കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസില്‍ സാക്ഷികളില്‍ ചിലര്‍ കൂറുമാറാന്‍ സാധ്യതയുണ്ടെന്നു പോലീസ്. നാദിര്‍ഷ, കാവ്യാമാധവന്‍, സിദ്ധിഖ്, റിമി ടോമി തുടങ്ങിയ സാക്ഷികള്‍ വിചാരണയില്‍ മൊഴിമാറ്റിയേക്കാം. കേസില്‍ കൂറുമാറുന്നവരെ പ്രതിയാക്കി കേസെടുക്കാനും പോലീസ് ആലോചിക്കുന്നുണ്ട്. പള്‍സര്‍ സുനിയെ ജയിലില്‍ സഹായിച്ചവരെ മാപ്പുസാക്ഷികളാക്കാനൊരുങ്ങി അന്വേഷണസംഘം.
ജയിലില്‍ സുനിക്കു ഫോണും സിംകാര്‍ഡും എത്തിച്ചുകൊടുത്ത ഇടപ്പള്ളി സ്വദേശി വിഷ്ണു, ജയിലിലും പുറത്തും ഈ ഫോണുപയോഗിച്ച മേസ്തിരി സുനില്‍, കത്തെഴുതാന്‍ സഹായിച്ച സഹതടവുകാരനായ വിപിന്‍ലാല്‍ എന്നിവരില്‍ രണ്ടുപേരെ മാപ്പുസാക്ഷിയാക്കാനാണു നീക്കം. നടി മഞ്ജു വാര്യരില്‍നിന്നു രണ്ടുതവണ പോലീസ് വിവരശേഖരണം നടത്തിയെങ്കിലും സാക്ഷിയാവാന്‍ താല്‍പര്യമില്ലെന്നാണ് അവര്‍ അറിയിച്ചത്.
കാവ്യാമാധവന്റെ ഓണ്‍െലെന്‍ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ പള്‍സര്‍ സുനി എത്തിയിരുന്നെന്ന നിര്‍ണായക മൊഴിയില്‍നിന്നു സാക്ഷി നേരത്തെ പിന്‍മാറിയിരുന്നു. കഴിഞ്ഞമാസം 27 നു, ജാമ്യത്തിനായി ദിലീപ് നല്‍കിയ ഹര്‍ജിയില്‍ പ്രോസിക്യൂഷന്റ വാദം നടക്കുമ്പോഴായിരുന്നു ഇക്കാര്യം കോടതിയെ അറിയിച്ചത്. നടിയെ ആക്രമിച്ച കേസില്‍ കൂറുമാറിയ ആദ്യ സാക്ഷിയാണിത്.
കാവ്യാമാധവന്റെ ഡ്രൈവര്‍ സുനില്‍ ലക്ഷ്യയിലെ ഈ മുന്‍ജീവനക്കാരനെ 41 തവണ ഫോണില്‍ വിളിച്ചിരുന്നുവെന്നതിനു പുറമേ ഇയാളുടെ ആലപ്പുഴയിലുള്ള വീട്ടില്‍ എത്തിയിരുന്നെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. ഇത്തരം ഇടപെടലുകളെത്തുടര്‍ന്നാണ് ഇയാള്‍ മൊഴി മാറ്റിയതെന്നാണു സൂചന. ഇതോടെ കേസില്‍ നിര്‍ണായക തെളിവാണു പോലീസിനു നഷ്ടമായത്. കേസിലെ സാക്ഷി കൂറുമാറിയെന്ന വിവരം കഴിഞ്ഞമാസം 24 നു പുറത്തുവിട്ടത് ''മംഗളം'' ടെലിവിഷനായിരുന്നു. സിനിമാ മേഖലയില്‍ പ്രബലനായ ദിലീപ് ജയിലില്‍ കിടന്നുകൊണ്ടും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണെന്ന് ഈ സംഭവം ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.
സുനിയെ ഫോണ്‍ വിളിക്കാന്‍ സഹായിച്ച കളമശേരി ക്യാമ്പിലെ അനീഷ് എന്ന പോലീസുകാരനെ മാപ്പുസാക്ഷിയാക്കാനുള്ള നീക്കം കോടതി അനുവദിക്കാത്തതിനാല്‍ നടന്നില്ല. കേസില്‍ ഇയാളെ പ്രതിയാക്കേണ്ടതായും വന്നിട്ടുണ്ട്. പ്രതിക്കു ഫോണ്‍ നല്‍കിയതു വിവരങ്ങള്‍ ചോര്‍ത്തി അന്വേഷണസംഘത്തിനു െകെമാറാനായിരുന്നുവെന്നാണ് അനീഷിന്റെ വാദം. പക്ഷേ പോലീസ് ഇതു മുഖവിലയ്‌ക്കെടുത്തില്ല. ദിലീപിനു കേസില്‍ നേരിട്ടു ബന്ധമില്ലെന്നിരിക്കേ സാഹചര്യത്തെളിവുകളും സാക്ഷിമൊഴികളുമാണ് ഈ കേസുമായി നടനെ ബന്ധിപ്പിക്കുന്നതെന്നു പോലീസ് വ്യക്തമാക്കുന്നുണ്ട്. ഈ തെളിവുകളെല്ലാം നടനെതിരേയാണെന്ന ഉറച്ച നിലപാടിലുമാണു പോലീസ്.
0 Comments