
കാസർകോട്: മറ്റൊരു ഗോരാക്പൂർ ദുരന്തം ആവർത്തിക്കാതിരിക്കാൻ കാസർകോട് താലൂക്ക് ആശുപത്രിയിൽ അടിയന്തിരമായി ഇടപെടണമെന്നും വൈദ്യുതി നിലക്കുന്ന സമയങ്ങളിൽ ജനറേറ്റർ സംവിധാനം ഒരുക്കണമെന്നും കാസർകോടിനൊരിടം കൂട്ടായ്മ മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ആരോഗ്യവകുപ്പ് സെക്രട്ടറി, ജില്ലാ കലക്ടർ, കാസർകോട് എംഎൽഎ, ആശുപത്രി സൂപ്രണ്ട് എന്നിവർക്ക് നൽകിയ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
മെഡിക്കൽ കോളേജ് ഇല്ലാത്ത നഗരമെന്ന നിലയിൽ പതിനായിരക്കണക്കിന് രോഗികളുടെ ഏക ആശ്രയമായ ജനറൽ ആശുപത്രി പരാധീനതകളാൽ വീർപ്പു മുട്ടുകയാണ്. ബ്ലഡ് ബാങ്ക്, ആയിരകണക്കിന് പിഞ്ചു കുഞ്ഞുങ്ങൾ പ്രതിരോധ കുത്തിവെപ്പ് എടുക്കുന്ന കേന്ദ്രം, എ ആർ ടി സെന്റർ, സ്കാനിങ് എക്‌സ്‌റേ സെന്റർ, റൊക്കോഡ് റൂം എന്നിവിടങ്ങളിൽ വൈദ്യുതി നിലച്ചാൽ ബദൽ സംവിധാനങ്ങൾ ഇല്ല. അറ്റകുറ്റ പണിയുടെ പേരിലും മറ്റും വൈദ്യുതി മുടക്കം പതിവാകുന്ന സമയങ്ങളിൽ മൊബൈൽ വെളിച്ചത്തിൽ മരുന്ന് വിതരണം നടത്തുകയും മെഴുകുതിരി വെട്ടത്തിൽ കുഞ്ഞുങ്ങൾക്ക് കുത്തിവെപ്പ് എടുക്കുകയും ചെയ്യുന്നത് അത്യന്തം അപകടകരമാണ്. ബ്ലഡ് ബാങ്കിൽ അൾട്രാ ഫ്രീസർ സംവിധാനമോ രക്തം പ്ലാസ്മയും കണികകളുമായി വേർതിരിക്കുന്ന സപ്പറേഷൻ സംവിധാനമോ നിലവിൽ ജനറൽ ആശുപത്രിയിൽ ഇല്ല.റേഡിയോളജി ഡയഗ്നോസിസ് എന്നിവയ്ക്കായി രണ്ടാൾക്ക് പകരം ഒരു റേഡിയോളജിസ്റ്റാണ് ഉള്ളത്.അതിനാൽ ഗർഭിണികളെ സ്കാനിംഗിനായി ടെണ്ടർ അടിസ്ഥാനത്തിൽ സ്വകാര്യ ആശുപത്രിയിൽ അയക്കുകയാണ് ചെയ്യുന്നത്.ആവിശ്യത്തിന് ജീവനക്കാരില്ലാത്തതും രോഗികളെ ബാധിക്കുന്നു.ജനറൽ ആശുപത്രിയുടെ ശോചനീയാവസ്ഥക്ക് ഉടൻ പരിഹാരം കാണണമെന്ന് നിവേദനത്തിലൂടെ കാസർകോടിനൊരിടം ആവശ്യപ്പെട്ടു.
0 Comments