സപ്ത വർഷങ്ങൾ പിന്നിട്ടിട്ടും ഇരുട്ടിൽ തപ്പുന്ന ഒരന്വേഷണം, പ്രതികൾ ഇട്ടാവട്ടത്തുണ്ടായിട്ടും നിയമത്തിന്റെ മുന്നിൽ തെളിയിക്കാൻ സാധ്യമാവാതെ പോവുന്ന ഒരു കൊലപാതക റിപ്പോർട്ട്, അണിയറയിൽ തുരപ്പൻ തന്ത്രങ്ങൾ മെനഞ്ഞുണ്ടാക്കിയ വലിയ കൊലപാതകത്തിന്റെ ഘാതകർ ആരാണെന്നറിയാൻ വെമ്പൽ കൊള്ളുന്ന കുടുംബവും, പാർട്ടിയും, സംഘടനയും, ജനങ്ങളും...
ലോക്കൽ പോലീസും, പോസ്റ്റ്മോർട്ടം റിപ്പോർട്ടും തുന്നിപ്പിടിപ്പിച്ചത് ആത്മഹത്യ എന്നാണ് പക്ഷേ ബുദ്ധിയുള്ള പൊതുജനങ്ങൾക്ക് വിശ്വസിക്കാൻ വലിയ പ്രയാസമാണ്, കാരണം പരസഹായമില്ലാതെ എഴുന്നേറ്റു നടക്കാൻ പോലും പറ്റാത്ത ഉസ്താദ് ഇരുട്ടകലും മുമ്പ് ചെമ്പരിക്ക കടപ്പുറത്ത് എത്തുക, പാറപ്പുറത്ത് കയറുക എന്നൊക്കെ വെണ്ടക്കയക്ഷരത്തിൽ എഴുതിപ്പിടിപ്പിച്ചാൽ കണ്ണടച്ച് വിശ്വസിക്കാൻ ഞങ്ങളത്രയ്ക്കും വിണ്ഡികളല്ല, തൊട്ട് മുമ്പ് നടന്ന മാലിക് ദീനാർ ഉറൂസിന്റെ വേദിയിലേക്ക് പോലും ഉസ്താദിനെ കൈപ്പിടിച്ച് കയറ്റുന്ന കാഴ്ച്ച ആയിരങ്ങൾ കണ്ണ് തുറന്ന് കണ്ടതാണ്.
അന്വേഷണം ഊർജിതമാക്കി ലോക്കൽ പോലീസിൽ നിന്ന് സി ബി ഐ ലേക്ക് വരെ എത്തി, പക്ഷെ എന്ത് കിട്ടാൻ, ചെറിയ തുമ്പ് കിട്ടിത്തുടങ്ങുമ്പോഴേയ്ക്കും ഉന്നതർ കരുക്കൾ നീക്കിത്തുടങ്ങി, ലാസറിന്റെ കീഴിലുള്ള സി ബി ഐ സംഘം പ്രതിയുടെ പേര് പോലും വെളിപ്പെടുത്താനൊരുങ്ങിയപ്പോഴാണ് ഒറ്റരാത്രികൊണ്ട് കേസിന്റെ വഴി തന്നെ മാറ്റിമറിച്ച് ലാസറിനെ സ്ഥലം മാറ്റിയത്, ഇതൊക്കെ വിളിച്ചറിയിക്കുന്നത് പിന്നിലുള്ള ഭീമൻ സ്രാവുകളുടെ കറുത്ത കരങ്ങളെയാണ്.
ഒരു കാലത്ത് കാസർകോടിന്റെ തെരുവോരങ്ങളിൽ സമരങ്ങൾ മാത്രമായിരുന്നു കുടുംബവും, ആക്ഷൻ കമ്മിറ്റിയും,രാഷ്ട്രീയ പാർട്ടികളും, മത സംഘടനകളും, ഐക്യ വേദികളും, ഘാതകരെ കണ്ടെത്താൻ വേണ്ടി മുഖ്യമന്ത്രിക്ക് ഒപ്പ് ശേഖരിച്ച് നിവേദനം പോലുമയച്ചു, നിയമസഭയിൽ കാസർകോടിന്റെ എംഎൽഎ മാർ ഇതിനായി പ്രയത്നിക്കുകയും ചെയ്തു. ഇത് വരെ ഫലം കണ്ടില്ല എന്ന് മാത്രം.
അവസാനം പുതിയ വെളിപ്പെടുത്തലുമായി വന്ന അഷ്‌റഫ് എന്ന സഹോദരന്റെ വാക്കുകൾക്ക് നിങ്ങൾ എത്ര മാർക്ക് കൊടുത്തു എന്നറിയില്ല, ആത്മഹത്യ അല്ല കൊലപാതകമാണെന്ന് നൂറു ശതമാനം ഉറപ്പുള്ള ബഹുമാനപ്പെട്ട സി എം ഉസ്താദിന്റെ ഘാതകർ ആരാണെന്നറിയാൻ മലയാളികൾ മൊത്തം കാത്തിരിക്കുകയാണ്, അദ്ദേഹത്തിൻറെ ഫോൺ സംഭാഷണം ചൂണ്ടി കാട്ടുന്നത് പോലെ പിന്നിൽ പ്രവർത്തിച്ചത് ഒരു കൊട്ടേഷൻ സംഗം തന്നെയായിരിക്കണം.
പണത്തിന് മീതെ ഒരു ആത്മീയ നേതാവിനെ കൊന്ന് തള്ളാൻ പോലും അവർ മടിച്ചില്ലേ, വളരെ ആസൂത്രിതമായി നടന്ന കൊലപാതകത്തിന്റെ ബ്രെയിൻ മാസ്റ്റർ ആരായിരിക്കും, ഉത്തര കേരളത്തിന്റെ വിദ്യാഭാസ ശില്പിയെ ഇല്ലാതാക്കാൻ പിന്നിൽ നിന്ന് ചരട് വലിച്ചവരാരൊക്കെ, ഇതിലൂടെ അവരുടെ ലാഭമെന്തായിരുന്നു, ഒരെത്തും പിടിയും കിട്ടാത്ത പ്രഹേളികയ്ക്ക് വലിയ ഉത്തരം ആവിശ്യമുണ്ട്,
ആ ശബ്ദ രേഖ കേസിനൊരു പുത്തനുണർവ്വ് തന്നെയാണ് സമ്മാനിച്ചത്, ഇത് കേസിന്റെ അന്ത്യത്തിലേക്ക് കുതിക്കുമെന്ന് പ്രത്യാശിക്കാം.
ഘാതകർ ജനത്തിന്റെ മുന്നിൽ വരണം. നീതിപീഠം പണത്തിന് കുലുങ്ങരുത് കുറ്റവാളികൾ പുറത്ത് വരണം.ഞങ്ങളുടെ ആത്മീയ നേതാവിനെ കോലചെയ്തത് ആരാണെങ്കിലും പിടിക്കപ്പെടട്ടെ എന്ന പ്രാർത്ഥനയോടെ...
0 Comments