കണ്ണൂർ: സംസ്ഥാനത്തെ ബാറുകളുടെ ദൂരപരിധി കുറച്ചിട്ടില്ലെന്ന് എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ്. വിദ്യാലയങ്ങളുടെയും ആരാധനാലയങ്ങളുടെയും സമീപത്തു നിന്ന് ബാറുകളുടെ ദൂരം 50 മീറ്ററാക്കി കുറച്ചെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
വിദേശ വിനോദ സഞ്ചാരികളുടെ സൗകര്യം കണക്കിലെടുത്ത് ഫൈവ് സ്റ്റാർ ബാറുകളുടെ ദൂരപരിധി കുറയ്ക്കാൻ പറ്റുമോയെന്ന നിർദേശം മാത്രമേ എക്സൈസ് വകുപ്പിൽ നിന്ന് മുന്നോട്ട് വച്ചിട്ടുള്ളുവെന്നും എന്നാൽ ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ കള്ളു ഷാപ്പുകളുടെ ദൂരം 400 മീറ്ററായും ബാറുകളുടേത് 200 മീറ്ററായും തുടരുകയാണെന്നും ഋഷിരാജ് സിംഗ് അറിയിച്ചു. കണ്ണൂർ കേളകം ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ലഹരിവിരുദ്ധ ബോധവത്കരണ പരിപാടിയിൽ പങ്കെടുത്ത് മടങ്ങവേ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇക്കഴിഞ്ഞ സെപ്റ്റംബർ ഒന്നിനാണ്, സംസ്ഥാനത്തെ വിദ്യാലയങ്ങളുടെയും ആരാധനാലയങ്ങളുടെയും സമീപത്തു ബാറുകൾ സ്ഥാപിക്കാനുള്ള ദൂരപരിധി 50 മീറ്ററാക്കി കുറച്ചുകൊണ്ടു സർക്കാർ ഉത്തരവിറക്കിയെന്ന വാർത്തകൾ വന്നത്. ഫോർ സ്റ്റാറിനും അതിനു മുകളിലുമുള്ള ബാറുകളുടെയും ദൂരപരിധിയാണ് കുറച്ചതെന്നായിരുന്നു വിവരം.
കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്താണ് 50 മീറ്ററായിരുന്ന ദൂരപരിധി 200 മീറ്ററാക്കി ഉയർത്തിയത്. അതോടെ സ്കൂളുകൾക്കും ആരാധനാലയങ്ങൾക്കും സമീപമുള്ള മദ്യശാലകൾ പലതും പൂട്ടിയിരുന്നു. 200 മീറ്റർ ദൂരപരിധി ടൂറിസത്തെ ദോഷകരമായി ബാധിക്കുന്നതിനാൽ ദൂരപരിധി കുറയ്ക്കണമെന്ന് ഋഷിരാജ്സിംഗ് സർക്കാരിനു ശിപാർശ നൽകിയതിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് വകുപ്പ് സെക്രട്ടറി ടോം ജോസ് ദൂരപരിധി കുറച്ചുകൊണ്ട് ഉത്തരവിറക്കിയതെന്നായിരുന്നു വിവരം.
0 Comments