പ്രവാസികളായ ഒ.ബി.സി, ന്യൂനപക്ഷങ്ങൾക്ക് സ്വയം തൊഴിൽ തുടങ്ങാൻ 20 ലക്ഷം വരെ വായ്പ

LATEST UPDATES

6/recent/ticker-posts

പ്രവാസികളായ ഒ.ബി.സി, ന്യൂനപക്ഷങ്ങൾക്ക് സ്വയം തൊഴിൽ തുടങ്ങാൻ 20 ലക്ഷം വരെ വായ്പ

തിരുവനന്തപുരം: ഒ.ബി.സി, മതന്യൂനപക്ഷ വിഭാഗങ്ങളിലെ പ്രവാസികൾക്കായി റീ ടേൺ എന്ന പേരിൽ പുതിയൊരു വായ്പാ പദ്ധതി കേരളപ്പിറവി ദിനത്തിൽ ആരംഭിച്ചു. നോർക്ക റൂട്ട്സിന്റെ പ്രവാസി പുനരധിവാസ പദ്ധതി പ്രകാരം പിന്നാക്ക വിഭാഗ വികസന കോർപ്പറേഷനാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് മന്ത്രി എ.കെ.ബാലൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വിദേശങ്ങളിൽ നിന്ന് മടങ്ങിയെത്തുന്നവർക്ക് സ്വയം തൊഴിലിനാണ് വായ്പ. ഡയറി ഫാം, ഫൗൾട്രി ഫാം, അക്വാകൾച്ചർ, ബേക്കറി, സാനിറ്ററി ഷോപ്പ്, ഹാർഡ് വെയർ ഷോപ്പ്, ഫർണീച്ചർ ഷോപ്പ്, റസ്റ്റോറന്റ്, ടാക്സി, പിക്കപ്പ് വാഹനങ്ങൾ, ബ്യൂട്ടി പാർലർ, ഹോളോബ്രിക്സ് യൂണിറ്റ്, പ്രൊവിഷൻ സ്റ്റോർ, ഡ്രൈവിംഗ് സ്കൂൾ, ഫിറ്റ്‌‌നെസ് സെന്റർ, സൂപ്പർ മാർക്കറ്റ്, ഫുഡ് പ്രോസസിംഗ് യൂണിറ്റ്, ഓർക്കിഡ് കൃഷി, റെഡിമെയ്ഡ് ഗാർമെന്റ് യൂണിറ്റ്, ഫ്ളോർ മിൽ, ഡ്രൈക്ളീനിംഗ് സെന്റർ, ഫോട്ടോ സ്റ്റാറ്റ്, ഡി.ടി.പി സെന്റർ, മൊബൈൽ ഷോപ്പ്, ഫാൻസി, സ്റ്റേഷനറി സ്റ്റോർ, മിൽമ ബൂത്ത്, പഴം, പച്ചക്കറി വില്പനശാല, ഐസ്ക്രീം പാർലർ. മീറ്റ് സ്റ്റാൾ, ബുക്ക് സ്റ്റാൾ, സിവിൽ എൻജിനിയറിംഗ് കൺസൾട്ടൻസി, എൻജിനിയറിംഗ് വർക്ക് ഷോപ്പ്, ഡിജിറ്റൽ സ്റ്റുഡിയോ, വീഡിയോ പ്രൊഡക്ഷൻ യൂണിറ്റ്, മെഡിക്കൽ ഡിജിറ്റൽ സ്റ്റുഡിയോ, വീഡിയോ പ്രൊഡക്ഷൻ യൂണിറ്റ്, മെഡിക്കൽ ക്ളിനിക്, വെറ്റിനറി ക്ളിനിക്ക് തുടങ്ങിവ തുടങ്ങുന്നതിന് 20 ലക്ഷം രൂപ വരെ വായ്പ നൽകും. 18 നും 65 നും ഇടയിൽ പ്രായമുളളവരും പ്രവാസ ജീവിതത്തിനുശേഷം നാട്ടിൽ സ്ഥിരതാമസമാക്കിയവർക്കാണ് വായ്പ.

ഗ്രാമങ്ങളിൽ 98,000 രൂപ വരെയും നഗരങ്ങളിൽ 1,20,000 രൂപ വരെയും വാർഷിക വരുമാനമുളള ഒ.ബി.സിക്കാർക്ക് അഞ്ച് ലക്ഷം രൂപ വരെ ആറ് ശതമാനം പലിശയ്ക്കും 20 ലക്ഷം രൂപ വരെ വരുമാനമുളളവർക്ക് ഏഴ് ശതമാനം പലിശ നിരക്കിലുമാണ് വായ്പ. ഇതേ വരുമാന പരിധിയിൽ ന്യൂനപക്ഷങ്ങളിലെ സ്ത്രീകൾക്ക് 6 ശതമാനത്തിനും പുരുഷൻമാർക്ക് 8 ശതമാനത്തിനും വായ്പ നൽകും. വായ്പ എടുക്കുന്നവർക്ക് 15 ശതമാനം വരെ മൂലധന സബ്സിഡി നോർക്ക റൂട്ട്സ് അനുവദിക്കും. പരമാവധി സബ്സിഡി മൂന്ന് ലക്ഷം. സ്ഥാപനം നാല് വർഷം പ്രവർത്തിച്ചാലേ സബ്സിഡി ലഭിക്കൂ. തിരിച്ചടവിന്റെ ആദ്യ നാല് വർഷങ്ങളിൽ മൂന്ന് ശതമാനം പലിശ സബ്സിഡിയും അനുവദിക്കും. 20 ലക്ഷം വായ്പ എടുക്കുന്നവർക്ക് 18.50 ലക്ഷം തിരിച്ചടച്ചാൽ മതി. ലളിതമായ ജാമ്യവ്യവസ്ഥയിലാണ് വായ്പ നൽകുക. വായ്പ കിട്ടണമെങ്കിൽ നോർക്ക റൂട്ട്സിൽ രജിസ്റ്റർ ചെയ്യണം. നോർക്കയിൽ നിന്നുള്ള ശുപാർശ കത്തുമായി കോർപ്പറേഷന്റെ ജില്ലാ, ഉപജില്ലാ ഓഫീസുകളിൽ എത്തിയാൽ നവംബർ 10 മുതൽ അപേക്ഷ ഫാറം ലഭിക്കും.

Post a Comment

0 Comments