ബി.ജെ.പിക്കെതിരെ പോരാടുന്നത് കോണ്‍ഗ്രസും യു.ഡി.എഫും മാത്രം: കുഞ്ഞാലിക്കുട്ടി

LATEST UPDATES

6/recent/ticker-posts

ബി.ജെ.പിക്കെതിരെ പോരാടുന്നത് കോണ്‍ഗ്രസും യു.ഡി.എഫും മാത്രം: കുഞ്ഞാലിക്കുട്ടി

ഉപ്പള: ഇന്ത്യയിലും കേരളത്തിലും ബി.ജെ.പിക്കെതിരെ ശക്തമായി പോരാടുന്നത് കോണ്‍ഗ്രസും യു.ഡി.എഫും മാത്രമാണെന്ന് മുസ്‌ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. കേന്ദ്ര-കേരള സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണത്തിനെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കത്തിന്റെ ഉദ്ഘാടന സമ്മേളനത്തിന്റെ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു കുഞ്ഞാലിക്കുട്ടി. മഞ്ചേശ്വരത്തും, കാസര്‍കോട്ടും ബി.ജെ.പിയോട് പടപൊരുതിയാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. ഇവിടെ മതേതര വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ എല്‍.ഡി.എഫ് ശ്രമിച്ചത്. ബി.ജെ.പിയെ എതിര്‍ക്കുന്ന കാര്യത്തില്‍ ഇടതു മുന്നണിക്ക് ഒരു ആത്മാര്‍ത്ഥതയുമില്ല. ഇന്ത്യയില്‍ വളര്‍ന്നു വരുന്ന വര്‍ഗ്ഗീയ ഫാസിസത്തിനെതിരെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ശക്തമായ പോരാട്ടം നടത്തുകയാണ്. ഇതിന്റെ വിജയം ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കാണും.
കേന്ദ്രത്തില്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ജനദ്രോഹ പരമായ ഭരണമാണ് കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. ജനങ്ങളുടെ കീശയിലുണ്ടായിരുന്ന നോട്ട് പോക്കറ്റടിച്ച പ്രധാനമന്ത്രിയാണ് നമ്മുടേത്. നോട്ടു നിരോധനത്തിന്റെ ദുരിതം ഇപ്പോഴും ജനങ്ങള്‍ അനുഭവിക്കുകയാണ്. യു.പി.എ ഭരണത്തില്‍ ഇന്ത്യ സാമ്പത്തികമായി വളര്‍ച്ച നേടിയിരുന്നു. ബി.ജെ.പി ഭരണത്തില്‍ ആരുടെയും കയ്യില്‍ കാശില്ല. ആര്‍ക്കും തൊഴിലില്ല. സാമ്പത്തിക മാന്ദ്യം രൂക്ഷമായിരിക്കുകയാണ്. ജി.എസ്.ടി നടപ്പിലാക്കിയതിന്റെ ദുരിതം കൂടി ജനങ്ങള്‍ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ഊണിനും ചായക്കും ടാക്‌സ് കൊടുക്കേണ്ട അവസ്ഥയിലാണ് ഇന്ത്യയിലെ ജനങ്ങള്‍. ഇതിനെതിരെയുള്ള പടപുറപ്പാട് കൂടിയാണ്  യു.ഡി.എഫിന്റെ പടയൊരുക്കമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Post a Comment

0 Comments