തിരുവനന്തപുരം: പശ്ചാത്തല വികസന മേഖലയിൽ അടുത്ത നാല് വർഷം കൊണ്ട് കേരളവും ഷാർജയും ചേർന്ന് 50,000 കോടി മുതൽ മുടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഷാർജ ഭരണാധികാരിയും യു.എ.ഇ സുപ്രീം കൗൺസിൽ അംഗവുമായ ഡോ.ഷേക്ക് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുമായുള്ള ചർച്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. ഐ.ടിയും ടൂറിസവും കേരളത്തിന്റെ സാമ്പത്തിക വളർച്ചയിലെ പ്രധാന ഘടകങ്ങളാണെന്നും പശ്ചാത്തല വികസനത്തിനുള്ള ഭാവി പദ്ധതികളിൽ ഷാർജയുടെ സഹകരണവും പങ്കാളിത്തവും കേരളം പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി സുൽത്താനെ അറിയിച്ചു.
മലയാളികൾക്കു വേണ്ടി ഷാർജയിൽ ഭവന പദ്ധതി തുടങ്ങുന്ന കാര്യവും ചർച്ചയായി. ഉയരം കൂടിയ 10 അപ്പാർട്ട്‌മെന്റ് ടവറുകളാണ് ഉദ്ദേശിക്കുന്നത്. ഇതിന് 10 ഏക്കർ ഭൂമി ആവശ്യമുണ്ട്. കേരളവും ഷാർജയും സഹകരിച്ച് ഈ പദ്ധതി നടപ്പാക്കാൻ കഴിയും. ഫാമിലി സിറ്റിയിൽ ആധുനിക ചികിത്സാ സൗകര്യങ്ങൾ ഉണ്ടാകും. ചികിത്സാ സൗകര്യം വലിയ ആശുപത്രിയായി വികസിപ്പിക്കുമ്പോൾ ഷാർജ നിവാസികൾക്ക് ചികിത്സാ സേവനം ലഭിക്കും. അന്താരാഷ്ട്ര നിലവാരമുള്ള പബ്ലിക് സ്‌കൂളുകൾ, എഞ്ചിനീയറിംഗ് കോളേജ്, മെഡിക്കൽ കോളേജ്, നൈപുണ്യവികസന പരിശീലന കേന്ദ്രങ്ങൾ എന്നിങ്ങനെ മികവുറ്റ കേന്ദ്രങ്ങൾ ആരംഭിക്കും.
കേരളത്തിന്റെ സമ്പന്നമായ സംസ്‌കാരവും പൈതൃകവും അവതരിപ്പിക്കുന്ന സാംസ്‌കാരിക കേന്ദ്രംത്തിനായി ഷാർജയിൽ 10 ഏക്കർ സ്ഥലം അനുവദിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കേരളത്തിന്റെ ചരിത്രവും സംസ്‌കാരവും ലോകത്തിന് മുമ്പിൽ അവതരിപ്പിക്കുന്ന മ്യൂസിയം, കലകൾ അവതരിപ്പിക്കുന്നതിനുള്ള വേദികൾ, പ്രദർശനം സംഘടിപ്പിക്കുന്നതിനുള്ള സൗകര്യം, ആയുർവേദം അടിസ്ഥാനമാക്കിയുള്ള മെഡിക്കൽ ടൂറിസത്തിന് ഷാർജയിൽ സൗകര്യം ഇവയാണ് സാംസ്‌കാരിക കേന്ദ്രം കൊണ്ട് ഉദ്ദേശിക്കുന്നത്. കേരളത്തിന്റെ ആയുർവേദ ഹബ്ബും സ്ഥാപിക്കും. ഷാർജയിൽ നിന്ന് വരുന്ന അതിഥികൾക്ക് വേണ്ടി കേരളത്തിൽ പ്രത്യേക ആയുർവേദം ടൂറിസം പാക്കേജുകൾ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഐ.ടിയിൽ കേരളത്തിനുള്ള വൈദഗ്ദ്ധ്യവും ശക്തമായ അടിത്തറയും പരസ്പര സഹകരണത്തിന് പ്രയോജനപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്റ്റാർട്ട് അപ്പുകൾ പ്രോത്സാഹിപ്പിക്കുന്നതിനും വളർത്തിയെടുക്കുന്നതിനും കേരളത്തിന് മികച്ച പദ്ധതിയും ഏജൻസിയുമുണ്ട്. ഷാർജയിലെ യുവജനങ്ങളിൽ സങ്കേതിക സംരംഭകത്വം വളർത്തിയെടുക്കുന്നതിൽ കേരളത്തിലെ സ്റ്റാർട്ട് അപ്പ് മിഷന് പങ്കുവഹിക്കാൻ കഴിയും. ഷാർജ സർക്കാരിന്റെയും ഷാർജയിലെ പ്രമുഖ കമ്പനികളുടെയും 'ബാക്ക് ഓഫീസ് ഓപ്പറേഷൻസ്' കേരളത്തിന്റെ സംവിധാനങ്ങളിൽ ചെയ്യാൻ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം 2018ൽ പൂർത്തിയാവുന്പോൾ വിമാനത്താവളത്തിന് സമീപം ലോക നിലവാരത്തിലുള്ള മെഡിക്കൽ സെന്റർ ഷാർജയിലെ നിക്ഷേപകരുടെ മുതൽ മുടക്കിൽ ആരംഭിക്കാമെന്ന നിർദ്ദേശവും മുഖ്യമന്ത്രി മുന്നോട്ട് വച്ചു
0 Comments