തിരുവനന്തപുരം: തിരുവനന്തപുരത്തെത്തിയ ഷാർജ ഭരണാധികാരിയും യു.എ.ഇ സുപ്രീം കൗൺസിൽ അംഗവുമായ ഡോ. ഷേക്ക് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിക്ക് വിമാനത്താവളത്തിൽ ഊഷ്‌മള വരവേല്പ്. വ്യോമസേനാ വിമാനത്താവളത്തിലെത്തിയ ഖാസിമി മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, മേഴ്സിക്കുട്ടിയമ്മ, കെ.ടി.ജലീൽ, കടന്നപ്പള്ളി രാമചന്ദ്രൻ അടക്കമുള്ളവർ ചേർന്ന് സ്വീകരിച്ചു.
നാളെ രാവിലെ 10.55ന് രാജ്ഭവനിൽ ഗവർണറുമായി ഖാസിമി കൂടിക്കാഴ്ച നടത്തും. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരുമായി രാജ്ഭവനിൽ ആശയവിനിമയം നടത്തും. ഉച്ചയ്ക്ക് 12.45ന് ഗവർണർ ഒരുക്കുന്ന വിരുന്നിൽ പങ്കെടുക്കും. വൈകിട്ട് 6.30ന് കോവളം ഹോട്ടൽ ലീലാ റാവിസിൽ സുൽത്താനുവേണ്ടി സാംസ്‌കാരിക പരിപാടി ഒരുക്കിയിട്ടുണ്ട്. തുടർന്ന് മുഖ്യമന്ത്രി ഒരുക്കുന്ന വിരുന്നിൽ പങ്കെടുക്കും.
26ന് രാവിലെ 10.25ന് ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയശേഷം 11ന് രാജ്ഭവനിലേക്ക് തിരിക്കും. രാജ്ഭവനിൽ നടക്കുന്ന കാലിക്കട്ട് യൂണിവേഴ്‌സിറ്റിയുടെ ബിരുദദാന ചടങ്ങിൽ അദ്ദേഹം സംബന്ധിക്കും. ഉച്ചയ്ക്ക് ഒരുമണിക്ക് ഹോട്ടൽ ലീലാ റാവിസിൽ വിദ്യാഭ്യാസ മന്ത്രി ഒരുക്കുന്ന വിരുന്നിൽ പങ്കെടുക്കും. 'സുൽത്താനും ചരിത്ര രേഖകളും' എന്ന വിഷയത്തിൽ വൈകിട്ട് 5ന് വഴുതക്കാട് ഹോട്ടൽ താജ് വിവാന്റയിൽ ഷേക്ക് സുൽത്താൻ പ്രഭാഷണം നടത്തും. തുടർന്ന് വാർത്താസമ്മേളനത്തിൽ പങ്കെടുക്കും. 27ന് കൊച്ചിയിൽ നടക്കുന്ന വിവിധ പരിപാടികളിൽ സംബന്ധിക്കും. 28ന് ഷാർജയിലേക്ക് മടങ്ങും.
0 Comments