മംഗളൂരു: യുവമോർച്ചയുടെ ചലോ മംഗളൂരു ബൈക്ക് റാലിക്കായി എത്തിയ മുതിർന്ന ബി.ജെ.പി നേതാവ് ബി.എസ്.യെദ്യൂരപ്പ അടക്കമുള്ള നേതാക്കളെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. സുരക്ഷാ കാരണങ്ങൾ കണക്കിലെടുത്ത് റാലിക്ക് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. എന്നാൽ, വിലക്ക് ലംഘിച്ച് ആയിരത്തിലേറെ അനുയായികളുമായി ജില്ലാ കളക്ടറുടെ ഓഫീസിലേക്ക് മാർച്ച് നടത്തിയ യെദ്യൂരപ്പയേയും സംഘത്തേയും പൊലീസ് തടഞ്ഞു, ദക്ഷിണ കന്നഡ ജില്ലയിൽ 12 പ്രവർത്തകരെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് റാലി നടത്തിയത്.
സംസ്ഥാനത്ത് ക്രമസമാധാനം ഉറപ്പു വരുത്താൻ കഴിഞ്ഞില്ലെങ്കിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവയ്ക്കണമെന്ന് യെദ്യൂരപ്പ പറഞ്ഞു. ബി.ജെ.പി പ്രവർത്തകരുടെ കൊലപാതകത്തിൽ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഒഫ് ഇന്ത്യയുമായി ബന്ധമുള്ള സംഘടനകൾക്ക് പങ്കുണ്ടെന്നാണ് യുവമോർച്ചയുടെ ആരോപണം. ഇതേക്കുറിച്ച് സി.ബി.ഐ അന്വേഷണമോ എൻ.ഐ.എയുടെ അന്വേഷണമോ വേണമെന്നും യുവമോർച്ച ആവശ്യപ്പെട്ടിട്ടുണ്ട്.
റാലി കണക്കിലെടുത്ത് ദ്രുതകർമ സേനയും റിസർവ് പൊലീസും അടക്കം ആയിരത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് മംഗളൂരുവിൽ വിന്യസിച്ചിരുന്നത്. എന്നാൽ, സമരക്കാർ ബാരിക്കേഡുകൾ തകർക്കുകയും റാലി നടത്തുകയുമായിരുന്നു.
ഇന്ന് രാവിലെ 11 മണി മുതൽ രണ്ട് മണി വരെ നെഹ്റു മൈതാനത്ത് പ്രതിഷേധത്തിന് പൊലീസ് അനുമതി നൽകിയിരുന്നു. എന്നാൽ, ബൈക്ക് റാലിക്ക് അനുമതിയുണ്ടായിരുന്നില്ല.
0 Comments