മലപ്പുറം: ഒരു നാട് മുഴുവൻ ആ ഭാഗ്യവാനാരാണെന്ന് അന്വേഷിച്ച് നടക്കുമ്പോൾ പാലത്തിങ്ങൽ ചുഴലിയിലെ വീട്ടിൽ വിശ്രമത്തിലായിരുന്നു മുസ്തഫ. ഓണം ബമ്പർ ലോട്ടറി നറുക്കെടുപ്പിൽ പരപ്പനങ്ങാടിയിലാണ് ഒന്നാം സമ്മാനമെന്ന വിവരമറിഞ്ഞപ്പോൾ തന്നെ മുസ്തഫ തന്റെ ടിക്കറ്റുകളും ഫലവും ഒത്തുനോക്കിയിരുന്നു.
1000 രൂപയ്ക്ക് നാല് ഓണം ബമ്പർ ടിക്കറ്റുകളാണ് മുസ്തഫ വാങ്ങിയിരുന്നത്. ഇതിലൊന്നിനാണ് ഒന്നാം സമ്മാനമായ പത്തുകോടി അടിച്ചതെന്ന് മനസിലായെങ്കിലും മുസ്തഫ ആരോടും ഒന്നും പറഞ്ഞില്ല. ആളുകളുടെ ബഹളം പേടിച്ചാണ് ആരോടും വിവരം പറയാതിരുന്നത്. പക്ഷേ ഭാര്യയോട് മാത്രം കാര്യം പറഞ്ഞു. അതും അർദ്ധരാത്രിയിൽ. പരപ്പനങ്ങാടി മുഴുവൻ ആ കോടീശ്വരനെ അന്വേഷിച്ച് നടക്കുമ്പോൾ ഭാഗ്യവാനും AJ 442876 എന്ന ടിക്കറ്റും ചുഴലിയിലെ പഴക്കം ചെന്ന വീട്ടിൽ വിശ്രമത്തിലായിരുന്നു.
പരപ്പനങ്ങാടി ബസ് സ്റ്റാൻഡിൽ നിന്നും വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനമെന്ന് മനസിലാക്കിയ ലോട്ടറി വിൽപ്പനക്കാരൻ ഖാലിദ് മുസ്തഫയെ വിളിച്ച് കാര്യമന്വേഷിച്ചിരുന്നെങ്കിലും തനിക്കാണ് പത്തുകോടി അടിച്ചതെന്ന കാര്യം അദ്ദേഹം വെളിപ്പെടുത്തിയിരുന്നില്ല.
വെള്ളിയാഴ്ച വൈകീട്ട് മുതൽ പരപ്പനങ്ങാടി മുഴുവൻ ഭാഗ്യവാനെ തേടിയലഞ്ഞപ്പോൾ എല്ലാം കണ്ട് ഒരു ചെറുചിരിയോടെ ചുഴലിയിലെ വീട്ടിൽ മുസ്തഫയുണ്ടായിരുന്നു. ബമ്പറടിച്ച ഭാഗ്യവാനെന്ന പേരിൽ പലരുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചപ്പോഴും മുസ്തഫ പ്രതികരിക്കാൻ പോയില്ല.
ഓണം ബമ്പർ നറുക്കെടുപ്പിൽ പത്തുകോടി ഒന്നാം സമ്മാനമടിച്ച കാര്യം ആരോടും പറയാതിരുന്ന മുസ്തഫയ്ക്ക് പക്ഷേ ഭാര്യയിൽ നിന്നും വിവരം മറച്ചുവെയ്ക്കാനില്ല. വെള്ളിയാഴ്ച രാത്രിയാണ് ലോട്ടറിയടിച്ച കാര്യം മുസ്തഫ ഭാര്യയോട് പറഞ്ഞത്.
ശനിയാഴ്ച നേരം പുലർന്നതോടെ ഭാഗ്യം കടാക്ഷിച്ച വിവരം ബന്ധുക്കളെ അറിയിച്ചു. തുടർന്ന് ബന്ധുക്കളുമായി ചർച്ച നടത്തിയ ശേഷമാണ് സമ്മാനർഹമായ ടിക്കറ്റ് പരപ്പനങ്ങാടി ഫെഡറൽ ബാങ്കിൽ ഏൽപ്പിക്കാൻ തീരുമാനിച്ചത്.
പരപ്പനങ്ങാടി, തിരൂർ മേഖലയിലെ ആർക്കോ ആണ് പത്തുകോടി അടിച്ചതെന്ന വാർത്ത പുറത്തുവന്നതോടെ ഈ പ്രദേശങ്ങളിലെ ബാങ്ക് മാനേജർമാരെല്ലാം ആ ഭാഗ്യവാൻ ആരാണെന്ന് അറിയാനുള്ള നെട്ടോട്ടത്തിലായിരുന്നു. പല ബാങ്ക് മാനേജർമാരും വെള്ളിയാഴ്ച രാത്രി വരെ പത്തുകോടിയുടെ ടിക്കറ്റും പ്രതീക്ഷിച്ച് കാത്തിരുന്നു.
ബാങ്ക് മാനേജർ സന്ധ്യയുമായി നേരത്തെ പരിചയമുള്ളതിനാലാണ് സമ്മാനർഹമായ ടിക്കറ്റ് പരപ്പനങ്ങാടി ഫെഡറൽ ബാങ്കിൽ ഏൽപ്പിക്കാൻ തീരുമാനിച്ചത്. സമ്മാനം അടിച്ചെന്ന വിവരം ബാങ്ക് മാനേജറെ അറിയിച്ചയുടൻ അവധി ദിവസമായിട്ടും അവർ ബാങ്ക് തുറക്കാനെത്തി. അവധി ദിവസമായിട്ടും ബാങ്ക് തുറന്നതെന്തിനാണെന്ന് അന്വേഷിച്ച നാട്ടുകാർക്ക് പിന്നീടാണ് സംഗതി മനസിലായത്.
പാരമ്പര്യമായി തേങ്ങാ, കൊപ്ര കച്ചവടക്കാരാണ് മുസ്തഫയുടെ കുടുംബം. പണ്ട് 12ലേറെ തോണികൾ സ്വന്തമായി ഉണ്ടായിരുന്ന മുസ്തഫയുടെ കുടുംബം പിന്നീട് സാമ്പത്തികമായി ക്ഷയിച്ചു. ഇതിനിടെ രണ്ട് വർഷത്തോളം മുസ്തഫ
ഗൾഫിൽ ജോലി ചെയ്തിരുന്നു.
ഗൾഫിൽ നിന്നും തിരികെയെത്തിയ മുസ്തഫ ഉപ്പയോടൊപ്പം കൂടി. തേങ്ങാ കച്ചവടവും, കൊപ്ര ലോറിയിലെ ഡ്രൈവറായും ജോലി ചെയ്തിരുന്ന മുസ്തഫ സ്ഥിരമായി ടിക്കറ്റ് എടുക്കാറുണ്ടെങ്കിലും ഇതുവരെ ചെറിയ സമ്മാനങ്ങൾ
മാത്രമേ ലഭിച്ചിട്ടുള്ളു.
'വീടു പണി നടത്തണം, മക്കൾക്കൊക്കെ വേണ്ടത് ചെയ്തു കൊടുക്കണം, പിന്നെ കൊപ്ര ബിസിനസ് നന്നാക്കിയെടുക്കണം'- ഇതെല്ലാമാണ് മുസ്തഫയുടെ ആഗ്രഹങ്ങൾ. സൈനബായാണ് മുസ്തഫയുടെ ഭാര്യ. മുബസിന, മുഫ്ന, മുഹമ്മദ് മുനീർ, മുജീബ് റഹ്മാൻ എന്നിവരാണ് മക്കൾ.
0 Comments