൊന്ന്. അന്നൊക്കെ പായക്കപ്പലിലേറി സാഹസികമായ ഹജ്ജ് നിർവഹിച്ച് മടങ്ങിയവർ, ഇന്ന് ആധുനിക സൗകര്യത്തിന്റെ മുതുകിലേറി അഭിലാഷം പൂപണിയിക്കാൻ മത്സരിക്കുന്നു, ലക്ഷങ്ങൾ വരെ മുടക്കി മക്കാ മദീനയുടെ പാവന മണ്ണിൽ പാദമൂന്നി സന്തോഷ സുഷുപ്തിയിലാറാടുവാൻ  ആത്മീയ ദാഹികൾ കൊതികൂട്ടുന്നു.
സഫയും മർവയും പകരുന്ന ഉൾക്കരുത്ത് എഴുതിയറയിക്കൽ അസാധ്യം, മധുരമുള്ള ഹൃദയഹാരിയായ കാഴ്ചയ്ക്ക് ദൈവത്തോട് പ്രാർത്ഥിച്ചുകൊണ്ട് വിരാമം.


ബഷീർ മുഹമ്മദ് പുണ്ടൂർ


Post a Comment

0 Comments