ബാഗ്ദാദ്: ഇറാഖ്-ഇറാന്‍ അതിര്‍ത്തിക്കടുത്ത് ശക്തമായ ഭൂചലനം. ഇറാഖ് നഗരമായ ഹാലബ്ജയിലാണ് റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഭൂകമ്പത്തില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായി. മരണസംഖ്യ 130 കവിഞ്ഞതായാണ് ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മരിച്ചവരിലേറെയും ഇറാന്‍ സ്വദേശികളാണ്. ആയിരത്തോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
നിരവധി കെട്ടിടങ്ങള്‍ക്കും മറ്റും നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കാലാവസ്ഥാ നിരീക്ഷണകേന്ദ്രങ്ങള്‍ ഭൂചലനത്തെക്കുറിച്ച് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാഖ് അതിര്‍ത്തിയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള സര്‍പോളെ സഹാബ് നഗരത്തിലാണ് ഏറ്റവുമധികം മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മണ്ണിടിച്ചിലില്‍ റോഡുകള്‍ തകര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചു. റെഡ് ക്രസന്റിന്റെ 30 സംഘങ്ങളാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. പല ഗ്രാമങ്ങളിലും വൈദ്യുതി വിതരണവും ടെലഫോണ്‍ ബന്ധവും തകരാറിലായി.
ഇറാഖ് തലസ്ഥാനനഗരിയായ ബാഗ്ദാദില്‍ നിന്ന് 240 കിലോമീറ്റര്‍ അകലെയുള്ള ഹാലബ്ജയിലാണ് ആദ്യം ഭൂചലനം അനുഭവപ്പെട്ടത്. അതേസമയം, ഇറാഖിലുണ്ടായ ഭൂചലനം പാകിസ്താന്‍, കുവൈത്ത്, തുര്‍ക്കി രാജ്യങ്ങളെയും ബാധിച്ചു. പലയിടത്തും രാത്രിയോടെ ഭൂചലനം അനുഭവപ്പെട്ടു. ഇവിടെ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
0 Comments