സംവിധായകന്‍ ഐ വി ശശി അന്തരിച്ചു

സംവിധായകന്‍ ഐ വി ശശി അന്തരിച്ചു

പ്രശസ്ഥ തെന്നിന്ത്യന്‍ ചലച്ചിത്ര സംവിധായകന്‍ ഐവി ശശി അന്തരിച്ചു. ചെന്നൈയിലെ സാലീഗ്രാമത്തിലുള്ള വീട്ടില്‍ വച്ചായിരുന്നു അന്ത്യം. 69 വയസ്സായിരുന്നു.

ഇന്ന് 11 മണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. ഏറെ നാളുകളായി അര്‍ബുദ ബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഭാര്യ സീമ തന്നെയാണ് മരണ വിവരം മാധ്യമങ്ങളെ അറിയിച്ചത്.

110 ലേറെ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ദേശീയ പുരസ്‌കാരം അടക്കം നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്.

1968ല്‍ എ.വി.രാജിന്റെ കളിയല്ല കല്ല്യാണം എന്ന സിനിമയില്‍ കലാസംവിധായകനായിട്ടായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. ഛായാഗ്രാഹ സഹായിയായും ഏറെ നാള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് സഹ സംവിധായകനായി കുറെ ചലച്ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. പിന്നീട് 27ാം വയസ്സില്‍ ആദ്യ ചിത്രം സംവിധാനം ചെയ്തു. എന്നാല്‍ ഈ ചിത്രത്തില്‍ അദ്ദേഹത്തിന്റെ പേര് ചേര്‍ത്തിരുന്നില്ല.

ആദ്യ സംവിധാനം ചെയ്തതായി അറിയപ്പെടുന്ന ചലച്ചിത്രം ഉത്സവം ആണ്. പിന്നീട് വന്ന അവളുടെ രാവുകള്‍ എന്ന സിനിമ മലയാളചലച്ചിത്ര ചരിത്രത്തിലെ തന്നെ ഒരു വിജയ ചിത്രം ആണ്. ഈ ചലച്ചിത്രം പിന്നീട് ഹിന്ദിയിലേക്കും മൊഴിമാറ്റം നടത്തിയിരുന്നു. അവളുടെ രാവുകള്‍ മലയാളത്തിലെ ആദ്യത്തെ എ വിഭാഗത്തില്‍ പെട്ട ഒരു സിനിമയായിരുന്നു. മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും ഏഴ് വീതവും തെലുങ്കില്‍ രണ്ടും സിനിമകള്‍ ചെയ്തു.

Post a Comment

0 Comments