അൽവാർ: പശുരക്ഷയുടെ പേരിൽ രാജ്യത്ത് വീണ്ടും ഗുണ്ടാവിളയാട്ടം. രാജസ്ഥാനിൽ പശുരക്ഷാ പ്രവർത്തകരുടെ ആക്രമണത്തിൽ മുസ്ലിം വ്യാപാരി കൊല്ലപ്പെട്ടു. രണ്ടു സഹായികൾക്ക് മർദനത്തിൽ പരിക്കേറ്റു. അൽവാറിലെ ഗോവിന്ദ് ഗഡിനു സമീപം ഫഹാരിയിൽ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. ഉമർ മുഹമ്മദ് എന്ന വ്യാപാരി അക്രമികളുടെ വെടിയേറ്റാണ് മരിച്ചത്. ഹരിയാനയിലെ മെവാതിൽനിന്നും രാജസ്ഥാനിലെ ഭരത്പുരിലേക്ക് പശുക്കളെ ട്രക്കിൽ കൊണ്ടുവരികയായിരുന്ന മുഹമ്മദിനെയും രണ്ടു സഹായികളേയും അക്രമികൾ പതിയിരുന്നാക്രമിക്കുകയായിരുന്നു.
പരിക്കേറ്റ മുഹമ്മദിന്റെ സഹായികൾ അക്രമികളിൽനിന്ന് രക്ഷപെട്ട് ആശുപത്രിയിൽ ചികിത്സതേടി. എട്ടോളം പേരുടെ സംഘമാണ് ആക്രമിച്ചതെന്ന് ഇവർ പറയുന്നു. മുഹമ്മദിന്റേത് അപകടമരണമാണെന്ന് വരുത്തിതീർക്കാൻ അക്രമികൾ മൃതദേഹത്തിന്റെ ചില ഭാഗങ്ങളും തലയും മുറിച്ച് ട്രെയിനുമുന്നിലേക്ക് എറിഞ്ഞു. ട്രെയിൻ കയറിയിട്ടും ബുള്ളറ്റ് തുളച്ചുകയറിയ ഭാഗം കേടുപറ്റിയിരുന്നില്ല.
റെയിൽവെ പാളത്തിൽ കണ്ടെത്തിയ മൃതദേഹം പോലീസ് മോർച്ചറിയിലേക്ക് മാറ്റി. എന്നാൽ ഇതുമായി ബന്ധപ്പെട്ട് അന്വേഷണമൊന്നും നടത്തിയില്ല. ബന്ധുക്കൾ ചെരിപ്പുകണ്ടാണ് മൃതദേഹം തിരിച്ചറിഞ്ഞതെന്നും പോലീസ് സഹായം ചെയ്തില്ലെന്നും മുഹമ്മദിന്റെ ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ പോലീസ് കേസെടുക്കുന്നതുവരെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കൾ നിലപാടെടുത്തതോടെയാണ് കേസ് രജിസ്റ്റർ ചെയ്തതെന്നും പറയുന്നു.
സംഭവത്തിൽ ആൽവാർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മുഹമ്മദിന് ഭാര്യയും എട്ടു കുട്ടികളുമടങ്ങുന്ന കുടുംബമാണുള്ളത്.
0 Comments