'കേരളം നിങ്ങളുടെ രണ്ടാം സംസ്ഥാനം': ഇതര സംസ്ഥാന തൊഴിലാളികളോട് കളക്ടര്‍

'കേരളം നിങ്ങളുടെ രണ്ടാം സംസ്ഥാനം': ഇതര സംസ്ഥാന തൊഴിലാളികളോട് കളക്ടര്‍

കാസര്‍കോട്: ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് യാതൊരുവിധ ആശങ്കളുമില്ലാതെ സുരക്ഷിതത്തോടെയും സ്വാതന്ത്രത്തോടെയും ഇവിടെ എന്തുജോലിയും ചെയ്യാമെന്നും തൊഴിലാളികള്‍ക്ക് ജില്ലാ ഭരണകൂടം എല്ലാ പിന്തുണയും സുരക്ഷയും നല്‍കുമെന്നും ജില്ലാ കളക്ടര്‍ ജീവന്‍ബാബു.കെ പറഞ്ഞു. കേരളം രണ്ടാം സംസ്ഥാനമാണെന്നും നാട്ടിലെപോലെ ഇവിടെയും എല്ലാ സുരക്ഷയും ഉണ്ടാകുമെന്നും വാട്ട്‌സ് ആപ്പ് പോലെയുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ വരുന്ന വ്യാജപ്രചരണങ്ങളെ തള്ളിക്കളയണമെന്നും ഇതരസംസ്ഥാന തൊഴിലാളികളോട് ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് ഇതര സംസ്ഥാന തൊഴിലാളിയെ കൊന്നുവെന്ന തരത്തില്‍ വാട്ട്‌സ്ആപ്പിലൂടെ വ്യാജ പ്രചരണങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ കളക്ടറേറ്റില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി നടത്തിയ ബോധവത്ക്കരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിന്റെ പുരോഗതിക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ് നിങ്ങള്‍. നിങ്ങളുടെ ക്ഷേമവും സംരക്ഷണവും ഉറപ്പു വരുത്തും-കളക്ടര്‍ പറഞ്ഞു.

കളക്ടറേറ്റില്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ നിര്‍മ്മാണ, ഹോട്ടല്‍, പ്ലൈവുഡ് തുടങ്ങിയ മേഖലകളില്‍ ജോലിയെടുക്കുന്ന നൂറുകണക്കിന് ഇതര സംസ്ഥാന തൊഴിലാളികള്‍ പങ്കെടുത്തു. ഒരു ആശങ്കയും ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വേണ്ടെന്ന് ജില്ലാ പോലീസ് മേധാവി കെ.ജി സൈമണും വ്യക്തമാക്കി. വ്യാജ പ്രചരണങ്ങള്‍ വാട്ട്‌സ് ആപ്പിലൂടെയും മറ്റും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലയിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ജോലി സ്ഥലത്തോ താമസ സ്ഥലത്തോ എന്തെങ്കിലും തരത്തിലുള്ള ഭീഷണികളോ മറ്റ് ബുദ്ധിമുട്ടികളോ ഉണ്ടായാല്‍ 04994 256950 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെടാം. ഉടനടി ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും സഹായം ലഭിക്കും. ഇതര സംസ്ഥാനത്തൊഴിലാളികളുടെ ക്ഷേമത്തിന് സര്‍ക്കാര്‍ മികച്ച പരിഗണനയാണ് നല്‍കുന്നത്. തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വിവിധ വകുപ്പുകള്‍ നടപടി സ്വീകരിക്കുന്നുണ്ട്.  വില്ലേജ് ഓഫീസ്, പോലീസ് സ്റ്റേഷന്‍, ജില്ലാ ലേബര്‍ ഓഫീസര്‍ എന്നിവിടങ്ങളില്‍ ആവശ്യമായ സഹായം ലഭിക്കും.
ആര്‍മി എജ്യൂക്കേഷണല്‍ ഇന്‍സ്ട്രക്ടര്‍(റിട്ട) പി.കരുണാകരന്‍, ജില്ലാ ലേബര്‍ ഓഫീസര്‍(എന്‍ഫോഴ്‌സ്‌മെന്റ്) എം.കുമാരന്‍നായര്‍,   ജില്ലാ ലേബര്‍ ഓഫീസര്‍(ജനറല്‍) കെ.മാധവന്‍, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ എം.ജയകൃഷ്ണ, ജില്ലാ മലേറിയ ഓഫീസര്‍ സുരേഷന്‍ എന്നിവര്‍ പങ്കെടുത്തു.

Post a Comment

0 Comments