അറസ്റ്റിന് സാധ്യതയെന്ന് സൂചന: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കാവ്യാമാധവനും ഹൈക്കോടതിയിലേക്ക്

അറസ്റ്റിന് സാധ്യതയെന്ന് സൂചന: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കാവ്യാമാധവനും ഹൈക്കോടതിയിലേക്ക്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായ ദിലീപിന്‍റെ ഭാര്യ കാവ്യാ മാധവനും മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിലേക്ക്. കാവ്യ മുൻകൂർ ജാമ്യഹർജി ഇന്ന് തന്നെ ഹൈക്കോടതിയിൽ നൽകും. കേസിൽ തന്നെയും അറസ്റ്റ് ചെയ്യാൻ പോലീസ് നീക്കം നടത്തുന്നുണ്ടെന്ന് മനസിലാക്കിയാണ് കാവ്യയുടെ നടപടി. ദിലീപിന്‍റെ അഭിഭാഷകൻ ബി.രാമൻപിള്ള മുഖേനയാണ് കാവ്യയും ഹർജി സമർപ്പിക്കുന്നത്.

കേസിലെ മുഖ്യപ്രതിയായ പൾസർ സുനിയുമായി കാവ്യയ്ക്ക് ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. പൾസർ സുനിയും ഇക്കാര്യം തുറന്ന് സമ്മതിക്കുകയും ചെയ്തു. താൻ പറഞ്ഞ മാഡം കാവ്യയാണെന്നും അവർക്ക് ഗുഢാലോചനയെക്കുറിച്ച് അറിവില്ലായിരുന്നുവെന്നുമാണ് സുനി പറഞ്ഞത്. എന്നാൽ പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ സുനിയെ അറിയില്ലെന്ന നിലപാടാണ് കാവ്യ സ്വീകരിച്ചത്. ഇതിന് വിരുദ്ധമായ തെളിവുകൾ പോലീസിന് ലഭിച്ചുവെന്ന് മനസിലാക്കിയാണ് കാവ്യ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിലേക്ക് എത്തുന്നത്.

നടിയെ ആക്രമിച്ച സംഭവത്തിന് ശേഷം മുഖ്യപ്രതി സുനിൽകുമാർ കാവ്യയുടെ കാക്കനാട്ടെ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയിൽ എത്തിയെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. എന്നാൽ സുനിൽകുമാർ ലക്ഷ്യയിൽ എത്തിയതിന്‍റെ സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ച അവസ്ഥയിലാണ്. കാവ്യയുടെ വില്ലയിൽ സുനിൽ എത്തിയതിന്‍റെ രജിസ്റ്റർ രേഖകളും നശിപ്പിക്കപ്പെട്ടുവെന്ന് പോലീസ് കണ്ടെത്തി. ഇതിന്‍റെ എല്ലാം അടിസ്ഥാനത്തിൽ അറസ്റ്റുണ്ടാവാൻ സാധ്യതയുണ്ടെന്ന നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് തിടുക്കൽ മുൻകൂർ ജാമ്യാപേക്ഷയുമായി താരം ഹൈക്കോടതിയിൽ എത്തിയിരിക്കുന്നത്.

Post a Comment

0 Comments